പെരുമ്പാവൂര്‍: സിപിഎമ്മില്‍നിന്നും രാജിവച്ച് സിപിഐയില്‍ ചേര്‍ന്ന കിഴക്കമ്പലം സ്വദേശി മുറിവിലങ്ങ് പുറമടം എബി (28) അടക്കമുള്ളവരെ വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളായ സിപിഎം മുറിവിലങ്ങ് ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേരെ 1 വര്‍ഷം കഠിനതടവിനും 7000 രൂപ വീതം പിഴയൊടുക്കാനും ശിക്ഷിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി വിലങ്ങ്വെള്ളിരിങ്ങല് എബി ഏല്യാസ് (32), മുന്‍ ലോക്കല്‍ സെക്രട്ടറിയുടെ മകന് തൊഴുത്തുമ്മല് വിജേഷ് (33), കോലഞ്ചേരി ഏരിയാകമ്മറ്റി സെക്രട്ടറിയുടെ അനുജന് കാനാംപുറം പൗലോസ് (50) സിപിഎം അംഗങ്ങളായ മലയിടംതുരുത്ത്, തൊമ്മന്‍കുടി ജോബി (30) ചൂരക്കാട് കോലത്തുംകുടി ഷിജി (40) മാക്കിനിക്കര ചെമ്മല, എല്‍ദോസ് (34) എന്നിവരെയാണ് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ച് ഉത്തരവായത്.
2007 മാര്‍ച്ചിലാണ് സിപിഎം വിട്ട് സിപിഐയില്‍ ചേര്‍ന്ന എബിയെയും കൂട്ടരെയും പ്രതികള്‍ വീട് കയറി ആക്രമിച്ചത്. നിരവധിപേര്‍ അന്ന് സിപിഎം വിട്ട് പോയതിനാല്‍ തുടര്‍ന്ന് നടന്ന കിഴക്കമ്പലം സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ പരാജയം ഏല്‍ക്കേണ്ടിവന്നിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ താമരച്ചാലിലുള്ള എഐടിയുസി ഓഫീസും കിഴക്കമ്പലം സിപിഐ ഓഫീസും സിപഎമ്മുകാര്‍ തീയിട്ട് നശിപ്പിച്ചിരുന്നതായും പറയുന്നു. ഇത്തരം സംഭവങ്ങളെ തുടര്‍ന്നാണ് പ്രതികള്‍ വീടുകയറി ആക്രമിച്ചതെന്നും പരിക്കേറ്റവര്‍ പറഞ്ഞു. പ്രതികള്‍ക്ക് അപ്പീല്‍ ബോധിപ്പിക്കുന്നതിന് ഒരു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. പ്രോസികൂഷനുവേണ്ടി എപിപി ഹരിദാസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: