ഇസ്ലാമാബാദ്: പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതരെ സമീപിക്കുന്നത് സംബന്ധിച്ച് ഇതുവരെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് പാക് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അറ്റോര്‍ണി ജനറല്‍ ഇര്ഫാന് ഖദീര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് മറുപടിയായാണ് സര്‍ക്കാരിന്റെ നിലപാട് ഇന്നലെ കോടതിയിലറിയിച്ചത്. അതേസമയം, ജസ്റ്റിസ് ആസിഫ് സയിദ് ഖാന് ഖോശയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. സര്‍ക്കാരിന്റെ നിലപാടില്മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കാനിരിക്കെ സര്‍ക്കാരും കോടതിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നാണ് നിരീക്ഷകരുടെ നിഗമനം. സര്‍ക്കാരിന്റെ നിലപാട് കോടതി തള്ളിക്കളയുമെന്നാണ് സൂചന.
പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്നും അതിന്റെ റിപ്പോര്‍ട്ട് ഈ മാസം 25 ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. നേരത്തെ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിനെത്തുടര്ന്നാണ് മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ കോടതിയലക്ഷ്യക്കേസില്‍ അയോഗ്യനാക്കിയത്.
ഈ മാസം 25 ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്ത പക്ഷം, ഭരണഘടനാപരമായി നടപടികള്‍ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടയിലാണ് ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.
എന്നാല്‍ ഇനിയൊരു കോടതിയലക്ഷ്യത്തിന് സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കോടതിലക്ഷ്യമുള്പ്പെടെയുള്ള കോടതി നടപടികളില്‍നിന്ന് പാക്കിസ്ഥാനിലെ ഉന്നത ഭരണാധികാരികളെ സംരക്ഷിക്കുന്ന ബില്‍ അടുത്തിടെ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അതുകൊണ്ട് തന്നെ, ഈ വിഷയത്തില്‍ പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിനെതിരെ നേരിട്ട് നടപടി സ്വീകരിക്കുവാന്‍ എങ്ങനെ സാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയോട് ചോദിച്ചു.
ആസിഫ് അലി സര്‍ദാരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് 2009 ലാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫും, സര്‍ദാരിയും ഉള്‍പ്പെടെ നിരവധിപേര്‍ അഴിമതിക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അന്നുമുതല്‍ ഇന്നുവരെ ഈ വിഷയത്തില്‍ പാക് സര്‍ക്കാര്‍ സ്വിസ് അധികൃതര്‍ക്ക് കത്തയച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: