പള്ളുരുത്തി: പള്ളുരുത്തിയിലും സമീപപ്രദേശങ്ങളിലും അമോണിയവാതകം ചോരുന്നത് നിത്യസംഭവമാകുമ്പോള്‍ അധികൃതര്‍ കടുത്ത നിസ്സംഗത പാലിക്കുന്നുവെന്ന് ആക്ഷേപം ഉയരുന്നു. പശ്ചിമകൊച്ചിയുടെ തെക്കന്‍ മേഖല പരിശോധിച്ചാല്‍ അറുപതോളം മത്സ്യസംസ്ക്കരണ- ഇതര സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയൊന്നും വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. ട്രോളിംഗ് നിരോധനമായതിനാല്‍ മത്സ്യസംസ്ക്കരണ ശാലകള്‍ അടച്ചുപൂട്ടിയുള്ള മെയിന്റനന്‍സ് വര്‍ക്കുകള്‍ നടന്നു വരികയാണ്. എല്ലാ കമ്പനികളിലും വര്‍ക്കുകള്‍ നടക്കുമ്പോഴും തൊഴിലാളികള്‍ പാലിക്കേണ്ട സുരക്ഷാക്രമീകരണങ്ങളും പാലിക്കാറില്ല. അമോണിയ വാതക പൈപ്പുകളില്‍ വര്‍ക്ക് നടക്കുമ്പോള്‍ അണിയേണ്ട ജാക്കറ്റ്, മാസ്ക്ക് ഇവയൊന്നും തൊഴിലാളികള്‍ ധരിക്കാറില്ല. കഴിഞ്ഞ ആറുമാസത്തിനിടയ്ക്ക് ഇടക്കൊച്ചി, പള്ളുരുത്തി, തോപ്പുംപടി ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ 19- ഓളം ഇടങ്ങളിലാണ് അമോണിയവാതകം ചോര്‍ന്നത്. പള്ളുരുത്തിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമോണിയ വാതകം ചോര്‍ന്നതിനെത്തുടര്‍ന്ന് ഇവിടെ ജോലിചെയ്തിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള 12- ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. നിരന്തരം അമോണിയവാതകം ചോരുമ്പോഴും ഇത് നിയന്ത്രിക്കേണ്ടവരും പരിശോധന നടത്തേണ്ടവരും കമ്പനി ഉടമകളുടെ വാദഗതികളില്‍ പക്ഷം പിടിച്ച് പുതിയ ന്യായങ്ങള്‍ കണ്ടെത്തുകയാണ്. അരകിലോമീറ്ററിനകത്തും അപകടങ്ങള്‍ സംഭവിക്കുമ്പോഴും കുമ്പളങ്ങി വഴിയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്റ്ററി ആന്റ് ബോയ്ലേഴ്സിന്റെ ഉദ്യോഗസ്ഥര്‍ ഒരു പ്രാവശ്യം പോലും ഈ കമ്പനികളില്‍ പരിശോധനക്ക് എത്തിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ആവശ്യമെങ്കില്‍ നിത്യവും അപകട സൂചനയുള്ള ഫാക്റ്ററികള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തണമെന്നകാര്യവും ഉദ്യോഗസ്ഥര്‍ വിസ്മരിക്കുകയാണ്. ഇനിയും ഒരു ഭാഗ്യപരീക്ഷണം നടത്തി ജനങ്ങളുടെ ജീവന്റെ വിലവെച്ച് പന്താടരുതെന്നാണ് പള്ളുരുത്തി സ്വദേശികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: