ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷ എന്നത് അപ്രാപ്യമായ ഒരു സ്വപ്നമായി തുടരുമ്പോള്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതും കൊള്ളചെയ്യപ്പെടുന്നതും നിരന്തരം വാര്‍ത്തകളില്‍ ഇടം തേടുന്നു. റെയില്‍വേ വകുപ്പ് വനിതായാത്രക്കാരോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ പ്രതിഷേധമോ ട്രെയിന്‍ തടയലിനോ ഒന്നും ആരും തയ്യാറല്ല. റെയില്‍വേ വകുപ്പ് സുരക്ഷാ വാഗ്ദാനം നിറവേറ്റാതെ വനിതാ യാത്രക്കാരെ അക്രമികള്‍ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുകയാണ്. വ്യാഴാഴ്ചയും മംഗള എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ലിപ്സിയും കുടുംബവും ട്രെയിന്‍ വേട്ടക്കാരുടെ ഇരകളായി. ഗള്‍ഫില്‍നിന്ന് മുംബൈയില്‍ ഇറങ്ങി നിസ്സാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസില്‍ നാട്ടിലേയ്ക്ക് വരികയായിരുന്ന ഇരുപത്തിയേഴുകാരിയായ ലിപ്സി മോഷണത്തിനിരയായി ട്രെയിനില്‍നിന്നും നിഷ്ക്കരുണം പുറത്തെക്കെറിയപ്പെടുകയായിരുന്നു. രാത്രി ഉറങ്ങുകയായിരുന്ന ലിപ്സിയുടെ തലയിണച്ചുവട്ടില്‍ വച്ചിരുന്ന ഒന്നരലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്ത മോഷ്ടാവിനെ പിടിക്കാന്‍ പിന്നാലെ ഓടിയ ലിപ്സി പുറത്തേയ്ക്ക് ചാടിയ മോഷ്ടാവിനൊപ്പം തെറിച്ചു വീണു. ട്രെയിന്‍ മെല്ലെ പോയതിനാല്‍ പരുക്കുകളോടെ രക്ഷപ്പെട്ട ലിപ്സിയുടേയും കുട്ടികളുടേയും പാസ്പോര്‍ട്ടും മറ്റു രേഖകളും ഒപ്പം നഷ്ടപ്പെട്ടു. ട്രെയിനില്‍ ഇത് ഇന്ന് നിത്യസംഭവമാണ്. സ്ത്രീയാത്രക്കാര്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് വാര്‍ത്തപോലും ആകാത്ത അവസ്ഥയിലെത്തി നില്ക്കുന്നു. പക്ഷെ റെയില്‍വേ നിസ്സംഗത പുലര്‍ത്തുന്നു എന്നു മാത്രമല്ല സംരക്ഷണത്തിനേര്പ്പെടുത്തിയ ഒരു സിആര്‍പിഎഫ് ജവാനും ഒരു യുവതിയെ കയറിപ്പിടിക്കുകയുണ്ടായി. മദ്യലഹരിയില്‍ കയറിപ്പിടിക്കുക, കംപാര്‍ട്ട്മെന്റില്‍ ഒറ്റക്കാണെങ്കിലും മറ്റു യാത്രക്കാര്‍ ഉണ്ടെങ്കിലും ലൈംഗികമായി ആക്രമിക്കപ്പെടുക, ആഭരണം മോഷ്ടിക്കുക മുതലായ സംഭവങ്ങള്‍ ഇന്ന് തുടര്‍ക്കഥകളാണ്.
സൗമ്യയുടെ മേല്‍ നടന്ന ലൈംഗികാതിക്രമവും കൊലപാതകവും കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. അതിനുശേഷം പല ആക്രമണങ്ങളും ട്രെയിനില്‍ അരങ്ങേറിയത് സൗമ്യ വധത്തിനുശേഷം റെയില്‍വേ ഡിപ്പാര്‍ട്ട്മെന്റ് വനിതാ കമ്പാര്‍ട്ട്മെന്റുകളില്‍ ഏര്‍പ്പെടുത്തുമെന്ന സുരക്ഷാ സംവിധാനം നടപ്പാക്കാതിരുന്നതാണ്. ഇതില്‍ ഖേദകരമായ വസ്തുത അടുത്തയിടെ ഒരു സ്ത്രീയെ ട്രെയിനില്‍ ആക്രമിച്ചത് ഒരു ബിഎസ്എഫ് ജവാനായിരുന്നു എന്നതാണ്.
ജയഗീത എന്ന സ്ത്രീയെ ആക്രമിച്ചത് ട്രെയിനിലെ തന്നെ ടിടിആര്മാരായിരുന്നു. വേലി തന്നെ വിളവ് തിന്നുമ്പോള്‍ സുരക്ഷ എവിടെ, എങ്ങിനെ? അടുത്തയിടെ ക്ഷേത്രദര്‍ശനം കഴിഞ്ഞുമടങ്ങിയ ഒരു സ്ത്രീയെ ഒരു ബസ്സില്‍ ഒരു യാത്രക്കാന് ലൈംഗിക കയ്യേറ്റത്തിന് ശ്രമിച്ചപ്പോള്‍ അവര്‍ ചെരുപ്പൂരി അടിച്ച് മാതൃക കാട്ടി. ബസ്സില്‍ കണ്ടക്ടര്‍ അപമാനിക്കുന്നതും യാത്രക്കാര്‍ ശല്യം ചെയ്യുന്നതും പുതുമയുള്ള കാര്യമല്ല. ബസ്സില്‍ ചെരുപ്പൂരാനെങ്കിലും സൗകര്യമുണ്ട്. പായുന്ന ട്രെയിനില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീ നിസ്സഹായയാകുന്നു. ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട സൗമ്യ പ്രത്യാക്രമണം നടത്തിയതിന്റെ പാടുകള്‍ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയുടെ ശരീരത്തില്‍ കണ്ടിരുന്നു. പക്ഷെ ശരീരബലത്തില്‍ സ്ത്രീകള്‍ പരാജിതരാകുന്നു. കംപാര്‍ട്ട്മെന്റുകളില്‍ പ്രത്യേകിച്ചും വനിതാ കംപാര്‍ട്ട്മെന്റുകളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ റെയില്‍വേ കാട്ടുന്ന അനാസ്ഥ അക്ഷന്തവ്യം തന്നെയാണ്. പുരുഷ സിആര്പിഎഫിനോടൊപ്പം വനിതാ പോലീസിനെയും നിയോഗിച്ചെങ്കില് മാത്രമേ അതിക്രമിച്ച് കയറി മോഷണം നടത്തുന്നവരേയും മദ്യപിച്ച് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നവരേയും പിടികൂടാനാകൂ.
മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യരുതെന്നും പ്ലാറ്റ്ഫോമില്‍ പോലും കയറരുതെന്നും റെയില്‍വേ ഉത്തരവിറക്കിയിട്ടും സ്ത്രീയെ അപമാനിച്ച ബിഎസ്എഫ് ജവാന് മദ്യപിച്ചിരുന്നതായി കണ്ടു. പ്ലാറ്റ്ഫോമില്‍ മകള്‍ക്കൊപ്പം ആഹാരം കഴിക്കാന്‍ തുടങ്ങിയ വീട്ടമ്മയെ കയറിപ്പിടിച്ചതും ഒരു മദ്യപനായിരുന്നു. മദ്യപിച്ച് പ്ലാറ്റ്ഫോമിലും ട്രെയിനിലും കയറരുത് എന്ന് നിയമം പാസ്സാക്കിയാല്‍ പോരാ അത് നടപ്പാക്കുന്നതും ഉറപ്പുവരുത്തിയില്ലെങ്കില്‍ എങ്ങനെ സ്ത്രീ സുരക്ഷിതയാകും?
പോലീസിന്റെ ഭാഷ്യം മോഷണം യാത്രക്കാരുടെ അശ്രദ്ധയാണെന്നാണ്. ട്രെയിനില്‍ കവരാന്‍ പാകത്തില്‍ ബാഗുകളും അതില്‍ ആഭരണങ്ങളും പണവും സൂക്ഷിക്കുന്നതും അത് വച്ച് ഗാഢനിദ്രയിലാകുന്നതും മോഷ്ടാക്കള്‍ക്ക് അവസരം ഒരുക്കുന്നു എന്ന് സമ്മതിക്കാം. പക്ഷെ മോഷ്ടാക്കള്‍ക്ക് മോഷണം എളുപ്പമാകുന്നത് പോലീസിന്റെ കുറവ് തന്നെയാണ്. ഒരു കിലോമീറ്റര്‍ നീളമുള്ള ട്രെയിനില്‍ രണ്ടുമൂന്നു പോലീസുകാരാണുള്ളത്. യാത്രക്കാരും ട്രെയിനില്‍ സര്‍വ്വാഭരണവിഭൂഷിതരായി മോഷ്ടാക്കളെ ക്ഷണിച്ചുവരുത്തരുത്. യാത്രക്കാരല്ലാത്ത അവര്‍ ട്രെയിനില്‍ കയറിയാല്‍ അധികൃതരെ അറിയിക്കേണ്ടതും യാത്രക്കാരുടെ കടമയാണ്. തങ്ങളുടെ കംപാര്‍ട്ട്മെന്റില്‍ കയറുന്നവര്‍ ഒരു കുടുംബമാണെന്ന കരുതലില്‍ സഹയാത്രികരും ജാഗരൂകരാകേണ്ടതാണ്. പ്രധാനമായും റെയില്‍വേ വകുപ്പിന്റെ അശ്രദ്ധ തന്നെയാണ്, അവഗണനയാണ് കേരളത്തിലെ ട്രെയിന്‍ യാത്രാ ദുരന്തത്തിന് പ്രധാന കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: