സാമൂഹ്യവിപത്തായ ലഹരി ഉപയോഗത്തിനെതിരെ അതിശക്തമായ ഭാഷയില്‍ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കുകയാണ് നിര്‍മ്മല. ലഹരി വിമുക്ത കുടുംബം, ലഹരി വിമുക്ത കേരളം എന്ന പേരില്‍ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഓട്ടന്തുള്ളന് അഞ്ഞൂറിലേറെ വേദികളില്‍ അവതരിപ്പിച്ച് കാഴ്ചക്കാരില്‍ തിരിച്ചറിവിന്റെ കിരണങ്ങള്‍ എയ്തു വിടുകയാണ് ഈ കലാകാരി. ഓട്ടന്‍തുള്ളലിലും നൃത്തരംഗത്തും അടിസ്ഥാന യോഗ്യതകളൊന്നുമില്ലാത്ത ഈ കലാകാരി കഠിന പ്രയത്നത്തിലൂടെ നേടിയെടുത്തത് രണ്ട് ദേശീയ പുരസ്കാരങ്ങളാണ്. ഡോ.അംബേദ്കര്‍ ഫെല്ലോഷിപ്പ്, മഹാത്മാ ഭൂലെ നാഷണല്‍ ഫെല്ലോഷിപ്പ് എന്നിവയാണ് ഇവര്‍ക്ക് ദേശീയ തലത്തില്‍ കിട്ടിയ അംഗീകാരങ്ങള്‍. കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ബോധവത്കരണ ഓട്ടന്തുള്ളല് അവതരിപ്പിച്ച് ജനശ്രദ്ധയാകര്‍ഷിച്ച നിര്‍മ്മല ഡല്‍ഹി, മുംബൈ, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും പരിപാടി നടത്തിയിട്ടുണ്ട്. വിവിധ മലയാളി സംഘടനകളുടെ സഹകരണത്തോടെ ഇന്ത്യയില്‍ നാനാഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരി ഇപ്പോള്‍.
ശാസ്ത്രീയമായി ഓട്ടന്തുള്ളല് അഭ്യസിക്കാതെയാണ് സ്വന്തമായി എഴുതിയ കഥയുമായി നിര്‍മ്മല തെരുവിലേക്കിറങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂര്‍ ഓണക്കുന്ന് സ്വദേശിനിയാണ് ഇവര്‍. ഭര്‍ത്താവ് രവീന്ദ്രന്റെയും മക്കളായ ഇവന്റ് മാനേജ്മെന്റ് സ്ഥാപന ഡയര്ടറായ മൂത്ത മകള്‍ അനിലയുടെയും മണിപ്പാലില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ അഖിലയുടെയും പൂര്‍ണ്ണ പിന്തുണ ഈ രംഗത്ത് നിര്‍മ്മലക്ക് നല്‍കുന്നുണ്ട്.
തുള്ളല്‍ വഴിയിലെത്തിയ കഥ നിര്‍മ്മല വിവരിച്ചതിങ്ങനെയാണ്. ചെറുപ്പത്തില്‍ത്തന്നെ ഓട്ടന്തുള്ളല് ഇഷ്ടമായിരുന്നു. അമ്മയോടൊത്ത് തൊട്ടടുത്ത ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയപ്പോഴാണ് ആദ്യമായി ഓട്ടന്തുള്ളല് കണ്ടത്. കഥയും പാട്ടുകളും ഒന്നും അന്ന് മനസ്സിലായില്ലെങ്കിലും തുള്ളല്‍ക്കാരന്റെ അംഗ ചലനങ്ങളും ഭാവങ്ങളും കിരീടത്തിന്റെ ഭംഗിയും മനസ്സില്‍ തങ്ങി നിന്നു. ഗുരുവിന്റെ കീഴില്‍ ഈ കല പഠിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും കുടുംബത്തിലെ ദാരിദ്ര്യം മൂലം ഇത് നടന്നില്ല. അമ്മയുടെ മരണത്തോടെ കലാ രംഗത്തെ മോഹങ്ങള്‍ അവസാനിച്ചു. പിന്നെ സ്പോര്‍ട്സ് താരമാകാനായിരുന്നു ശ്രമം. 200 മീറ്റര്‍, 400 മീറ്റര്‍ ഓട്ടത്തിന് സംസ്ഥാന മീറ്റിനുള്ള യോഗ്യത നേടിയെങ്കിലും പണമില്ലാത്തതിനാല്‍ ഇതും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 9-ാം ക്ലാസില്‍ പഠനം നിര്‍ത്തിയ നിര്‍മ്മല വിവാഹശേഷമാണ് വീണ്ടും കലാരംഗത്തേക്ക് തിരിഞ്ഞത്. കണ്ണൂര്‍ നടനകലാക്ഷേത്രത്തില് നിന്നും നൃത്തത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കി. പിന്നെ ആ അറിവ് ലഹരി വിരുദ്ധ ബോധവത്കരണം എന്ന നന്മക്ക് ഊര്ജ്ജമാക്കുകയായിരുന്നു. മദ്യത്തിനെതിരെ പാട്ടെഴുതിയാണ് തുടക്കം. പാട്ടിനെക്കാള്‍ കഥയാണ് ജനങ്ങളുടെ മനസ്സില്‍ തങ്ങി നില്‍ക്കുകയെന്ന് മനസ്സിലാക്കിയാണ് തുള്ളല്‍ കഥയിലേക്ക് നീങ്ങിയത് എന്ന് നിര്‍മ്മല പറയുന്നു. കള്ള് കഴിച്ച് പൂസാകുന്നവരുടെ വിക്രിയകളും അവര്‍ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന വഴക്കുകളുമാണ് പ്രമേയമാക്കിയത്. ഓട്ടന്തുള്ളല് ചെറുപ്പത്തില്‍ കണ്ടുള്ള പരിചയം മുതലാക്കിയാണ് അരങ്ങത്ത് അവതരിപ്പിച്ചത്. ഭര്‍ത്താവും മക്കളും ചേര്‍ന്നാണ് കിരീടങ്ങളും മറ്റും തയ്യാറാക്കിയത്. മദ്യനിരോധന സമിതികളുടെ വേദികളിലാണ് ഓട്ടന്തുള്ളല് അവതരിപ്പിച്ചിരുന്നത്. പാടി അവതരിപ്പിക്കുന്ന രീതിയല്ല ഇവര്‍ ഉപയോഗിക്കുന്നത്. സ്വന്തം കൃതി റിക്കാര്‍ഡ് ചെയ്ത് ഉപയോഗിച്ചാണ് അവതരണം.
തുള്ളല്‍ അവതരിപ്പിക്കുന്നതിനിടയില്‍ നല്ലതും മോശവുമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി നിര്‍മ്മല പറയുന്നു. ഇരിട്ടിയില്‍ തുള്ളല്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ കരഞ്ഞുകൊണ്ട് 10 രൂപ നല്കിയ വീട്ടമ്മയെ ഒരിക്കലും മറക്കാനാവില്ലെന്ന് നിര്‍മ്മല പറയുന്നു. പരിപാടിക്കിടയില്‍ മാഹിയില്‍ ഒരു മദ്യപന് മുന്നിലെത്തി അരയില്‍ നിന്നും മദ്യമെടുത്ത് കുടിച്ചശേഷം സൂപ്പര്‍ എന്ന് ആഗ്യം കാണിച്ച് വേദിക്ക് മുന്നില്‍ നിന്നു.’ പോകുമ്പോള്‍ രണ്ടുകാലില്‍, പോരുമ്പോള്‍ നാലുകാലില്‍, എന്തൊരു മായാജാലം, മദ്യമേ നിന്റെ കാര്യം’ എന്ന് പാടി മുമ്പില്‍ പമ്പരം പോലെ മദ്യപനെ ചൂണ്ടിയപ്പോള്‍ കാണികള്‍ കൂട്ടച്ചിരിയായി. അതോടെ മദ്യപന് മദ്യക്കുപ്പി വലിച്ചെറിഞ്ഞ് സ്ഥലം വിട്ട കാര്യം നിര്‍മല ഇന്നും ഓര്‍ക്കുന്നു.
പുരുഷന്മാരുടെ മദ്യാസക്തി മൂലം കുടുംബം തകര്‍ന്ന വീട്ടമ്മമാരാണ് കലവറയില്ലാതെ ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. യുവ സമൂഹം കൂട്ടത്തോടെ മദ്യലഹരിയിലേക്ക് കൂപ്പുകുത്തുമ്പോള്‍ ലഹരി വിരുദ്ധ പ്രചരണത്തെ സമൂഹം കയ്യടിച്ച് പ്രോത്സാഹാപ്പിക്കുമെന്ന പ്രതീക്ഷയൊന്നും ഈ കലാകാരിക്കില്ല. ഇവള് തുള്ളിയാല്‍ മദ്യത്തെ ഇല്ലാതാക്കി നാട് നന്നാക്കാനാകുമോ, രണ്ടെണ്ണം വീശിയിട്ടാവും തുള്ളുന്നത് തുടങ്ങി പല രീതിയിലുള്ള കമന്റുകള്‍ വേദികളില്‍ ധാരാളമാണെങ്കിലും ഇതൊക്കെ അവഗണിച്ച് മദ്യമെന്ന വിപത്തിനെതിരെയുള്ള പോരാട്ടവുമായി ഈ കലാകാരി ഇന്ത്യ മുഴുവന്‍ പ്രചരണത്തിനിറങ്ങിയിരിക്കുകയാണ്. ദേശീയ തലത്തില്‍ രണ്ടു തവണ അംഗീകരിക്കപ്പെട്ടതോടെ ഇവരുടെ ആവേശം കൊടുമുടിയോളം ഉയര്‍ന്നിരിക്കുകയാണ്.
മദ്യത്തിനെതിരെ നിരന്തരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. എന്തിനും തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടാകണം. എന്നാല്‍ തീര്‍ച്ചയായും മാറ്റങ്ങളുണ്ടാക്കാം. മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ അവരുടെ ആരാധനാലയങ്ങളിലും മറ്റ് വേദികളിലും മദ്യത്തിനെതിരെ ശക്തമായ പ്രചരണവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെങ്കിലും ഹിന്ദു സമൂഹത്തില്‍ ഇതില്ല. ഹിന്ദു സമൂഹത്തിന്റെ ഇടയിലും ഇത് നടത്തണമെന്നും ഇതിനായി ദേശീയ പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണമെന്നും നിര്‍മല പറയുന്നു. തന്റെ ഈ പ്രവര്‍ത്തനങ്ങളിലൂടെ നൂറു ശതമാനം വിജയം ഉണ്ടാകുമെന്നൊന്നും ഈ കലാകാരി വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരാള്‍ക്കെങ്കിലും മാറ്റമുണ്ടായാല്‍ അതുമതി തന്റെ ശ്രമം വിജയിച്ചെന്ന് പറയാന്‍ എന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇതിന്റെ ഭാഗമായി മദ്യം നിരോധിക്കൂ, നാടിനെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി മദ്യത്തിന്റെ ലഹരിയില്‍ ജീവിതത്തിന്റെ നല്ല വശങ്ങള് മറന്നുപോകുന്ന ജനങ്ങള്‍ക്ക് മുന്നില്‍ കേരളത്തിലെ ക്ഷേത്രകലയായ ഓട്ടന്‍തുള്ളലിലൂടെ ഇന്ത്യയിലെ ജനങ്ങളെ ബോധവത്കരിക്കാനുളള കഠിന പ്രയത്നത്തിലാണ് ഇവര്‍. ലോകവിപത്തിന് ആധാരമായ മദ്യത്തിന്റെ കൊടുംക്രൂരമായ മുഖത്തിന് നേരെ യുദ്ധം ചെയ്യുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനത്തും ലഹരിവിമുക്ത കുടുംബയജ്ഞം വളര്‍ത്തിയെടുക്കുക, അതിലൂടെ സ്ത്രീകളെയും കുട്ടികളെയും മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ലഹരിവിമുക്ത കുടുംബം സന്തുഷ്ട കുടുംബം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മലയാളി അസോസിയേഷനുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നത്.
സി.വി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: