ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്കി പാര്‍ട്ടിയുടെ പടിയിറക്കപ്പെടുമെന്ന് സംസ്ഥാന നേതൃത്വം കരുതിയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് കൂടുതല്‍ കരുത്തനായി കേരളത്തിലേയ്ക്ക് തിരിച്ചുവരുന്നത് കേന്ദ്ര കമ്മറ്റി നടപടി വെറും ഒരു പരസ്യശാസനയില്‍ ഒതുങ്ങിയപ്പോഴാണ്. അച്യുതാനന്ദന് സംസ്ഥാന നേതൃത്വത്തിനെതിരെ കാര്യകാരണസഹിതം നിരത്തിയ വാദമുഖങ്ങള്‍ മാത്രമല്ല കേന്ദ്ര നേതൃത്വത്തെ ഈ വഴിപാട് നടപടിയ്ക്ക് പ്രേരിപ്പിച്ചത്. അച്യുതാനന്ദന് തെളിവുകളും സമകാലിക യാഥാര്‍ത്ഥ്യങ്ങളും ഉദ്ധരിച്ച് പാര്‍ട്ടിയുടെ വലതുപക്ഷ നയ വ്യതിയാനവും ലോട്ടറി മാഫിയ, റിസോര്‍ട്ട് മാഫിയ തുടങ്ങി മാഫിയകളോടുള്ള വിധേയത്വവും ടിപി വധത്തില്‍ 70ല്‍പ്പരം നേതാക്കളും അണികളും പോലീസ് പിടിയിലായതും കൊലയാളികള്‍ക്ക് രക്ഷപ്പെടാനും ചികിത്സ നല്‍കാനും വരെ കണ്ണൂര്‍ ലോബി തയ്യാറായതും അക്കമിട്ട് നിരത്തിയപ്പോഴാണ് പാര്‍ട്ടി വിറച്ചുപോയത്. ഇന്ത്യയില്‍ തന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അപ്രസക്തമായതും പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ സിംഗൂര്‍-നന്ദിഗ്രാം നടപടികളിലൂടെ തെരഞ്ഞെടുപ്പില്‍ തോറ്റ് കീഴടങ്ങേണ്ടി വന്നതും സിപിഎം നേതൃത്വത്തെ അച്യുതാനന്ദനെതിരെ കര്‍ശന നടപടി എടുക്കുന്നതില്‍നിന്ന് പിന്തിരിച്ചിട്ടുണ്ടാവാം. ശക്തമായ ജനപിന്തുണ വിഎസിനുള്ളപ്പോള് സംസ്ഥാന നേതൃത്വത്തിനുള്ളത് കൊലപാതക പ്രതിഛായയാണല്ലോ. വിഎസിനെ പുറംതള്ളിയാല്‍ എന്തിനും മടിക്കാത്ത അദ്ദേഹത്തിന്റെ ഭാവി നടപടികളെക്കുറിച്ചും പാര്‍ട്ടി ആശങ്കപ്പെട്ടു കാണും. മറ്റു സംസ്ഥാന നേതാക്കളും വിഎസിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.
വിഎസിന്റെ വാക്കുകളും പ്രവൃത്തിയും പാര്‍ട്ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഔദ്യോഗിക പക്ഷത്തെ വിഎസ് പ്രതിരോധിച്ചത് കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരനെ കുലംകുത്തി എന്നു വിളിച്ചാക്ഷേപിച്ചതും മദനിയെ കൂട്ടുപിടിച്ച് കേരള യാത്ര നടത്തിയതും പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കാന്‍ ശ്രമിച്ചതും ചൂണ്ടിക്കാണിച്ചാണ്. സംസ്ഥാന നേതൃത്വം ടി.പി.വധത്തിനുശേഷം ചോരക്കറ പുരണ്ടതായപ്പോള് അത് പ്രതിരോധിക്കാനാണ് ഒഞ്ചിയം സന്ദര്‍ശനം എന്ന് അച്യുതാനന്ദന് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയ്ക്ക് അപ്രിയരാകുന്നവരെ വകവരുത്തുന്നു. കണ്ണൂര്‍ ലോബിയാണ് താനല്ല പ്രതിക്കൂട്ടില്‍ എന്നും വിഎസ് വാദിച്ചു. കേരള നേതൃത്വത്തിന്റെ വലതുപക്ഷ വ്യതിയാനവും കോര്‍പ്പറേറ്റ് വല്ക്കരണവും തിരിച്ചറിഞ്ഞ കേന്ദ്രനേതൃത്വമാണ് വിഎസിനെതിരെയുള്ള നടപടി പരസ്യശാസനയില്‍ ഒതുക്കിയത്. വിഎസ് പുറത്തുപോയാല്‍ ഒരു ബദല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപപ്പെട്ടേക്കാം എന്ന ആശങ്കയും ഇതിന് പ്രേരകമായിരുന്നിരിക്കണം. അച്ചടക്ക നടപടി അഭിമുഖീകരിക്കാതെ തിരിച്ചെത്തുന്ന വിഎസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് അണികള്‍ രംഗത്തുവന്നത് ഇതിന് തെളിവാണ്. സംസ്ഥാന സെക്രട്ടറിയെ ഡാങ്കെയോടുപമിച്ചതുപോലും പാര്‍ട്ടി കേന്ദ്രനേതൃത്വം അവഗണിച്ചു. കേന്ദ്ര കമ്മറ്റി യോഗത്തിന് പോകും മുന്‍പ് അച്ചടക്കനടപടി പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം ഭീഷണിയ്ക്ക് വഴങ്ങാത്തയാളാണ് താനെന്ന വിഎസിന്റെ പ്രഖ്യാപനത്തില്‍പോലും ഒരു മുന്നറിയിപ്പിന്റെ ധ്വനി ഉണ്ടായിരുന്നല്ലോ. ഇതിന്റെ സാക്ഷിപത്രമാണ് വിഎസ് പാര്‍ട്ടി സമ്മേളനത്തില്‍ ഉയര്‍ത്തിയ വാദമുഖങ്ങള്‍ ഒരു പ്രമുഖ ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഇപ്പോള്‍ പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്.
പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും വിഎസിനോട് പാര്‍ട്ടിവിരുദ്ധ പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് അപേക്ഷിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ ഓരോ താക്കീതില്നിന്നും കൂടുതല്‍ പ്രചോദനമുള്‍ക്കൊണ്ട് കണ്ണൂര്‍ ലോബിയെ ആക്രമിക്കുന്ന വിഎസ് പാര്‍ട്ടി സമ്മേളനത്തില്‍ ചില തെറ്റുകള്‍ അംഗീകരിച്ചെങ്കിലും നിശ്ശബ്ദനാകുമെന്ന് പ്രതീക്ഷിക്കാന്‍ സാധ്യമല്ല. ചുരുക്കത്തില്‍ വിഎസ് അച്യുതാനന്ദനെതിരെയുള്ള ഈ പരസ്യശാസനം വെറും ഒരു മുഖം രക്ഷിക്കല്‍ തന്ത്രമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുംകൊണ്ട് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഇനിയും മുഖരിതമായി തുടരാനാണ് സാധ്യത. പ്രത്യേകിച്ചും ടിപി വധക്കേസില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം തന്നെ പ്രതിക്കൂട്ടിലായതിനാല്‍. അറസ്റ്റിലായ എല്ലാവര്ക്കും പാര്‍ട്ടി ബന്ധമുണ്ടെന്നതും അവരെ രക്ഷിക്കാന്‍ പാര്‍ട്ടി അശ്രാന്ത പരിശ്രമം നടത്തുന്നതും ജയരാജത്രയത്തിന്റെ നിഷേധാത്മക പ്രതികരണങ്ങളും എല്ലാം പാര്‍ട്ടിയുടെ അപ്രമാദിത്വ ഇടപെടലുകള്‍ തെളിയിക്കുന്നു. ചന്ദ്രശേഖരന് വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് പറയുന്ന കാരാട്ട് തന്നെ പാര്‍ട്ടി തലത്തില്‍ ഈ കേസ് അന്വേഷിക്കുമെന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍ വൈരുധ്യമുണ്ട്. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മുഖം നഷ്ടപ്പെട്ടിരിക്കുന്നത് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനാണ്.
ധീരതയുടെ വനിതാരൂപം
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ അന്ത്യത്തോടെ ധൈര്യത്തിന്റേയും സേവനത്തിന്റെയും മാതൃകയായിരുന്ന ഒരു ഉദാത്ത സാന്നിദ്ധ്യമാണ് അപ്രത്യക്ഷമായത്. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍ ഐഎന്‍എയുടെ ഝാന്‍സി റാണി റെജിമെന്റിന്റെ ക്യാപ്റ്റനായി യൂണിഫോം ധരിച്ച് ക്യാപ്റ്റന്‍ ലക്ഷ്മി ചരിത്രം കുറിച്ചു. എന്നും സേവനം മുഖ്യ ലക്ഷ്യമായിരുന്ന ഡോക്ടറായ ലക്ഷ്മി സ്വാമിനാഥന് യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ രംഗത്തിറങ്ങിയതിന് ജയില്‍വാസമനുഭവിക്കേണ്ടി വന്നിരുന്നു. പിന്നീടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കായി നേതാജി രൂപീകരിച്ച ഐഎന്‍എയില്‍ ചേര്‍ന്ന് പുരുഷന്മാരോടൊപ്പം തോളോട് തോള് ചേര്‍ന്ന് പൊരുതിയതും പിടിയിലായി ജയില്‍വാസം അനുഭവിക്കേണ്ടിവന്നതും. കോഴിക്കോട്ടെ പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിലെ രാഷ്ട്രീയ സേവന പാരമ്പര്യമുള്ള അമ്മു സ്വാമിനാഥന്റേയും ഡോ.സ്വാമിനാഥന്റേയും മകളായി ജനിച്ച ലക്ഷ്മി ആതുരസേവനം ലക്ഷ്യമിട്ടാണ് സിംഗപ്പൂരിലെത്തിയതും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടായി മാറിയതും.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രസംഗത്തില്‍ പ്രചോദിതയായാണ് ഡോ.ലക്ഷ്മി യൂണിഫോം ധരിച്ച് സമരസേനാനി ആയത്. ആയുധ പരിശീലനം നേടി ഗറില്ലാ യുദ്ധരീതികള്‍ സ്വായത്തമാക്കി ബര്‍മ്മയിലേയ്ക്ക് മാര്‍ച്ച് നടത്തി കാട്ടില്‍ യുദ്ധം ചെയ്തയാളാണ് ക്യാപ്റ്റന്‍ ലക്ഷ്മി. സ്വാതന്ത്ര്യ സമരത്തിന് ശേഷം ജയില്‍ മോചിതയായി ഇന്ത്യയില്‍ തിരിച്ചെത്തിയ ലക്ഷ്മി അന്ന് പറഞ്ഞത് ഇപ്പോള്‍ കിട്ടിയ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമാണെന്നും രാഷ്ട്രത്തിന് സാമ്പത്തിക-സാമൂഹിക സ്വാതന്ത്ര്യം കൂടി നേടണം എന്നുമാണ്. ഐഎന്‍എയില്‍ സഹപ്രവര്‍ത്തകനായിരുന്ന കേണല്‍ സെഗാളിനെ വിവാഹം കഴിച്ച ലക്ഷ്മി അദ്ദേഹത്തിന്റെ ജന്മനാടായ കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി ആതുരസേവന കേന്ദ്രം ആരംഭിക്കുകയാണ് ചെയ്തത്. ആള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഇന്ത്യ അവരെ പത്മവിഭൂഷണ്‍ നല്കി ആദരിച്ചിരുന്നു. പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ നല്കാന് അവസാന നാളില്‍ കൂടിഅവര്‍ ബദ്ധശ്രദ്ധയായിരുന്നു. സ്ത്രീയുടെ ധൈര്യത്തിന്റേയും സേവന മനസ്കതയുടേയും പ്രതീകമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി അനശ്വരയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: