കൊച്ചി: ഹോട്ടല്‍ ഭക്ഷണത്തിന്റെ വില, ശുചിത്വം തുടങ്ങിയവയില്‍ പരാതി സ്വീകരിക്കാന്‍ ദ്വിതല സംവിധാനം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് ഈ മേഖലയില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കാനാണ് ആദ്യഘട്ടത്തില്‍ ശ്രമം നടത്തുന്നത്. ഇത് ഫലപ്രദമായില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ഹോട്ടലുകളുടെ ഗ്രേഡിങ് സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഹോട്ടലുടമകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില ഏകീകരണം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. അതുവരെ ഇതു സംബന്ധിച്ച പരാതികള്‍ ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനോ ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ സമര്‍പ്പിക്കാം. ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതികളിലും അസോസിയേഷനുമായി ബന്ധപ്പെടാനാണ് ഇപ്പോഴത്തെ തീരുമാനം. പരാതികള്‍ പരിഹരിക്കുന്നതില്‍ ഹോട്ടലുടമകള്‍ എത്ര മാത്രം സഹകരിക്കുമെന്ന് വിലയിരുത്തിയ ശേഷം തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഹോട്ടലുകളില്‍ ആഹാരസാധനങ്ങളുടെ വിലവിവരപ്പട്ടിക നിര്‍ബന്ധമാണ്. ഇത് പ്രദര്‍ശിപ്പിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ ജില്ല സപ്ലൈ ഓഫീസര്‍ നടപടി സ്വീകരിക്കും. ഹോട്ടലുകളിലെ പൊതുവായ ശുചിത്വം പരിശോധിക്കുന്നതിനും പൊതുജനാരോഗ്യം ഉറപ്പു വരുത്തുന്നതിനും ആരോഗ്യ വകുപ്പിന് ചുമതലയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ഭക്ഷ്യവിഷബാധയുടെ പേരില്‍ ഷവര്‍മയുടെ വില്പന തടഞ്ഞത് പുനഃപരിശോധിക്കണമെന്ന് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടു. ഷവര്‍മയ്ക്കൊപ്പം നല്കുന്ന മുട്ട ചേര്‍ത്തുണ്ടാക്കിയ മയണൈസാണ് വിഷബാധയ്ക്ക് കാരണം. മയണൈസാണ് നിരോധിക്കേണ്ടത്. തന്തൂരി ചിക്കന്‍, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയവയ്ക്കൊപ്പവും മയണൈസ് നല്‍കാറുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ജില്ല സപ്ലൈ ഓഫീസര്‍ എം.സി. രാധാമണി, കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മോഹന്‍, ജില്ല പ്രസിഡന്റ് എം.പി. ഷിജു തുടങ്ങിയവരും താലൂക്ക് സപ്ലൈ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: