കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കനാലില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഒളിക്യാമറ സ്ഥാപിക്കും. ജലസേചനവകുപ്പാണ് കനാലിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിക്യാമറകള്‍ സ്ഥാപിക്കുന്നത്. ഇരുപത് ദിവസത്തെ ചിത്രങ്ങള്‍ ഇതില്‍ സൂക്ഷിക്കാന്‍ കഴിയും. ഇതുവഴി മാലിന്യംനിക്ഷേപിച്ചവരില് നിന്ന് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ കഴിയും. ക്യാമറ സ്ഥാപിച്ച ശേഷം നടത്തിപ്പ് ചുമതല നഗരസഭയ്ക്ക് കൈമാറും. മാര്‍ക്കറ്റ് കനാലിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നവംബര്‍ അവസാനം തുടങ്ങുമെന്ന് ഹൈബി ഈഡന് എം.എല്‍.എ അറിയിച്ചു. ഇതിനായി ഒന്നര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
കനാല്‍ പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷം കമ്പി വേലികള്‍ സ്ഥാപിക്കും. ഇതിനുള്ളിലാകും ഒളിക്യാമറകള്‍ സ്ഥാപിക്കുക. ശക്തിയേറിയ പമ്പ് ഉപയോഗിച്ച് മാലിന്യം നീക്കിയശേഷമാകും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനുമാത്രമായി 15 ലക്ഷം രൂപ ചെലവാകും. ആദ്യഘട്ടത്തില്‍ ശുചീകരണവും പിന്നീട് കരിങ്കല്‍ ഭിത്തിയുടെ ബലപ്പെടുത്തല്‍ ജോലികളും നടത്തും. കനാലിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംകൂടി ഉപകാരപ്പെടുംവിധം വാക്ക്വേ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്നും ജലസേചന വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കനാല്‍ സന്ദര്‍ശിച്ചശേഷം ഹൈബി ഈഡന് എംഎല്‍എ പറഞ്ഞു.
നവീകരണത്തിന് മുന്നോടിയായി കച്ചവടക്കാരുടെയും ട്രേഡ് യൂണിയന് നേതാക്കളുടെയും യോഗം വിളിക്കും. നഗരസഭയോടു കൂടിയാലോചിച്ചശേഷമായിരിക്കും പമ്പ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. ഫ്ലാറ്റുകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ വന്‍തോതില്‍ മാര്‍ക്കറ്റ് കനാലില്‍ നിക്ഷേപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഹൈബിഈഡന് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ ജലസേചനവകുപ്പ് ഒളിക്യാമറ ഉപയോഗിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍.എസ്. ഹരിനാരായണന് പറഞ്ഞു. കനാലിലെ ചെളിവെള്ളം പൂര്‍ണ്ണമായും വലിച്ചുകളഞ്ഞാല് നല്ലവെള്ളം ഊറിവരുമെന്നതിനാല് ചെളിവെള്ളം നീക്കുന്നതിനാണ് മുന്‍ഗണന. നവംബര്‍ അവസാനത്തോടെ മാത്രമേ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയൂ. നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ക്കറ്റ് കനാലിന്റെ നവീകരണത്തിനായുള്ള ഡിസൈന്‍ ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കൗണ്‍സിലര്‍ ലിനോ ജേക്കബ്, ജലസേചനവകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എം. ജോര്‍ജ് ജോസഫ്, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. ശിവാനന്ദന്, അസി. എഞ്ചിനീയര്‍ സി.എ. അജയകുമാര്‍ എന്നിവരും ഹൈബി ഈഡനോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: