മട്ടാഞ്ചേരി: കാശിമഠ പരമഗുരു സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സന്യാസദീക്ഷാ സ്വീകരണശതാബ്ദി ആഘോഷത്തിന് ജന്മദേശം ഒരുങ്ങി. നാളെയാണ് പരമഗുരുവിന്റെ ആശ്രമസ്വീകാര ശതാബ്ദി സുദിനം. ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിന്റെ ധര്മ്മപീഠമായ കാശിമഠത്തിന്റെ ഗുരുപരമ്പരയിലെ 19-ാമത് മഠാധിപതിയായിരുന്നു സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികള്‍. കൊച്ചിയില്‍ ഭൂജതനായ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ സമാധിയും ആരാധനാലയവും (വൃന്ദാവനം) കൊച്ചി ഗോശ്രീപുരം തിരുമല ക്ഷേത്രാങ്കണത്തിലാണുള്ളത്. കാശിമഠാധിപതി സുധീന്ദ്രതീര്‍ത്ഥസ്വാമികളുടെ ഗുരുവായ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ആശ്രമസ്വീകാര്യ ശതാബ്ദി ആഘോഷം മംഗലാപുരം, ഹരിദ്വാര്‍ എന്നിവിടങ്ങളിലും പ്രത്യേക ചടങ്ങുകളോടെയും ആഘോഷിക്കുന്നുണ്ട്. മംഗലാപുരം ശ്രീ വെങ്കടരമണ ക്ഷേത്രത്തിലാണ് സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ചാതുര്‍മാസ വ്രതമനുഷ്ഠിക്കുന്നത്. കാശിമഠ ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ചാതുര്‍മാസ വ്രതമനുഷ്ഠിക്കുന്നത് ഹരിദ്വാറിലെ വ്യാസമന്ദിരത്തിലാണ്.
സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജന്മദേശമാണ് കൊച്ചി. ഗോശ്രീപുരം തിരുമലക്ഷേത്രത്തിന് പടിഞ്ഞാറ് സുബ്ബപ്രഭു-ഗംഗാഭായ് ദമ്പതികളുടെ മകനായി 1897 മാര്‍ച്ചിലാണ് ശ്രീനിവാസപ്രഭു ഭൂജാതനായത്. കാശിമഠ ധര്‍മ്മഗുരു വരദേന്ദ്രതീര്‍ത്ഥ സ്വാമികളുടെ ധര്‍മ്മ ദിഗ്വിജയ പ്രയാണ വേളയില്‍ കൊച്ചിയില്‍വച്ച് ശ്രീനിവാസപ്രഭു സ്വാമിജിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കാശിമഠ ഗുരുപരമ്പരയിലേക്ക് പൂര്‍വാശ്രമ ശ്രീനിവാസപ്രഭു തെരഞ്ഞെടുക്കപ്പെടുന്നത്.
തുടര്‍ന്ന് ആചാരവിധികളോടെയുള്ള ചടങ്ങുകള്‍ക്കുശേഷം 1912 ആഗസ്റ്റില്‍ തൃശ്ശിനാപ്പള്ളിയില്‍ കാവേരി നദിയില്‍ വച്ചാണ് സന്യാസദീക്ഷ സ്വീകരിച്ച് ആശ്രമഗ്രസ്ഥനായി സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികളായത്. 1914ല്‍ ഗുരു വരദേന്ദ്രതീര്‍ത്ഥ സ്വാമികള്‍ സമാധിയായതോടെ മഠഭരണവും ധര്മ്മികപ്രചരണവും ഏറ്റെടുത്ത് ദേശാന്തരഗമനം നടത്തി.
1944 ല്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ക്ക് സന്യാസദീക്ഷ നല്കി മഠനേതൃത്വം നല്കിയ സുകൃതീന്ദ്രതീര്‍ത്ഥ സ്വാമികള്‍ 1949 ജൂലൈയില്‍ കൊച്ചിയില്‍വച്ച് സമാധിയായി. തുടര്‍ന്ന് സ്വാമികളുടെ സമാധിക്ഷേത്രവും കൊച്ചിയില്‍ സ്ഥാപിച്ച് ആരാധിച്ചുവരുന്നു.
കാശിമഠ പരമഗുരുവിന്റെ ആശ്രമസ്വീകാരശതാബ്ദി സുദിനമായ നാളെ വൃന്ദാവന്‍ കോവിലില്‍ വിശേഷാല്‍ അഭിഷേകം, പവമാനാഭിഷേകം, ചന്ദനലേപനം, ദീപാലങ്കാരം, ദീപാരാധന എന്നിവ നടക്കും. തിരുമല ദേവന് പഞ്ചാമൃതാഭിഷേകം, ഉച്ചയ്ക്ക് സുകൃതീന്ദ്രതീര്ത്ഥസ്വാമികളുടെ ഛായാചിത്രത്തോടുകൂടി ഭഗവാനെ എഴുന്നള്ളിച്ച് ഹനുമാന് വാഹനപൂജ, രാത്രി വെള്ളിശേഷ വാഹനപൂജ, ഹനുമാന് കോവിലില്‍ പവമാനാഭിഷേകം, പുഷ്പാലങ്കാരം എന്നിവയും നടക്കും.
ആഘോഷത്തോടനുബന്ധിച്ച് ശ്രീ വെങ്കിടേശ സേവാമിതിയുടെ നേതൃത്വത്തില്‍ ഭജന, പ്രത്യേക സംഗീതപരിപാടി, നാമസങ്കീര്‍ത്തനം, അഖണ്ഡഭജന എന്നിവയും നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കപില്‍ ആര്.പൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: