കൊച്ചി: രാമചരിതത്തെയും രാമായണത്തെയും അതിജീവിക്കാന്‍ ഒരു കാവ്യത്തിനും കഴിയില്ലെന്ന് സിവില്‍സപ്ലൈസ് കമ്മീഷണര്‍ ഡോ. രാജുനാരായണസ്വാമി പറഞ്ഞു. എളമക്കര മാനസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ രാമായണപാരായണത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്റെ സന്മാര്‍ഗശാസ്ത്രം സംസ്ക്കാരത്തില്‍ നിലനില്‍ക്കുന്ന സ്നേഹമാണ്. നല്ലൊരു മനുഷ്യനായി ജീവിക്കാനാണ് രാമായണം ആഹ്വാനം ചെയ്യുന്നത്. ആത്മീയതയിലധിഷ്ഠിതമായ കഴിവുകൊണ്ട് നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അന്തര്യാമിനിയുടെ സ്പന്ദനങ്ങള്‍കൊണ്ട് നാളെ നന്നായി ജീവിക്കുക. മാനവസേവയാണ് യഥാര്‍ത്ഥ സേവയെന്ന് മനസ്സില്‍ ഉറച്ചുകൊണ്ട് പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാമായണോത്സവം സമാപനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ കാവാലം ശ്രീകുമാറിന് കവി എസ്.രമേശന് നായര്‍ ‘രാമായണശ്രീ’ പുരസ്കാരം നല്കി ആദരിച്ചു. രാമായണശ്രീ പുരസ്ക്കാരം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ശ്രീരാമതത്വങ്ങള് പ്രചരിപ്പിക്കുന്ന സംഘത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓരോ കുടുംബത്തിലും പോയി രാമായണപാരായണം നടത്തുക, രാമായണസന്ദേശം വീടുകളിലെത്തിക്കുക, കുടുംബബന്ധം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാമായണോത്സവം സംഘടിപ്പിച്ചത്. അപമര്യാദാ പുരുഷോത്തമന്മാരുടെ കാലത്ത് രാമായണതത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് പ്രഭാഷണത്തില്‍ കവി എസ്.രമേശന് നായര്‍ പറഞ്ഞു. മനസ്സില്‍ ഈശ്വരീയമായ വെളിച്ചം സ്വായത്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് നടന്ന രാമായണോത്സവം സമാപനചടങ്ങ് മാനവസേവാസമിതി അധ്യക്ഷന്‍ എ.പ്രസാദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കുട്ടികൃഷ്ണന് സ്വാഗതം പറഞ്ഞു. മാതൃസമിതി രക്ഷാധികാരി ഡോ. സി.എന്‍.ലളിത ആശംസയര്‍പ്പിച്ചു. ഉദ്ഘാടകന്‍ ഡോ. രാജുനാരായണസ്വാമിക്ക് മാനവസേവാസമിതിയുടെ ഉപഹാരം അധ്യക്ഷന്‍ എ.പ്രസാദ് കുമാര്‍ കൈമാറി. മാതൃസമിതി അധ്യക്ഷ പ്രസന്ന ബാഹുലേയന് നന്ദി പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: