അങ്കമാലി: കാലടി പഞ്ചായത്തിലെ മറ്റൂര്‍ വില്ലേജില്‍ പിരാാരൂരിന് സമീപം അനധികൃതമായി നിലം നികത്തുന്നതിനായി മണ്ണുമായി പോകുകയായിരുന്ന ഏഴു വാഹനങ്ങള്‍ ആലുവ അഡീഷണല്‍ തഹല്‍സിദാര്‍ ശോഭനയുടെ നേതൃത്വത്തില്‍ പിടിക്കൂടി. അനധികൃതമായി മണ്ണ് അടിക്കുന്നത് പോലീസിനെ വിവരം അറിയിച്ചിട്ടും എത്താത്തതിനെ തുടര്‍ന്ന് കാലടി പഞ്ചായത്ത് മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ലോറികള്‍ തടഞ്ഞിട്ടതിനുശേഷമാണ് തഹല്സിദാരും ഉദ്യോഗസ്ഥരും എത്തി ലോറികള്‍ പിടികൂടിയത്.
ശനിയാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വച്ചാണ് വാഹനങ്ങള്‍ പിടിക്കൂടിയത്. തുടര്‍നടപടികള്‍ക്കായി വാഹനങ്ങള്‍ നെടുമ്പാശ്ശേരി പോലീസിന് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇരുപതോളം മിനി ടിപ്പറുകളുടെ നേതൃത്വത്തില്‍ നെടുമ്പാശ്ശേരി മറ്റൂര്‍ റോഡില്‍ നൂറുകണക്കിന് ഏക്കര്‍ ഭൂമി നികത്തുന്നതിനിടെയാണ് മുകളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആലുവ അഡീഷണല്‍ തഹല്സിദാരുടെ നേതൃത്വത്തില്‍ ലോറികള്‍ പിടികൂടിയത്. പിടികൂടിയ ലോറികള്‍ നിസാരമായ ചാര്‍ജുകള്‍ ഉള്‍പ്പെടുത്തി വിട്ടയ്ക്കുവാന്‍ വന്‍സമ്മര്‍ദ്ദം നടക്കുന്നുണ്ട്.
പോലീസിന്റെയും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണയോടെ നികത്തുന്ന ലോറികള്‍ തലങ്ങും വിലങ്ങും മണ്ണുമായി ചീറിപായുമ്പോള്‍ കാല്‍നടയാത്രപോലും നടത്താന്‍ പറ്റാതെ ഭീതിയോടെയാണ് നാട്ടുകാര്‍ ഈ പ്രദേശത്ത് ജീവിക്കുന്നത്. നാട്ടുകാര്‍ തഹല്സിദാരെ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് അഡീഷണല്‍ തഹസില്‍ദാരും ഉദ്യോഗസ്ഥരും നെടുമ്പാശേരി എയര്‍പോര്‍ട്ട്-മറ്റൂര്‍ റോഡില്‍വച്ച് ടിപ്പര്‍ ലോറികള്‍ പിടിക്കൂടി നെടുമ്പാശ്ശേരി പോലീസിന് കൈമാറിയത്. നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലും പരിസരപ്രദേശങ്ങളിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ചതിപ്പുപ്രദേശങ്ങള്, നെല്‍പ്പാടങ്ങള്‍, ഇഷ്ടികകളങ്ങള്ക്കുവേണ്ടി കുഴിച്ച ഭൂമികള്‍, വിലകുറവിന് വാങ്ങി ആര്‍ക്കും വേണ്ടാത്ത വെറുതെ കിട്ടുന്ന മണ്ണിട്ട് നികത്തി വിമാനത്താവളത്തിന്റെ പരിസരങ്ങള്‍ എന്ന് പറഞ്ഞ് ഇന്റനെറ്റ് പരസ്യം ചെയ്ത് പ്ലോട്ടുകളായി തിരിച്ച് വില്പന നടത്തുന്ന വന്‍ മാഫിയ സംഘങ്ങളാണ് ഈ നികത്തിലിന്റെ പിന്നിലെന്ന് ആരോപണമുണ്ട്.
ഇന്റര്‍നെറ്റില്‍ പരസ്യംകണ്ട് സ്ഥലത്തെക്കുറിച്ച് മുന്‍ധാരണകളില്ലാതെ വന്‍തുകയ്ക്ക് ഈ സ്ഥലം സ്വന്തമാക്കുന്നവര്‍ സ്ഥലം വാങ്ങിയതിനുശേഷം വീട് വയ്ക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ചതിയില്‍പ്പെടുന്നത് മനസ്സിലാകുന്നത്. തങ്ങള്‍ വന്‍തുകകൊടുത്ത് വാങ്ങിയത് വന്‍ഗര്‍ത്തങ്ങളും ഇഷ്ടികകളങ്ങള്ക്കുവേണ്ടി താഴ്ത്തിയ കുഴികളാണെന്നും അറിയുകയും ഇത് നികത്തുവാന്‍ ഉപയോഗിച്ച മണ്ണ് ഏറ്റവും മോശപ്പെട്ട മണ്ണാണ് എന്ന് അറിയുന്നതോടെ സ്വന്തമായി ഒരു വീട് പണിയുകയെന്ന സാധാരണക്കാരായ വിദേശ മലയാളികളായ ഇത്തരക്കാരുടെ സ്വപ്നങ്ങള്‍ പൊലിയുകയാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇത്തരം ചതിക്കുഴിയില്‍ നൂറുകണത്തിന് പേരാണ് പെട്ടിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച അനധികൃതമായി മണ്ണ് പിടിക്കൂടിയ ടിപ്പര്ലോറികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കുവാന് പോലീസ് ഉള്‍പ്പെടെയുള്ള അധികാരികള്‍ തയ്യാറാകാതിരിക്കുന്നത് മണ്ണ് മാഫിയയുമായുള്ള അവിശുദ്ധ ബന്ധം കൂടുതല്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: