തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിക്കും. ചാര്‍ജ്ജ് വര്‍ദ്ധനയ്ക്കുള്ള വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശക്ക് റെഗുലേറ്ററി കമ്മീഷന് തത്വത്തില്‍ അംഗീകാരം നല്കി. 30 ശതമാനം വര്‍ദ്ധനവാണ് കെഎസ്ഇബി ആവശ്യപ്പെട്ടതെങ്കിലും ചെറുകിട ഉപഭോക്താക്കളെ വലിയ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുകയാണ് റെഗുലേറ്ററി കമ്മീഷന്റെ ലക്ഷ്യം. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനയില്ല. 500 യൂണിറ്റിന് മുകളിലുള്ളവര്‍ക്ക് വന്‍വര്‍ധന ഏര്‍പ്പെടുത്താനും റഗുലേറ്ററി കമ്മീഷന് അനുമതി നല്കി. ഇവര്‍ക്ക് ടെലിസ്കോപിങ് ബില്ലിങ് രീതിയില്ല. 150നും 500 യൂണിറ്റിനും ഇടയ്ക്ക് 30ശതമാനം വരെ വര്‍ധനയാണുണ്ടാവുക.
10 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്തു വൈദ്യുതി നിരക്ക് കൂട്ടുന്നത്. വ്യവസായ, വാണിജ്യ ഉപഭോക്താക്കള്‍ക്കു കാര്യമായ വര്‍ധനയില്ലെന്നാണ് സൂചന. മഴക്കുറവു മൂലം അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞത് സംസ്ഥാനത്തെ കടുത്ത വൈദ്യുതപ്രതിസന്ധിയിലേക്കു നയിക്കുന്ന സാഹചര്യത്തിലാണ് വര്‍ധന. ജലസംഭരണികളില്‍ 76.9 കോടി യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളു. കഴിഞ്ഞ വര്‍ഷം ഇതേസമയം, 201.5 കോടി യൂണിറ്റിന്റെ വെള്ളമുണ്ടായിരുന്നു
1546.40 കോടി രൂപ അധികവരുമാനം ലഭിക്കുന്ന നിരക്ക് വര്ധനാനിര്ദേശമാണ് വൈദ്യുതി ബോര്‍ഡ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് നല്‍കിയത്. ഏതാണ്ട് ഇത്രതന്നെ വരുമാനം കിട്ടുന്ന നിരക്കുവര്‍ധന അനുവദിക്കാനാണ് കമ്മീഷന്റെ തീരുമാനം. എന്നാല്‍ വിവിധ വിഭാഗങ്ങള്‍ക്ക് ബോര്‍ഡ് നിര്‍ദേശിച്ച പ്രകാരമായിരിക്കില്ല വര്‍ധന.
യൂണിറ്റിന് വിവിധ വിഭാഗങ്ങളിലായി 35 പൈസ മുതല്‍ 1.30 രൂപ വരെ കൂട്ടാനാണ് ബോര്‍ഡിന്റെ നിര്‍ദേശം. ഫിക്സഡ് ചാര്‍ജായി അഞ്ചുമുതല്‍ 90 രൂപവരെ പിരിക്കാനും ബോര്‍ഡ് അനുമതി തേടിയിരുന്നു. ഗാര്‍ഹിക മേഖലയില്‍ മാസം 300 യൂണിറ്റിനുമുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് കാര്യമായ വര്‍ധനയുണ്ടാവും. വ്യാവസായിക മേഖലയില്‍ കടുത്ത വര്‍ധന ഒഴിവാക്കും. അതേസമയം കച്ചവടകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, നക്ഷത്ര ഹോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തെ കാര്യമായ വര്‍ധനയാണ് കാത്തിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജപ്രതിസന്ധിയാണ് നേരിടുന്നതെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. മഴക്കുറവ് മൂലം അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞത് സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യത്തിലാണ് നിരക്കുവര്‍ധന. അഞ്ചു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് അണക്കെട്ടുകളിലെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വിലക്കയറ്റംകൊണ്ട് നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് വൈദ്യുതി നിരക്ക് വര്‍ദ്ധന. പെട്രോളിന് അനുദിനം വില കൂടുന്നതിനൊപ്പം ഡീസലും പാചകവാതകത്തിനും വില കൂട്ടാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: