പള്ളുരുത്തി: പശ്ചിമകൊച്ചിയില്‍ വൈദ്യുതിക്കമ്പികള്‍ തുടര്‍ച്ചയായി പൊട്ടിവീഴുന്നു. കാറ്റോ മഴയോ ഇല്ലാതിരിക്കുന്ന സമയത്ത് വെട്ടിയിടുന്ന പോലെയാണ് കമ്പികള്‍ പൊട്ടിവീഴുന്നതെന്ന് നാട്ടുകാര്‍ സാക്ഷ്യം. വൈദ്യുതിപ്രവാഹമുള്ള കമ്പികള്‍ പൊട്ടിവീണിട്ടും ആര്‍ക്കും ഇതുവരെ അപായമുണ്ടാകാതിരുന്നത് ഭാഗ്യം ഒന്നുകൊണ്ട് മാത്രം. പള്ളുരുത്തി സെക്ഷന്റെ കീഴില്‍ കഴിഞ്ഞ ആറ് മാസത്തിനിടയ്ക്ക് ജനവാസ പ്രദേശങ്ങളില്‍ 22 തവണ കമ്പി പൊട്ടിവീണിട്ടും ഒരു കുലുക്കവുമില്ലാതെ ബോര്‍ഡ് അധികൃതര്‍ നിസ്സംഗത പാലിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പെരുമ്പടപ്പ് ശ്രീനാരായണ റോഡില്‍ പട്ടാപ്പകല്‍ ഒരു വീട്ടമ്മയുടെ ദേഹത്ത് മുകളില്‍നിന്ന് പതിച്ചത് കറണ്ട് കമ്പിയാണെന്ന് അറിഞ്ഞതും ഇവര്‍ തലചുറ്റി വീഴുകയായിരുന്നു. പൊട്ടിവീണ കമ്പി കറണ്ട് പ്രവഹിക്കാത്ത ഭാഗമായതിനാല്‍ ഭാഗ്യംകൊണ്ട് മാത്രം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇവിടെത്തന്നെ ഏഴോളം തവണ കമ്പി പൊട്ടിവീണതായി പ്രദേശവാസികള്‍ പറയുന്നു. കെഎസ്ഇബിയുടെ ജീവനക്കാരെത്തി കമ്പികള്‍ കൂട്ടിയിണക്കി അവരുടെ ചുമതല തീര്ത്തുപോകുന്നതല്ലാതെ പഴകിയ കമ്പികള്‍ മാറ്റി സ്ഥാപിക്കാന്‍ ഇതുവരെ നടപടികള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലെന്നും പറയുന്നു.
പള്ളുരുത്തി തങ്ങള്‍ നഗര്‍, എസ്ഡിപിവൈ റോഡ്, ജനതാ ജംഗ്ഷന്, ഇടക്കൊച്ചി എന്നിവിടങ്ങളിലും കമ്പി പൊട്ടിവീഴുന്നത് തുടര്‍ സംഭവമായിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കൂടുന്നതിനാലും കമ്പികള്‍ പഴകിയാലും ഇവ പൊട്ടിവീഴാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബിയുടെ ജീവനക്കാര്‍ പറയുന്നു. പള്ളുരുത്തിയുടെ എല്ലാ ഭാഗങ്ങളിലും ഓള് അലൂമിനിയും കണ്ടക്ടാണ് വൈദ്യുതി ലൈനിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നതെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്.ലക്ഷ്മി പറഞ്ഞു. പരാതികള്‍ ഉള്ളിടങ്ങളില്‍ ഇവ മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ അറിയിച്ചു.
അതേസമയം, എസിഎസ്ആര്‍ കമ്പികള്‍ ഉപയോഗിച്ചുകൊണ്ട് പഴയവ പൂര്‍ണമായും മാറ്റണമെന്നും കെഎസ്ഇബി ജീവനക്കാര്‍തന്നെ പറയുന്നു.
അതേപോലെതന്നെ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതും തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കിയതും ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനും ബുദ്ധിമുട്ടാകുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പള്ളുരുത്തി സെക്ഷന്റെ കീഴിലെ 24,000 ഉപഭോക്താക്കള്‍ക്കായി പന്ത്രണ്ടോളം ജീവനക്കാരെ വച്ചുകൊണ്ടാണ് നിലവില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തുവരുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒഴിവുകള്‍ നികത്താതെ ജീവനക്കാരെ നേര് പകുതിയായി കുറച്ചതും പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഉപഭോക്തൃ ബാഹുല്യവും ഒരേസമയങ്ങളിലെ കൂടുതല്‍ വൈദ്യുതി ഉപയോഗവും ഓള് അലൂമിനിയം കണ്ടക്ടുകള്ക്ക് താങ്ങാന്‍ കഴിയാതെ വരുന്നതായും ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: