കൊച്ചി: നെല്‍വയല്‍ ഡാറ്റബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നേരിട്ട് നടത്തുന്ന പരിശോധനയ്ക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. മുന്‍കൂട്ടി അറിയിക്കാതെ ഇന്നലെ കളക്ടറേറ്റിലെത്തിയ മന്ത്രി തുടര്‍ന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുത്തു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ. സൂരജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്തെ മറ്റ് ജില്ലകളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
എഡിഎം, ആര്‍ഡിഒ, ഡപ്യൂട്ടി കളക്ടര്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അടിയന്തരയോഗവും മന്ത്രി വിളിച്ചു ചേര്‍ത്തു. ജില്ലയിലെ നെല്‍വയല്‍ ഡാറ്റബാങ്ക് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള ഡാറ്റബാങ്കിന്റെ പുനഃപരിശോധനയും സ്ഥലത്തെത്തി നേരിട്ടുള്ള പരിശോധനയും എത്രയും വേഗം പൂര്‍ത്തിയാക്കണം. സെപ്തംബര്‍ 17നകം അന്തിമ ഡാറ്റബാങ്ക് തയാറാക്കുമെന്നാണ് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കാക്കനാട് സീപോര്‍ട്ട് – എയര്‍ പോര്‍ട്ട് റോഡിന് സമീപം ഡിഎല്‍എഫിന്റെ നിര്‍മാണം പുരോഗമിക്കുന്ന പാര്‍പ്പിട സമുച്ചയം മന്ത്രിയും ലാന്‍ഡ് റവന്യൂ കമ്മീഷണറും സന്ദര്‍ശിച്ചു. സ്ഥലത്തിന്റെ സ്കെച്ച്, അടിസ്ഥാന നികുതി രജിസ്റ്റര്‍ തുടങ്ങിയ രേഖകളും ഇവിടെ വച്ച് പരിശോധിച്ചു. തുടര്‍ന്ന് തെങ്ങോട്, ഞാറക്കുഴി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലും മന്ത്രിയും ലാന്‍ഡ് റവന്യൂ കമ്മീഷണറും സന്ദര്‍ശനം നടത്തി. ഈ പാടങ്ങളില്‍ നാലു വര്‍ഷം മുമ്പ് വരെ മൂന്നു പൂ കൃഷി നടന്നിരുന്നതാണെന്ന് നാട്ടുകാര്‍ മന്ത്രിയെ ധരിപ്പിച്ചു. പാടം നികത്തല്‍ സംബന്ധിച്ച് പല തവണ പരാതി നല്‍കിയിരുന്നതാണെന്നും അവര്‍ പറഞ്ഞു.
ഡാറ്റ ബാങ്ക് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ എറണാകുളത്തെ സാഹചര്യം വിലയിരുത്താനാണ് താന്‍ മുന്‍കൂട്ടി അറിയിക്കാതെ എത്തിയതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 2008ല്‍ നിയമസഭ പാസാക്കിയ നെല്‍വയല്‍ – നീര്‍ത്തട സംരക്ഷണത്തിലെ സുപ്രധാന വ്യവസ്ഥയാണ് ഡാറ്റബാങ്ക് രൂപീകരണം. ഉപഗ്രഹ മാപ്പിങ്ങും സര്‍വെയും നടത്തി നെല്‍വയലുകളുടെ വിവരശേഖരണം നടത്തിയെങ്കിലും നിരവധി പരാതികള്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടാനാണ് നേരിട്ടുള്ള പരിശോധനയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
ജില്ലാതലത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്ഥലപരിശോധന നടത്തുക. ജനപ്രതിനിധികളോ പുറമെനിന്നുള്ളവരോ ഈ സംഘത്തിലുണ്ടാകില്ല. കണ്ടെത്തി നല്കുന്ന വിവരങ്ങളില്‍ പരിശോധനാസംഘത്തിന് പൂര്‍ണ ഉത്തരവാദിത്തമുണ്ടാകും. സംസ്ഥാനതലത്തിലും പ്രത്യേക പരിശോധനാ സംവിധാനം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി.
സംസ്ഥാനത്തെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്. 1971ല്‍ എട്ട് ലക്ഷം ഹെക്ടര്‍ നെല്‍വയലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് രണ്ട് ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. ഇവയെങ്കിലും സംരക്ഷിക്കപ്പെടണം. അതിനായി സ്വീകരിക്കുന്ന നടപടികളില്‍ തിരിമറി നടത്താന്‍ ആരെയും അനുവദിക്കില്ല – മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: