സ്ഥലനാമങ്ങളുടെ പേരുമാറ്റത്തിന്റെ കോലാഹലങ്ങള്‍ തല്ക്കാലം ശമിച്ചെന്ന് തോന്നുന്നു. പല മാറ്റങ്ങളും ജനം സര്‍വാത്മനാ അംഗീകരിച്ചെങ്കിലും എതിര്‍പ്പുകളും ധാരാളമുണ്ടായിരുന്നു. കല്‍ക്കത്ത കൊല്‍ക്കത്തയും മദ്രാസ് ചെന്നൈയും ബോംബെ മുംബൈയുമായപ്പോള് കര്ണാടകക്കാര്ക്കൊരു പൂതി, ബാംഗ്ലൂര്‍ ബംഗളൂര് ആക്കണമെന്ന്. അതും നടന്നു. മാംഗളൂര് മംഗളൂര് ആക്കാന്‍ വേണ്ട ശ്രമം നടക്കുന്നുണ്ടോ എന്നറിയില്ല. അതോ അങ്ങനെ ആക്കിയോയെന്നും അറിയില്ല. മംഗലാപുരത്തിന് ഭംഗി പോരായിരിക്കും.
കേരളത്തിന്റെ കാര്യമാണ് വിചിത്രം. ട്രിവാന്‍ഡ്രം തിരുവനന്തപുരമായിയെങ്കിലും കാലിക്കറ്റിനെ കോഴിക്കോടായി അംഗീകരിച്ചാലും അങ്ങനെ അറിയപ്പെടാനും വിളിക്കാനും ഒരു മടി. ഇംഗ്ലീഷുകാര്‍ ഇടപേരല്ലേ. അതെങ്ങനെ സ്വദേശീപേരായി അറിയപ്പെടുമെന്നൊരു വൈമനസ്യം. കൊച്ചിനെ കൊച്ചിയാക്കിയെങ്കിലും രണ്ടുപേരിലും അറിയപ്പെടാനാണിഷ്ടമെന്ന് തോന്നുന്നു.
ഈ മൂന്നുപേരും മാറ്റി കുറച്ചുകാലം കഴിഞ്ഞാണ് വേറെ കുറെ സ്ഥലനാമങ്ങള്‍ മാറ്റിയത്. വളരെ സങ്കീര്‍ണമായ പ്രശ്നമല്ലേ? പിന്നെ കുറച്ചുകാലം പിടിക്കാതിരിക്കോ? അതും സ്വദേശി നാമങ്ങള്‍ സ്വീകരിക്കുക എന്നതാണ് പ്രശ്നം. ഏതായാലും 18 സ്ഥലങ്ങളുടെ പേരുകള്‍ പിന്നീട് പുനര്‍നിര്‍ണയിച്ചു. ട്രിച്ചൂര്, ആലപ്പി, ക്വൈലോണ്‍ എന്നിവ അതില്‍പ്പെടും.
സാംസ്ക്കാരിക നഗരത്തിന് ഒരു പ്രത്യേക പരിഗണന കിട്ടിയെന്ന് തോന്നുന്നു. ട്രിച്ചൂറിനെ രണ്ടുപേരുകള്‍ വഴി അറിയപ്പെടുന്നു-തൃശ്ശൂരായും തൃശ്ശിവപേരൂരായും. ഏതാണ് സര്‍ക്കാര്‍ അംഗീകരിച്ചതെന്ന് അറിയില്ല. തൃശ്ശൂരാണെന്ന് തോന്നുന്നു. എന്നിരുന്നാലും പരിഷ്ക്കാരികള്‍ക്ക് ട്രിച്ചൂറിനെവിടാനൊരു മടി. വെള്ളക്കാര്‍ പറഞ്ഞതും കാണിച്ചതും തുടരാനുള്ളൊരു വ്യഗ്രത ഇന്നുമുണ്ടെന്നതിന് സംശയമില്ല. അവരുടെ സംസ്ക്കാരത്തെ സ്വീകരിക്കാനുള്ള ഒരു താല്‍പ്പര്യം മലയാളിക്ക് വളരെ കൂടുതലാണ്. ആംഗലേയ ഭാഷയില്‍ സംസാരിച്ചാല്‍ അവനെ ബഹുമാനിക്കുന്നു. ഇന്നും എന്നാല്‍ അവരോ, നമ്മളെ അനുകരിക്കുന്നു, നമ്മുടെ സംസ്ക്കാരത്തെ പ്രകീര്‍ത്തിക്കുന്നു. ജന്മനാളില് കേക്ക് മുറിച്ച് മെഴുകുതിരി ഊതിക്കെടുത്തി ആഘോഷിച്ചാലേ മോഡേണ്‍ ആകൂ എന്നാണ് വളര്‍ന്നുവരുന്ന തലമുറയുടെ ധാരണ. ഇരുട്ട് ദുഃഖത്തിന്റേയും മരണത്തിന്റേയും പ്രതീകമാണ്. അവര്‍ ദിനംപ്രതി സസ്യഭുക്കുകളായി മാറിക്കൊണ്ടിരിക്കുന്നു. നമ്മളോ മാംസഭുക്കായി മാറി, മാറാരോഗികളായിത്തീര്ന്നുവരുന്ന ഒരു സ്ഥിതിവിശേഷം സംജാതമായിരിക്കുകയാണ്. അതും ബീഫ് ദിവസവും കഴിക്കുന്ന ശീലം വളര്‍ന്നുവരുന്ന തലമുറയില്ക്കാണാം. പരിപാവനമായ വിവാഹസദ്യയ്ക്ക് മാംസഭക്ഷണം വിളമ്പുന്നത് ഇന്ന് സര്വസാധാരണമാണത്രെ. ഇതെഴുതുമ്പോള്‍ ഈ അടുത്തകാലത്തുണ്ടായ ഒരനുഭവം പറയാതിരിക്കാന്‍ വയ്യ. ഒരു വിവാഹസ്വീകരണത്തിന് ക്ഷണംകിട്ടി. വേളി നമ്പൂതിരിക്കുട്ടിയുടെ. വരനും നമ്പൂതിരിതന്നെ. പഞ്ചനക്ഷത്ര ഹോട്ടലിലാണ് സ്വീകരണം. ഞാനും ഭാര്യയും ആറരക്കെത്തി. ആറ് മുതലാണ് സ്വീകരണം. ഹാളില്‍ കുറച്ചു പേരെ എത്തിയിട്ടുള്ളൂ. പത്തുമിനിട്ടു കഴിഞ്ഞിരിക്കുന്നു. സിഡിയില്‍നിന്നും ഭക്തിഗാനങ്ങള്‍. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭക്തിഗാനങ്ങളോ? ഞാനാലോചിച്ചു. നന്നായി. അവസരത്തിനൊത്തൊരു ആദ്ധ്യാത്മിക തരംഗം സൃഷ്ടിക്കാന്‍ അതുസഹായിക്കുമെന്ന് തോന്നി. ആദ്യം ഗണപതി സ്തുതി. പിന്നെ ഓരോ ഈശ്വരന്മാരെ പറ്റിയ കീര്‍ത്തനങ്ങള്‍. താമസമുണ്ടായില്ല സിനിമാ ഗാനങ്ങള്‍ ഭക്തിഗാനങ്ങളുടെ സ്ഥാനം പിടിച്ചു. അതും അടിപൊളി ഗാനങ്ങള്‍. കൂട്ടത്തില്‍ പാശ്ചാത്യസംഗീതവും. അന്തരീക്ഷത്തിന് ഒരു മാറ്റം സംഭവിച്ചപോലെ തോന്നി.
ഞങ്ങള്‍ എഴുന്നേറ്റു. തൊട്ടടുത്ത ഹാളില്‍ മേശപ്പുറത്ത് ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരത്തിയിട്ടുണ്ട്. അതുകണ്ടപ്പോള്‍ ബുഫേ രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്ന് മനസ്സിലായി. ഫൈസ്റ്റാറില്‍ അങ്ങനെ അങ്ങനെത്തന്നെയല്ലേ വേണ്ടത്! ഒരാള്‍ അടുത്തുവന്ന് പറഞ്ഞു: വെജിറ്റേറിയന്‍ അങ്ങേ അറ്റത്തെ മേശപ്പുറത്താണ് എന്ന്. വിവാഹസദ്യക്ക് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണവുമുണ്ടോ? ആദ്യത്തെ അനുഭവം. ഞാനൊന്ന് ഞെട്ടി. ഹാളിലേക്ക് കാലുകുത്തിയ ഉടന്‍ വേറൊരാള് വന്ന് വെജിറ്റേറിയന്‍ ഭക്ഷണം ചൂണ്ടിക്കാണിച്ചു. അബദ്ധം പറ്റണ്ടല്ലോ എന്ന് കരുതിക്കാണും.
ഹാളില്‍ ആറ് മേശമേല്‍ ഭക്ഷണ സാധനങ്ങള്‍ നിരത്തിയതില് അഞ്ചെണ്ണത്തിലും നോണ്‍ ഭക്ഷണ സാധനങ്ങളായിരുന്നു. അവിടെയാണ് ക്ഷണിതാക്കളുടെ തിരക്കും. സസ്യാഹാരമേശക്കു മുമ്പില്‍ ഞാനും ഭാര്യയും മാത്രം. നോക്കിയപ്പോള്‍ കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നുമില്ല. നാന്, ചപ്പാത്തി, പുലാവ്, കുറച്ചു വടക്കെ ഇന്ത്യന്‍ കറികളും. കുറച്ചെങ്കിലും കഴിച്ചു എന്ന് വരുത്തി. ഹാളിലേക്ക് കടക്കുന്ന സ്ഥലത്ത് ഐസ്ക്രീം വെച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരു സ്വീറ്റും ഒരു കാനുമുണ്ട്. കാനില്‍ എന്താണെന്ന് ഒരു ഹോട്ടല്‍ ജോലിക്കാരനോട് ചോദിച്ചപ്പോള്‍ ചിക്കന്‍ സൂപ്പാണെന്ന് പറഞ്ഞു. ഐസ്ക്രീമും വേണ്ടെന്ന് വെച്ച് മടങ്ങി.
കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തെപ്പറ്റി, അതും ഒരു വിശേഷത്തില്‍ അതും അതിഥികള്‍ക്ക് വിളമ്പാനുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളെപ്പറ്റി ചിന്തിച്ച് നിരാശ തോന്നി. ഒരുപക്ഷെ, ആധുനിക രീതിയിലുള്ള സ്വീകരണ സല്‍ക്കാരങ്ങള്‍ ഇത്തരത്തിലായിരിക്കും പുതിയ തലമുറക്കിഷ്ടമെന്ന് തോന്നുന്നു.
സ്ഥലങ്ങള്‍ക്ക് പുനര്‍നാമകരണം എന്ന വിഷയത്തിലേക്ക് തന്നെ വരട്ടെ. ഒരു സ്ഥലത്തിന് ഉടന്‍ പുനര്‍നാമകരണം അത്യാവശ്യമാണെന്ന് തോന്നുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് 65 വര്‍ഷമായിട്ടും ബംഗാളിനെ പശ്ചിമബംഗാളായിക്കാണുന്നു. പൂര്‍വബംഗാള്‍ ഭാരതത്തിലല്ലല്ലോ? പിന്നെന്തിന് ബംഗാള്‍ എന്ന സംസ്ഥാനത്തെ പശ്ചിമബംഗാള്‍ എന്ന പേരിലറിയപ്പെടുന്നു? കല്‍ക്കത്ത കൊല്‍ക്കത്ത ആകുന്നതിന് എത്രയോ മുമ്പുതന്നെ പശ്ചിമബംഗാളിനെ ബംഗാളായി അറിയപ്പെടേണ്ടതായിരുന്നു. ഇനിയെങ്കിലും ഈ പുനര്‍നാമകരണം നടത്തിയാല്‍ നന്നായിരുന്നു. ബംഗാളികളുടെ ശ്രദ്ധക്ക് ഇക്കാര്യം ഇതിനുമുമ്പ് വരാഞ്ഞതെന്തേ എന്ന് അറിയില്ല.
തളി ശങ്കരന് മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: