കുട്ടനാടന്‍ മെയ്ക്കരുത്തിന്റെയും കൈക്കരുത്തിന്റെയും മാമാങ്കത്തിന് 60 വയസ്. ആഗസ്റ്റ് 11ന് ഉച്ചയ്ക്ക് 2ന് ആലപ്പുഴ പുന്നമട കായലില്‍ നടക്കുന്നത് 60-ാമത് നെഹ്റുട്രോഫി ജലോത്സവമാണ്. ജലമാമാങ്കത്തിന്റെ അറുപതാം വാര്‍ഷികം കരക്കാരും വള്ളംകളി പ്രേമികളും ജില്ലാ ഭരണകൂടവും ഗംഭീര ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്.
കുട്ടനാടന്‍ ജനതയുടെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ജലമേള ഇന്ന് വിശ്വപ്രസിദ്ധമാണ്. ലക്ഷക്കണക്കിന് വിദേശികളുള്‍പ്പെടെയുള്ളവരെ പുന്നമടയിലേക്ക് ആകര്‍ഷിക്കുന്നതും ഈ സംസ്കാരത്തിന്റെ തെളിഞ്ഞ തനിമ ഒന്ന് മാത്രമാണ്. കുട്ടനാടന്‍ ഗ്രാമീണതയും തനിമയും കായല്‍ സഞ്ചാരവും പ്രകൃതിഭംഗിയുമെല്ലാം തന്നെ വിദേശികളെ പോലെ തന്നെ സ്വദേശികളെയും ആകര്‍ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ഓരോ വര്‍ഷവും ഏറിവരുന്ന ജനസഞ്ചയത്തിലൂടെ വ്യക്തമാകുന്നത്.
കുട്ടനാട്ടുകാരുടെ ഓണവും ഉത്സവവുമെല്ലാം ഈ ജലമേളയാണ്. രാജ്യത്തിന്റെ എവിടെയായാലും കുട്ടനാട്ടുകാര്‍ നെഹ്റുട്രോഫി നാളില്‍ നാട്ടിലെത്തും, ആര്‍പ്പുവിളിക്കാന്‍. തങ്ങളുടെ കരയുടെ വള്ളത്തെ പ്രോത്സാഹിപ്പിക്കാന്‍. വിജയിപ്പിക്കാന്‍ നെഹ്റുട്രോഫിയില്‍ മുത്തമിടാന്‍.
ഓരോ വള്ളവും കരക്കാര്‍ക്ക് പൊന്നോമനകളാണ്, അഭിമാനവും. പണ്ട് കൂട്ടായ്മയുടെയും കരയുടെ കൈക്കരുത്തും, മെയ്ക്കരുത്തും പ്രകടമാക്കാനുള്ള ഒരു വിനോദമേളയായിരുന്നു.
എന്നാലിന്ന് തുഴച്ചിലില്‍ കുട്ടനാട്ടുകാരുടെ സാന്നിധ്യം പരിമിതമാണ്. പണ്ട് കുട്ടനാട്ടുകാര്‍ മാത്രമായി തുഴഞ്ഞിരുന്ന ജലമേളയില്‍ ഇന്ന് അവരുടെ ആധിപത്യം തകരുകയാണ്. കോട്ടയത്തെയും, കൊല്ലത്തെയും ആള്‍ക്കാരാണ് ഭൂരിഭാഗം തുഴച്ചില്‍ക്കാരും. കുട്ടനാടന്‍ ജനത തുഴച്ചില്‍ മറക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തങ്ങള്‍ തുഴയുന്നില്ലെങ്കിലും വെള്ളവും വള്ളവും തങ്ങള്‍ക്കിന്നും ആവേശമാണെന്ന് ഓരോ കുട്ടനാട്ടുകാരനും പറയുന്നു. അതുകൊണ്ടുതന്നെയാണ് ലോകത്തെവിടെയായാലും നെഹ്റുട്രോഫി നാളില്‍ അവര്‍ നാടണയുന്നത്.
തുഴച്ചില്‍ക്കാരെ ക്ലബുകള്‍ പണമൊഴുക്കി സ്വന്തമാക്കുമ്പോള്‍ ഐപിഎല്ലിനെ വെല്ലുന്ന പോരാട്ടവീര്യമാണ് ജലോത്സവത്തിനുള്ളത്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ചിട്ടയായ പരിശീലനം, കയ്യും മെയ്യും മറന്ന് ലക്ഷ്യത്തിലേക്കുള്ള പ്രയാണം മാത്രം. ഇന്ന് വള്ളംകളിയില്‍ ഒരു വള്ളം പങ്കെടുക്കുന്നതിന് ലക്ഷങ്ങളുടെ ചിലവാണ്. ചിലപ്പോള്‍ അത് കോടികള്‍ വരെയെത്തും.
1952 ഡിസംബര്‍ 22ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു കുട്ടനാട് സന്ദര്‍ശിച്ചപ്പോള്‍ നെഹ്റുവിനെ വരവേല്‍ക്കാന്‍ വള്ളത്തിലാണ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന് ചുണ്ടന് വള്ളങ്ങളുടെ മത്സരവും നടത്തി. കായലില്‍ എട്ട് മുളകള്‍ നാട്ടി ട്രാക്ക് തിരിച്ച് എട്ട് ചുണ്ടന് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. രാവിലെ 11ന് തുടങ്ങിയ മത്സരം 10 മിനിറ്റ് കൊണ്ട് സമാപിച്ചെങ്കിലും നെഹ്റുവിന്റെ മനസില്‍ ഇത് ആവേശത്തിരയിളക്കി. ആവേശം മൂത്ത അദ്ദേഹം നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി.
തന്നോടൊപ്പമുണ്ടായിരുന്ന മക്കളേയും കൊച്ചുമക്കളേയും മറന്ന് അദ്ദേഹം നടുഭാഗം ചുണ്ടനില്‍ കയറി ആലപ്പുഴയ്ക്ക് യാത്രയായി. നെഹ്റുവിനോടൊപ്പമുണ്ടായിരുന്ന ഇന്ദിരാഗാന്ധിയും മക്കളും മറ്റൊരു ബോട്ടില്‍ കയറിയാണ് ആലപ്പുഴയിലെത്തിയത്. നെഹ്റുവിന്റെ ജലമേളയുടെ കൗതുക വിസ്മയത്തില്‍ നിന്നാണ് നെഹ്റുട്രോഫി ജന്മമെടുക്കുന്നത്. ഡല്‍ഹിയിലെത്തിയ ശേഷം തന്റെ കയ്യൊപ്പോടെയുള്ള രജത നിര്‍മിത ട്രോഫി സംഘാടകര്‍ക്ക് അയച്ചുകൊടുത്തു. പിന്നീട് അത് പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി എന്ന പേരില്‍ അറിയപ്പെട്ടു. നെഹ്റുവിന്റെ മരണശേഷം ഇത് നെഹ്റുട്രോഫിയായി.
വള്ളങ്ങള്‍ക്ക് ജന്മം നല്കുന്ന തച്ചനെയും കൊല്ലപ്പണിക്കാരനേയും ആരും ഓര്‍ക്കാറില്ല. ഒരു തപസ്യയായി വ്രതം നോറ്റ് വള്ളം നിര്‍മിക്കുന്ന തച്ചന് നിര്‍മിച്ച ചുണ്ടന് വിജയിച്ചോയെന്ന് ആള്ക്കാര് പറഞ്ഞാണ് തച്ചന് അറിയുക. വള്ളം പണിത് കൊടുത്ത് കഴിഞ്ഞാല്‍ തച്ചനെ ആരും തിരിഞ്ഞുനോക്കാറില്ല. ചുണ്ടന് വള്ളങ്ങളെ ഇന്നത്തെ രീതിയില്‍ മെനഞ്ഞെടുത്തത് എടത്വാ കോഴിമുക്ക് ഓടാശാരി തെക്കേപറമ്പില്‍ നാരായണന് ആചാരിയുടെ കുടുംബമാണ്. മിന്നല്‍ വേഗത്തില്‍ കായല്‍പ്പരപ്പിലൂടെ പായുന്ന കരിനാഗങ്ങളെ സൃഷ്ടിക്കുമ്പോഴും അതിന് ശേഷമുള്ള അവഗണന പലപ്പോഴും വേദനയുണ്ടാക്കിയിട്ടുണ്ടെന്ന് നാരായണന് ആചാരിയും മകന് ഉമാമഹേശ്വരനും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇതുപോലെ തന്നെയാണ് കൊല്ലപ്പണിക്കാരന്റെയും സ്ഥിതി. ചുണ്ടന് വള്ളങ്ങളുടെ ഇരുമ്പ് കൂടാതെ പിത്തള പണിയും, തടികള്ക്കിടയിലുള്ള ഇരുമ്പുപിടിപ്പിക്കുന്ന കൊല്ലന്മാരെയും ആരും തിരിഞ്ഞുനോക്കാറില്ല.
നെഹ്റുട്രോഫി ജലമേളയെ കേരളത്തിന്റെ ആവേശമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് ആകാശവാണിയാണ്. നെഹ്റുട്രോഫി നാളില്‍ ആകാശവാണി തല്‍സമയ ദൃക്സാക്ഷിവിവരണമാണ് നല്‍കിയിരുന്നത്. ടെലിവിഷന്‍ വരുന്നതിന് മുന്‍പ് വരെ ആകാശവാണിയായിരുന്നു ശ്രോതാക്കളുടെ ഏകാശ്രയം. വള്ളംകളിക്ക് പോകാന്‍ കഴിയാത്ത മലയാളികളെ മത്സരവേദിയിലെത്തിക്കുന്ന ആവേശോജ്വലമായ ദൃക്സാക്ഷി വിവരണമായിരുന്നു ആകാശവാണിയുടേത്. ദൃക്സാക്ഷി വിവരണത്തിന്റെ ആവേശത്തില്‍ വരും വര്‍ഷങ്ങളില്‍ നെഹ്റുട്രോഫി കാണാനെത്തിയവര്‍ നിരവധിയാണ്. അത്രയ്ക്ക് തന്മയത്വത്തോടെയും ആവേശത്തോടെയും നടത്തിയ ദൃക്സാക്ഷി വിവരണവും ഇന്നും പഴമക്കാര്‍ മറന്നിട്ടില്ല.
നാഗവള്ളി.ആര്.എസ്.കുറുപ്പ്, ജോസഫ് കൈമാപ്പറമ്പന്‍, രവീന്ദ്രന്‍നായര്‍, പി.ഡി.ലൂക്ക്, സതീഷ് ചന്ദ്രന്, ഗ്രിഗറി, ചുങ്കം സോമന്, ജി.ബാലചന്ദ്രന് എന്നിവരും ശ്രോതാക്കളെ ആവേശം കൊള്ളിച്ചവരാണ്. ചാനലുകള്‍ കടന്നുവന്നെങ്കിലും ഇന്നും ആകാശവാണിയുടെ ദൃക്സാക്ഷിവിവരണം കേള്‍ക്കാന്‍ ആള്ക്കാര് കാതോര്‍ക്കുന്നു.
മാസങ്ങള്‍ നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ആയിരങ്ങള്‍ പങ്കെടുക്കുന്ന ജലമേള നടക്കുന്നത്. ജലമേളയെ സ്പോര്‍ട്സ് ഇനമായി പ്രഖ്യാപിക്കുമെന്ന് മന്ത്രിമാര്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഇന്നും അത് ജലരേഖയായി തുടരുകയാണ്. ഓരോ വള്ളംകളിക്കും മന്ത്രിമാരെത്തി ഓരോരോ പ്രഖ്യാപനങ്ങള്‍ നടത്തുന്നതല്ലാതെ ഒന്നും തന്നെ നടപ്പിലാകുന്നില്ല. കായികയിനമായി അംഗീകരിക്കുന്നതിന് ഏഴ് ജില്ലകളിലെങ്കിലും ഇത്തരം മത്സരങ്ങള്‍ നടക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.
വിജയിക്കുന്ന ചുണ്ടന് ലക്ഷക്കണക്കിന് രൂപയാണ് ലഭിക്കുക. നിരവധി ട്രോഫികളും സ്പോണ്‍സര്‍മാര്‍ നല്കുന്ന മറ്റ് ട്രോഫികളും ലഭിക്കും. ഫൈനലില്‍ എത്തുന്ന നാലും, ലൂസേഴ്സ് ഫൈനലിലെത്തുന്ന നാലും ചുണ്ടന് വള്ളങ്ങള്‍ക്ക് ബോണസായി 2,33,750 രൂപ വീതമാണ് ലഭിക്കുക. ഇതുവരെ നെഹ്റുട്രോഫി ജലോത്സവത്തില്‍ അറുപതിന് മുകളില്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഇക്കുറി നെഹ്റുട്രോഫി ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത് ലോകസഭാ സ്പീക്കര്‍ മീരാകുമാറാണ്.
ദേശാന്തരങ്ങള്‍ കടന്ന് നെഹ്റുട്രോഫി മുന്നേറുമ്പോഴും പോരായ്മകള്‍ പരിഹരിക്കുന്നതില്‍ അധികൃതര്‍ പലപ്പോഴും പരാജയപ്പെടുകയാണ്. കൃത്യമായ പദ്ധതികളോ, ക്രമീകരണങ്ങളോ ഇല്ലാതെയും പലപ്പോഴും വള്ളംകളി പ്രേമികളെ പോലും ഉള്‍പ്പെടുത്താത്ത കമ്മറ്റികളുമാണ് വള്ളംകളി നടത്തിപ്പിന് നേതൃത്വം നല്‍കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ആലപ്പുഴയ്ക്ക് മാത്രം സ്വന്തമായ നെഹ്റുട്രോഫി കൂടുതല്‍ മികവുറ്റതും കരുത്തുറ്റതുമാക്കാന്‍ വള്ളംകളി പ്രേമികളോടൊപ്പം നമുക്കും ആര്‍പ്പുവിളിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: