കിഴക്കമ്പലം: സാധാരണക്കാരായ ജനങ്ങള്‍ വിലക്കയറ്റംകൊണ്ട് ജീവിതം വഴിമുട്ടുമ്പോള്‍ ഇടിത്തീപോലെ വന്നുപെട്ട വൈദ്യുതിചാര്‍ജ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കുന്നത്തുനാട് പഞ്ചായത്ത് സമിതി മെഴുക്തിരി കത്തിച്ച് പ്രകടനം നടത്തി. പള്ളിക്കരയില്‍ നടത്തിയ പ്രകടനത്തിന് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനയ്ക്കേക്കര, പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.സി.കൃഷ്ണന്, മുരളി കോയിക്കര, എം.വി.രാജന് എന്നിവര്‍ നേതൃത്വം കൊടുത്തു.
നാളെ രാവിലെ കോലഞ്ചേരി ഇലക്ട്രിക്സിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി മനോജ് മനയ്ക്കേക്കര അറിയിച്ചു.
പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈദ്യുതിനിരക്ക് വര്‍ധനവില്‍ വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ഒക്കല്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധനങ്ങളുടെയും അടിക്കടിയുള്ള വിലവര്‍ധനവില്‍ നട്ടംതിരിയുന്ന സാധാരണക്കാരന് വൈദ്യുതിചാര്‍ജ് കൂടി വര്‍ധിച്ചതോടെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലായി എന്ന് പൗരസമിതി സെക്രട്ടറി ഒക്കല്‍ വര്‍ഗീസ് പറഞ്ഞു. മര്‍ച്ചന്റ് അസോസിയേഷന്, ആന്റികറപ്ഷന്‍ യൂണിറ്റ്, കര്തവ്യ ലൈബ്രറി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ ടി.കെ.അജയഘോഷ്, കെ.എ.പൊന്നപ്പന്, കെ.പി.രാജന്, മാധവന് നായര്‍, വി.പി.സുരേഷ്, വര്‍ഗീസ് പള്ളത്തുകുഴി, ടി.എ.സുരേഷ്, കെ.പി.അവറാച്ചന്, ടി.പി.അശോകന്, ജാക്സണ് വിനയന്, അജിത് തുടങ്ങിയവര്‍ സംസാരിച്ചു.
വെളിച്ചം നല്‍കുന്നതിന്റെ പേരില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന വൈദ്യുതിചാര്‍ജ് വര്‍ധന പിന്‍വലിക്കണമെന്ന് കേരള കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളനം കഴിയുന്നതുവരെ നോക്കിയിരുന്നശേഷം തൊട്ടടുത്ത ദിവസംതന്നെ വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സാമാന്യ നീതിക്ക് നിരക്കാത്ത ഇത്തരം പ്രവൃത്തികള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും കുടുംബ ബജറ്റുകള്‍ താറുമാറാക്കുമെന്നും കര്‍ഷകത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് കിഴക്കുമ്മശ്ശേരി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: