നാരീസ്തനഭരനാഭീദേശം
ദൃഷ്ട്വാ മാ ഗാ മോഹാവേശം
ഏതന്മാസവസാദി വികാരം
മനസി വിചിന്തയ വാരം വാരം
ഈ ശ്ലോകത്തില്‍ സ്ത്രീഭോഗത്തിനുള്ള കാമത്തെവിടാന് ഉപദേശിക്കുന്നു. സ്ത്രീ പുരുഷന്മാര് തമ്മിലുള്ള ബന്ധം സ്വാഭാവികമാണ്. ഈ ചോദനയെ ശരിയാംവണ്ണം നിയന്ത്രിച്ച് ശുദ്ധവും പാവനവുമാക്കിത്തീര്ക്കണം. വിവേകബുദ്ധിയുള്ള മനുഷ്യന് മാത്രമേ അതിന് കഴിയൂ. ഇതാണ് മനുഷ്യന്റെ മഹത്വവും. ആരംഭദശയില്‍ ഈ സാധന വിഷമം പിടിച്ചതായി തോന്നാം. ബുദ്ധിയാണ് ശ്രേഷ്ഠസാദ്ധ്യതകളെയും ഉന്നതാശയങ്ങളെയും വിഭാവനം ചെയ്യുക. പ്രസ്തുത വീക്ഷണം സഫലീകരിക്കുന്നതിന് സംസ്കരിച്ച് പാകപ്പെടുത്തിയ മനസ്സിന്റെ സഹായത്താല്‍ ശരീരത്തിന്റെ ഭോഗലാലസതയെ ബുദ്ധി തടയുകയും സര്‍വകഴിവുകളും ആത്മശ്രേയസ്സിനായി വിനിയോഗിക്കുകയും ചെയ്യുന്നു. കാലം മനുഷ്യന്റെ ആന്തരികവ്യക്തിത്വം വികസിപ്പിക്കുന്നു. നൈസര്‍ഗികവാസനകളുടെ ഒഴുക്കിനെ നിയന്ത്രിച്ച് ബുദ്ധിസമ്മതമായ വഴിയിലൂടെ തിരിച്ചുവിടുന്ന ഈ പ്രക്രിയയാണ് ‘പ്രതിപക്ഷഭാവന’.
വിഷയസേവയിലൂടെ കായികശക്തി ചോര്‍ത്തിക്കളയുന്ന മനുഷ്യന്റെ വിവേകശൂന്യതക്ക് പരിഹാരമായ സമര്‍ത്ഥമായൊരു ചിന്താശക്തിയാണ് ശ്രീശങ്കരന് ഇവിടെ അവതരിപ്പിക്കുന്നത്. പ്രിയതമയുടെ ബാഹ്യസൗന്ദര്യത്തിന്റെ യാഥാര്ത്ഥസ്വരൂപം മനസ്സില്‍ കാണാന്‍ കഴിഞ്ഞാല്‍- ജുഗുപ്സാവഹമായ വസ്തുക്കളാണ് ആ മോഹനരൂപത്തിലെ ഘടകങ്ങള്‍ എന്നറിയാന്‍ കഴിഞ്ഞാല്‍- അതിനോടുള്ള ഭ്രമം നീങ്ങും. ബാഹ്യദൃഷ്ടിക്ക് ആകര്‍ഷകമായിത്തോന്നുന്നത് അന്തര്‍ദൃഷ്ടിക്ക് ജുഗുപ്സാവഹമായിക്കാണാം. അങ്ങനെ അതിനോടുള്ള അഭിനിവേശം തനിയെ നീങ്ങും. ഈ നിലക്കുള്ള പ്രതിപക്ഷഭാവന കൊണ്ട് വേണം മനസ്സിനെ ഉത്ബുദ്ധമാക്കാന്. തന്റെ ഈ ശ്ലോകത്തിലൂടെ മാംസദാഹം എന്ന വ്യാമോഹത്തെ ശ്രീശങ്കരന് ശമിപ്പിക്കുന്നു.
വ്യാഖ്യാനം- സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: