കൊച്ചി: ബ്ലോക്ക് പഞ്ചായത്ത് തലത്തിലുള്ള ഗ്രാമീണ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന, വിപണന മേളയായ ഐആര്‍ഡിപി, എസ്ജിഎസ്വൈ ട്രേഡ് ഫെയറിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കമായി. ആഗസ്റ്റ് 23 മുതല്‍ 27 വരെ എറണാകുളത്തപ്പന് ഗ്രൗണ്ടിലാണ് മേള. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് പുറമെ ഇടുക്കി, പാലക്കാട്, ആലപ്പുഴ ജില്ലാ പഞ്ചായത്തുകളുടെ പ്രാതിനിധ്യവും ഇക്കുറി മേളയിലുണ്ടാകും. തദ്ദേശ സ്വയംഭരണം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംഘാടകസമിതിക്ക് രൂപം നല്കി. മേളയില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ബിനാമികളെ അനുവദിക്കില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. സ്റ്റാളുകളില്‍ മുന്‍വര്‍ഷത്തെക്കാള്‍ സ്ഥലസൗകര്യമുണ്ടാകും. ജില്ലയിലെ ലീഡ് ബാങ്കായ യൂണിയന് ബാങ്ക് മേള നഗരിയില്‍ പ്രത്യേക ക്യാഷ് കൗണ്ടറുകള്‍ തുറക്കും.
സംസ്ഥാനതലത്തില്‍ 1984ല്‍ എറണാകുളത്താണ് ഐആര്‍ഡിപി മേള ആദ്യമായി സംഘടിപ്പിച്ചത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചു. എറണാകുളത്ത് ഇത് 29-ാമത്തെ മേളയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വയം തൊഴില്‍ പദ്ധതികളായ ഐആര്‍ഡിപി, എസ്ജിഎസ്വൈ സംരംഭങ്ങളുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഗ്രാമീണര്‍ ഉല്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായാണ് ജില്ല തോറും മേള സംഘടിപ്പിക്കുന്നത്. ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ മിതമായ വിലയില്‍ മേളയില്‍ നിന്നും ലഭിക്കും. തനത് ഗ്രാമീണ ഉല്‍പ്പന്നങ്ങള്‍ നഗരവാസികള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച അവസരം കൂടിയാണ് ഐആര്‍ഡിപി മേള. കഴിഞ്ഞ വര്‍ഷം എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടത്തിയ മേളയില്‍ 30.19 ലക്ഷം രൂപയായിരുന്നു വിറ്റുവരവ്.
കരകൗശല ഉല്‍പ്പന്നങ്ങള്‍, അച്ചാര്‍, ജാം, ഉപ്പേരി, പുകയില്ലാത്ത അടുപ്പ്, പൊക്കാളി അരി, മണ്‍പാത്രങ്ങള്‍, കുട്ട, മുറം, വസ്ത്രങ്ങള്‍, സോപ്പ്, ചന്ദനത്തിരി, പുല്‍ത്തൈലം, വിനിഗര്‍, കുരുമുളക്, കുടംപുളി, തേന്‍, ചുക്ക്, കത്തി, സ്ക്വാഷ്, ചെരുപ്പ്, രാമച്ചക്കിടക്ക, വിശറി, തലയിണ, മുറിവെണ്ണ, പറ, നാഴി, വൈന്‍, അരിപ്പൊടി, ചൂരല്‍ സാമഗ്രികള്‍, തുണി ബാഗുകള്‍ തുടങ്ങിയവയുടെ വന്‍ ശേഖരം ഇക്കുറിയും മേളയിലുണ്ടാകും.
കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, സംസ്ഥാന മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, അനൂപ് ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ മുഖ്യരക്ഷാധികാരിമാരും ജില്ലയില്‍ നിന്നുള്ള എം.പിമാരും എംഎല്‍എമാരും രക്ഷാധികാരികളുമായി വിപുലമായ സ്വാഗതസംഘമാണ് മേളയുടെ നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ചെയര്‍മാനും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് ജനറല്‍ കണ്‍വീനറും എന്‍. വിനോദിനി കണ്‍വീനറുമാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെട്ടതാണ് സ്വാഗതസംഘം.
മേളയുടെ നടത്തിപ്പിനായി നബാര്‍ഡ്, ബാങ്കുകള്‍ തുടങ്ങിയവയുടെ ധനസഹായം തേടുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: