ന്യൂദല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ്.അച്യുതാനന്ദനെതിരെ പരസ്യമായി പ്രതികരിച്ചതിന് ടികെ ഹംസക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രകമ്മിറ്റി യോഗം നിര്‍ദ്ദേശം നല്കി. മെയ് 22നായിരുന്നു വിഎസിനെതിരായ ഹംസയുടെ പരാമര്‍ശം ഉണ്ടായത്.
മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗമായ വി.എസിനെതിരെ പരസ്യമായി വിമര്‍ശനം നടത്തിയത് ഉചിതമായില്ലെന്ന് കേന്ദ്ര കമ്മിറ്റി വിലയിരുത്തി. ഹംസയ്ക്കെതിരായ നടപടി സംസ്ഥാന നേതൃത്വമാകും തീരുമാനിക്കുക. ഹംസയെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കുകയും തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും നീക്കണമെന്നും കേന്ദ്ര കമ്മിറ്റിയിൽ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് സൂചന.
ഹംസയ്ക്കെതിരായ നടപടിയെ പിണറായി വിജയന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ എതിര്‍ത്താലും കേന്ദ്ര കമ്മിറ്റിയിലെ ബഹുഭൂരിപക്ഷവും നടപടി ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതിയില്‍ ഹംസയ്ക്കെതിരെ നടപടി സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതമായേക്കും.
ടി.പി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശമവുമായി വി.എസ് രംഗത്ത് വന്നപ്പോഴായിരുന്നു ഹംസയുടെ പ്രതികരണം. പാര്‍ട്ടി പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം പിന്നില്‍ നിന്ന് കുത്തിയ നേതാവാണ് വിഎസ്. ഇക്കാര്യം തുറന്നു പറയാന്‍ തനിക്ക് മടിയൊന്നുമില്ലെന്നായിരുന്നു ഹംസയുടെ പ്രസംഗം.
ടിപി ചന്ദ്രശേഖരന് വധത്തില്‍ പിണറായി വിജയന് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്യിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ പിണറായിയെ മാത്രമല്ല വി.എസിനേയും യു.ഡി.എഫിന് കുടുക്കാം. ടി.പി വധത്തില്‍ വി.എസിനെ കുടുക്കിയാല്‍ ശല്യം തീര്‍ന്നു കിട്ടിയേനെ എന്നുമായിരുന്നു ഹംസയുടെ വിവാദ പരാമര്‍ശം.
ഹംസയുടെ പരാമര്‍ശം ഏറനാടന്‍ തമാശയാണെന്ന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തെത്തിയിരുന്നു..
പ്രതികരിക്കാൻ ഇവിടെ എഴുതുക: