കൊച്ചി: മെട്രോ റെയില്‍ മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുന്നോടിയായി നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നോര്‍ത്ത് റെയില്‍വെ മേല്‍പ്പാലം പൊളിക്കുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളാണ് നിശ്ചയിക്കേണ്ടത്.
നിലവിലുള്ള പാലത്തിന് ഇരുവശവുമായി നിര്‍മിക്കുന്ന പാലം സെപ്തംബറില്‍ ഗതാഗതത്തിന് സജ്ജമാകുമെന്നാണ് ഡിഎംആര്‍സി അറിയിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. തുടര്‍ന്ന് മധ്യത്തിലെ പാലം പൊളിക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വാഹനബാഹുല്യം ക്രമീകരിക്കുന്നതിന് ബദല്‍ ഗതാഗത മാര്‍ഗമായി കണ്ടെത്തിയിരിക്കുന്ന സലിം രാജന് റോഡിലെ മേല്‍പ്പാലം ഡിസംബറിലാണ് പൂര്‍ത്തിയാകുക. അതുവരെ വാഹനങ്ങള്‍ തിരിച്ചുവിടുന്നതിന് മറ്റ് റോഡുകള്‍ പ്രയോജനപ്പെടുത്തേണ്ടി വരും. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ക്കാണ് രൂപം നല്‍കേണ്ടത്.
ആലുവ – അങ്കമാലി ദേശീയപാതയില്‍ കരയാംപറമ്പിലെ മീഡിയന് ക്രോസിങ് താല്‍ക്കാലികമായി അടയ്ക്കാന്‍ യോഗം തീരുമാനിച്ചു. ഇവിടെ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മീഡിയന് ക്രോസിങ് അടയ്ക്കുന്നത്. ഈ ഭാഗത്ത് തിരിയേണ്ട വാഹനങ്ങള്‍ക്ക് യു ടേണ്‍ ഏര്‍പ്പെടുത്തും. തൃപ്പൂണിത്തുറ – വൈക്കം റോഡിലെ പുത്തന്‍കാവ് കവലയില്‍ പരസ്യബോര്‍ഡുകള്‍ മാറ്റി ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. കളമശ്ശേരി ആര്യാസ് ജംഗ്ഷന്, കലൂര്‍ ദേശാഭിമാനി ജംഗ്ഷന്, മാമംഗലം ജംഗ്ഷന്, പത്മ ജംഗ്ഷന്, രാജാജി റോഡ് ജംഗ്ഷന്, ഷേണായീസ് ജംഗ്ഷന്, കുമ്പളം സൗത്ത് ജംഗ്ഷന് എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ സ്ഥാപിക്കാനും റോഡ് സേഫ്റ്റി കൗണ്‍സില്‍ അനുമതി നല്കി.
തൃക്കാക്കര നഗരസഭയില്‍ വിവിധ റോഡുകളില്‍ ഗതാഗതസ്തംഭനം പതിവായ സാഹചര്യത്തില്‍ ഗതാഗതം ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്മാന് പി.ഐ. മുഹമ്മദാലി നിര്‍ദേശിച്ചു. വണ്‍വെ റോഡുകള്‍, നോ പാര്‍ക്കിങ് മേഖലകള്‍ തുടങ്ങിയവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ്, പോലീസ്, നഗരസഭ എന്നിവയുടെ പ്രതിനിധികളടങ്ങിയ സമിതിക്ക് രൂപം നല്കി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത യോഗം തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
എം.ജി റോഡില്‍ ഗതാഗതത്തിന് തടസമായി നില്ക്കുന്ന ഏതാനും മരങ്ങള്‍ നീക്കം ചെയ്യാന്‍ കൗണ്‍സില്‍ അനുമതി നല്കി. ജോസ് ജംഗ്ഷന്, കെപിസിസി ജംഗ്ഷന് എന്നിവിടങ്ങളിലാണ് ഈ മരങ്ങളെന്ന് ട്രാഫിക് പോലീസ് റിപ്പോര്‍ട്ട് നല്കി. കാക്കനാട് പടമുഗള്‍ ജംഗ്ഷനില്‍ ഗതാഗതതടസമുണ്ടാക്കുന്ന മരവും നീക്കം ചെയ്യും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് ആര്‍ടിഒ ടി.ജെ. തോമസ് അറിയിച്ചു. വീതി കുറഞ്ഞ സ്ഥലങ്ങളിലും വളവുകളിലും പോലീസ് നടത്തുന്ന വാഹന പരിശോധന ഒഴിവാക്കേണ്ടതാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ചിറ്റൂര്‍ റോഡില്‍ രാജാജി റോഡ് ജംഗ്ഷന് മുതല്‍ വളഞ്ഞമ്പലം വരെയുള്ള ഭാഗത്ത് റോഡ് മാര്‍ക്കിങ് നടത്താനും യോഗത്തില്‍ തീരുമാനമായി. എം.ജി റോഡില്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന സ്ലാബുകള്‍ പൊതുമരാമത്ത് വകുപ്പ് മാറ്റിസ്ഥാപിക്കും. ഓട്ടോറിക്ഷകള്‍ക്ക് പ്രീ പെയ്ഡ് സംവിധാനം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പി.ഐ. സൈനുദ്ദീന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍മാരായ മുഹമ്മദ് റഫീഖ്, ബേബി വിനോദ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എ. ഹാഷിം, ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ സി.ടി. എബ്രഹാം, ആര്. ശ്രീകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: