വാഷിംഗ്ടണ്‍: 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ലഷ്ക്കറെ തൊയ്ബ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക. അതിര്‍ത്തി ഭീകരവാദത്തിനെതിരായി പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേറ്റര്‍ ഡാനിയേല്‍ ബെഞ്ചമിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിര്‍ത്തി ഭീകരവാദം സംബന്ധിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പാക്കിസ്ഥാനെതിരെ യുഎസ് ആഞ്ഞടിച്ചിരിക്കുന്നത്.
ലഷ്ക്കറിന്റെ ശക്തിയില്‍ യാതൊരു വ്യതിയാനവുമില്ല. ലഷ്ക്കര്‍ ഭീഷണി സൗത്ത് ഏഷ്യയുടെ മുഴുവന്‍ നിലനില്പ്പിനേയുമാണ് ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ ദൃഢമാകുന്നതിനെയാണ് ലഷ്ക്കര്‍ എതിര്‍ക്കുന്നതെന്നും പുതിയ ആക്രമണങ്ങള്‍ക്ക് ലഷ്ക്കര്‍ പദ്ധതിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കാശ്മീരില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന അക്രമ സംഭവങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവപരമായി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സമൂഹവുമായി അതിര്‍ത്തി ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുവാന്‍ ഇന്ത്യ തയ്യാറാകണമെന്നും ഇതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2010 നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഭീകരാക്രമണങ്ങളെ തുടര്‍ന്നുണ്ടായ മരണങ്ങള് കുറവാണെന്നും ലോകത്തില്‍ ഭീകരവാദം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യയെയാണെന്നും ലഷ്ക്കറാണ് ഇത്തരത്തില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരവാദത്തെക്കുറിച്ചും ഭീകരവാദ സംഘടനകളെക്കുറിച്ചും കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത് അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മരണത്തിനുശേഷമാണ്. അല്‍ഖ്വയ്ദയുടെ രണ്ടാമത്തെ നേതാവായ ഇല്ല്യാസ് കാശ്മീരി കൊല്ലപ്പെട്ടത് സംഘടനക്ക് വലിയ തിരിച്ചടിയുണ്ടായിട്ടുണ്ട്. ലോകത്തിലെ കൊടുംഭീകരന് പാക്കിസ്ഥാനില്‍ ഒളിച്ചിരുന്നിട്ടും സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ഇവര്‍ക്ക് പാക് സര്‍ക്കാര്‍ തന്നെ ഒളിത്താവളമൊരുക്കിക്കൊടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: