പള്ളുരുത്തി: പള്ളുരുത്തി നമ്പ്യാപുരം കളത്രിപാലത്തിനു സമീപം സ്ഥിതിചെയ്യുന്ന മത്സ്യസംസ്ക്കരണ ശാലയില്‍ അമോണിയ വാതകം ചോര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പകല്‍ 11.30യോടെയാണ് സംഭവം. ഇവിടെ സ്ഥിതിചെയ്യുന്ന ഡെല്‍സി എക്സ്പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അമോണിയ വാതകം കടന്നുപോകുന്ന പൈപ്പ് മുറിച്ചുമാറ്റുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് രൂക്ഷമായരീതിയില്‍ അമോണിയയുടെ ഗന്ധം വ്യാപിച്ചു. ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഛര്‍ദ്ദിയും, തലചുറ്റലും അനുഭവപ്പെട്ടു. അമോണിയ വ്യാപകമായി പ്രദേശത്ത് പരന്നതോടെ കണ്ണെരിച്ചിലും, തലചുറ്റലും പ്രദേശത്തുള്ളവര്‍ക്ക് ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. കളത്രറോഡിലൂടെ കടന്നു പോകുന്നവരാണ് ഫയര്‍ ഫോഴ്സിലും, പോലീസിലും വിവരമറിയിച്ചത്. ഇവിടെ മെയിന്റന്‍സ് ജോലിയില്‍ ഏര്‍പ്പെട്ടവര്‍ അമോണിയ കടന്നുപോകുന്ന പൈപ്പ് മാറിമുറിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. രണ്ടുപൈപ്പുകള് കടന്നുപോകുന്നതില്‍ ഒരെണ്ണത്തിന്റെ വാല്‍വ് അടച്ചിരുന്നു. എന്നാല്‍ മുറിക്കുന്നതിനിടയില്‍ പൈപ്പ് മാറിമുറിക്കുകയായിരുന്നുവെന്നും പറയുന്നു. മട്ടാഞ്ചേരിയില്‍ നിന്നും ഫയര്‍ ഫോഴ്സിന്റെ രണ്ടുയൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വാതക ചോര്‍ച്ച നടന്നിടത്ത് ശക്തിയായി വെള്ളം പമ്പുചെയ്തതിനുശേഷം ലൈന്‍ അടക്കുകയായിരുന്നു. ഇതിനിടയില്‍ കമ്പനിയുടെ മുന്നില്‍ തടച്ചുകൂടിയ നാട്ടുകാര്‍ കമ്പനി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. പള്ളുരുത്തി എസ്ഐ എസ്.രാജേഷിന്റെ നിര്‍ദ്ദേശപ്രകാരം കമ്പനി അടച്ചു പൂട്ടുകയായിരുന്നു. ഫയര്‍ ഓഫീസര്‍ സി.എസ്.രഞ്ചിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. കൊച്ചിമേയര്‍ ടോണിചമ്മണി, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ടി.കെ.അഷറഫ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഈ പ്രദേശത്ത് നാലോളം മത്സ്യസംഭരണശാലകള് ഉണ്ട്. ഈ സ്ഥാപനങ്ങളില്‍ ഇതിന് മുമ്പും വാതകം ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ യാതൊരുനടപടിയും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: