തിരുവനന്തപുരം: ഹൈന്ദവസംസ്കാരം മഹത്തരമാണെന്നും ശ്രീകൃഷ്ണനെ അവഹളിക്കുന്ന രീതിയില്‍ താന്‍ സംസാരിച്ചുവെന്ന വിവാദം ദുഃഖകരമാണെന്നും ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ചാനല്‍ ചര്‍ച്ചാവേളയില്‍ എല്ലായിടത്തുമുള്ള കര്‍ഷക പ്രശ്നങ്ങളില്‍ എന്തുകൊണ്ട് എത്തുന്നില്ല എന്ന അവതാരകന്റെ ചോദ്യത്തിന് എല്ലായിടത്തും ഒരുമിച്ചെത്താന്‍ താന്‍ മനുഷ്യന്‍മാത്രമാണ്, ദൈവമല്ലല്ലോ എന്നുമാത്രം പറയാനാണ് ശ്രീകൃഷ്ണനെ പരാമര്‍ശിച്ചത്. ശ്രീകൃഷ്ണനെപ്പോലെയുള്ള മഹത്തായ ദൈവിക അവതാരങ്ങള്‍ക്ക് എല്ലായിടത്തും എത്താന്‍കഴിയും എന്നതുമാത്രമാണ് ഉദ്ദേശിച്ചത്. ആരുടെയെങ്കിലും വിശ്വാസത്തെയോ വികാരത്തെയോ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന പ്രസ്താവനയല്ല അത്. ഹൈന്ദവ സംസ്കാരത്തെ ഒരിക്കലും ചെറുതായി കണ്ടിട്ടുള്ള വ്യക്തിയല്ല താന്‍. ഭാരതസംസ്കാരത്തിന്റെ പ്രതീകങ്ങള്‍ ക്ഷേത്രങ്ങളാണെന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്ത്തകന് കൂടിയാണ് താന്‍. ശബരിമലക്ഷേത്രത്തിന്റെ വികസനത്തിനുവേണ്ടി എന്നുംസജീവമായി നിലനിന്നിട്ടുണ്ട്. എരുമേലി ടൗണ്‍ഷിപ്പാക്കി മാറ്റി ശബരിമല തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യവുമൊരുക്കാന്‍ യത്നിച്ചിട്ടുണ്ട്. പൂഞ്ഞാര്‍ മുരുകന് മലയില്‍ ക്ഷേത്രത്തിനുവേണ്ടി 25 ഏക്കര്‍ ഭൂമി ലഭ്യമാക്കാന്‍ പ്രയത്നിച്ചയാളാണ് താന്‍. അങ്ങനെയുള്ള താന്‍ ശ്രീകൃഷ്ണനെക്കുറിച്ച് ഒരിക്കലും മോശമായി ചിന്തിച്ചിട്ടില്ല. ചര്‍ച്ചയില്‍ യാദൃശ്ചികമായി പറഞ്ഞ ഒരു പരാമര്‍ശം വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് വളരെയധികം വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, തനിക്കെതിരെ നാട്ടിലെ എല്ലാ തീവ്രവാദ-മാഫിയാ ശക്തികളും തിരിഞ്ഞിരിക്കുകയാണെന്നും സമീപകാലത്തെ എതിര്‍പ്പിനു പിന്നില്‍ അവരാണെന്നും ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് കൊല്ലത്ത് പറഞ്ഞു. നെല്ലിയാമ്പതിയില്‍ മാത്രമല്ല, ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലൊന്നും കര്‍ഷകര്‍ക്ക് പട്ടയം കൊടുത്തിട്ടില്ല. ലീസ് കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന തീരുമാനത്തിന് എതിരല്ല. ലീസ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നതിനോടും വിയോജിപ്പില്ല. കര്‍ഷകര്‍ക്കുണ്ടാവുന്ന നഷ്ടങ്ങളെ കുറിച്ച് ആരും സംസാരിക്കുന്നില്ല.
വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി (വിഎസ്എസ്) ദക്ഷിണമേഖല സമ്മേളനം കൊല്ലം സി.എസ്.ഐ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: