ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ കരസ്ഥമാക്കിയ ഗഗന് നാരംഗിന് അഭിനന്ദന പ്രവാഹം. കായിക മന്ത്രി അജയ് മാക്കന് അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി അദ്ദേഹം നാരംഗിന് വാഗ്ദാനം ചെയ്യുകയും ചെയ്തു. നാരംഗ് നിര്‍ദ്ദേശം അംഗീകരിച്ചാല്‍ ഗ്രൂപ്പ് ‘എ’ തലത്തിലാകും അദ്ദേഹത്തെ നിയമിക്കുക. ഒരു ഐഎഎസ് ഓഫീസര്‍ പദവിക്ക് തുല്യമാണിത്.
ഒളിമ്പിക്സിന്റെ ആദ്യ ദിനങ്ങളില്‍ നിരാശമാത്രമായിരുന്നു ഇന്ത്യക്ക് നരംഗിന്റെ മെഡല്‍ നേട്ടത്തിലൂടെ കൂടുതല്‍ പ്രതീക്ഷകള്‍ കൈവന്നിരിക്കുന്നു. വെങ്കല മെഡല്‍ നേട്ടത്തിന് സ്വര്ണ്ണത്തിനേക്കാള് തിളക്കമാണ് ഇവിടെ കുറിക്കപ്പെടുന്നത്. വെള്ളി മെഡല്‍ നഷ്ടപ്പെട്ടത് നേരിയ വ്യത്യാസത്തിലായിരുന്നു എന്നത് നാരംഗിന്റെ മികവിനെ കുറിക്കുന്നു. ഇനി രണ്ടിനങ്ങളില്കൂടി നാരംഗ് പങ്കെടുക്കും.
10 മീറ്റര്‍ ഏയര്‍ റൈഫിറില് ഇന്ത്യക്കുവേണ്ടി ഗഗന് നാരംഗും അഭിനവ് ബിന്ദ്രയുമാണ് ഇറങ്ങിയത്. ഈ വിഭാഗത്തില്‍ ബിന്ദ്ര സ്വര്‍ണ്ണ മെഡല്‍ ജേതാവായിരുന്നു. അതുകൊണ്ടുതന്നെ ബീജിംഗിലെ നേട്ടം ലണ്ടനിലും പുറത്തെടുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ആരാദകരെ അമ്പരപ്പിച്ച് ബിന്ദ്ര പുറത്തായി. നാരംഗ് തന്റെ മൂന്നാം ഒളിമ്പിക്സില്‍ കന്നി മെഡല്‍ സ്വന്തമാക്കുകയും ചെയ്തു.
വെങ്കല മെഡല്‍ നേടിയ ഗഗന് നാരംഗിന് ഹരിയാന സര്‍ക്കാര്‍ ഒരു കോടി രൂപ സമ്മാനമായി നല്‍കും. ലണ്ടനില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ഹരിയാനക്കാരായ താരങ്ങള്‍ക്ക് രണ്ടര കോടി രൂപയും വെള്ളി മെഡല്‍ നേടുന്നവര്‍ക്ക് ഒന്നരകോടിയും വെങ്കലം നേടുന്നവര്‍ക്ക് ഒരു കോടി രൂപയും നല്‍കുമെന്ന് ഹരിയാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് സഹാറാ ഗ്രൂപ്പ് നല്കുന്ന രണ്ട്കിലോ സ്വര്‍ണവും ഇന്ത്യന്‍ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരായ സാംസംഗും ഒഎന്‍ജിസിയും പ്രഖ്യാപിച്ചിരിക്കുന്ന 10 ലക്ഷം രൂപ വീതവും നരംഗിന് സമ്മാനമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: