കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ബ്രഹ്മപുരം പ്രദേശത്ത് ടവര്‍ സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിക്കുന്നത് മൂലം സ്മാര്‍ട്ട് സിറ്റി കമ്പനിക്കുണ്ടാകുന്ന നഷ്ടം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചു. കൊച്ചി സര്‍വകലാശാലയിലെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിഭാഗം തലവന്‍ ഡോ. സി.എ.ബാബു നേതൃത്വം നല്കുന്ന കമ്മറ്റിയില്‍ സ്മാര്‍ട്ട് സിറ്റി, കെഎസ്ഇബി, റവന്യൂ വകുപ്പ് എന്നിവയുടെ പ്രതിനിധികള്‍ അംഗങ്ങളായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. സമിതി 7 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സ്മാര്‍ട്ട് സിറ്റി ഭൂമിയില്‍ ബ്രഹ്മപുരം ഭാഗത്ത് വൈദ്യുതി ടവര്‍ സ്ഥാപിച്ച് ലൈന്‍ വലിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. ലൈന്‍ വലിക്കുന്നത് മൂലം സ്മാര്‍ട്ട് സിറ്റിക്കുണ്ടാകുന്ന സ്ഥലത്തിന്റെ നഷ്ടം കണക്കാക്കുന്നതിനും പകരം സ്ഥലം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനും വിദഗ്ധ സമിതിക്ക് രൂപം നല്‍കുമെന്ന് അന്നത്തെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം, 2003ലെ കേരള ഇലക്ട്രിസിറ്റി നിയമം എന്നിവയുടെ അടിസ്ഥാനത്തില്‍ ഇരുകൂട്ടരുടെയും വാദം കേട്ട ശേഷമാണ് കളക്ടര്‍ തീരുമാനമെടുത്തത്.
വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നത് വരെ ബ്രഹ്മപുരത്ത് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന കെഎസ്ഇബിയുടെ സ്ഥലത്ത് മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുണ്ട്.
പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ പള്ളിക്കര 440 കെ.വി സബ് സ്റ്റേഷനില്‍ നിന്നും ബ്രഹ്മപുരത്തെ 220 കെവി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരുന്നതിനുള്ള 220 കെവി ലൈനിന്റെ 22-ാമത്തെ ടവറാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് സ്ഥാപിക്കുന്നത്. 120 മീറ്റര്‍ നീളത്തില്‍ വൈദ്യുതി ലൈനും പദ്ധതി പ്രദേശത്തിന് മുകളിലൂടെ കടന്നു പോകും. സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ നടത്തിയ ഹിയറിങ്ങില്‍ പദ്ധതി പ്രദേശത്ത് ടവര്‍ സ്ഥാപിക്കുന്നതിനും ലൈന്‍ വലിക്കുന്നതിനും വിരോധമില്ലെന്നും എന്നാല്‍ ടവറിന്റെയും ലൈനിന്റെയും പരിധിയില്‍ വരുന്ന സ്ഥലത്തിന് പകരമായി കെഎസ്ഇബി തങ്ങള്‍ക്ക് സ്ഥലം നല്‍കണമെന്നും സ്മാര്‍ട്ട് സിറ്റി ആവശ്യപ്പെട്ടു. സ്ഥലം നല്കാന് തയാറല്ലെന്നും കളക്ടറുടെ പ്രത്യേകാധികാരം ഉപയോഗിച്ച് ലൈന്‍ വലിക്കാന്‍ അനുമതി നല്‍കണമെന്നും കെഎസ്ഇബിയും നിലപാടെടുത്തു. തുടര്‍ന്ന് തര്‍ക്കസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് കൂടി നടത്തിയ ശേഷമാണ് കളക്ടര്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: