ബമാകോ: ഇസ്ലാം നിയന്ത്രണത്തിലുള്ള വടക്കന്‍ മാലിയില്‍ വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് ദമ്പതിമാരെ തീവ്രവാദികള്‍ കല്ലെറിഞ്ഞുകൊന്നു. അല്‍ ക്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിസ്റ്റ് ഭീകരരാണ് സംഭവത്തിനു പിന്നില്‍.
അള്‍ജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മാലിയിലെ അഗള്‍ഹോക്ക് എന്ന ഗ്രാമത്തിലാണ് ഭീകരര്‍ പ്രാകൃതശിക്ഷാ രീതി നടപ്പാക്കിയത്. ആരോപണ വിധേയരായ ദമ്പതിമാരെ ബലം പ്രയോഗിച്ച് നാലടി ആഴമുള്ള കുഴിയിലിറക്കിയ ശേഷം കല്ലെറിഞ്ഞുകൊല്ലുകയായിരുന്നു. പൊതുജനമധ്യത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ നൂറു കണക്കിന് ആളുകള്‍ നോക്കി നില്‍ക്കവെയായിരുന്നു സംഭവം.
ദമ്പതികള്‍ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഗ്രാമത്തിലെ ചിലര്‍ പരാതി ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശരിയത്ത് നിയമം നടപ്പാന്‍ തീരുമാനിച്ചതെന്ന് സംഘടനയുടെ വക്താവ് അറിയിച്ചു. ഇതിന്റെ പേരില്‍ തങ്ങളെ ആരും ചോദ്യം ചെയ്യില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ മാലിയിലെ ഭൂരിഭാഗവും മുസ്ലീം വിശ്വാസികളാണ്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും നിഷ്കര്‍ഷിക്കുന്ന ശരിയത്ത് നിയമം നടപ്പാക്കുന്ന മേഖലയില്‍ അടുത്തിടെ ഇതിനെതിരെ ചെറിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: