ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസില്‍ പ്രധാന സാക്ഷികളെ എതിര് വിസ്താരം നടത്താന്‍ ഇന്ത്യ അനുവദിക്കുമോ എന്ന് അറിയിക്കണമെന്ന് പാക് കോടതി. മുംബൈ ഭീകരാക്രമണവുമായി ബന്ധമുള്ള ഏഴു പ്രതികളുടെ വിചാരണ വേളയിലാണ് ഇന്ത്യയുടെ നിലപാടറിയാന്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കോടതി പ്രോസിക്യൂട്ടര്‍മാരോട് നിര്‍ദ്ദേശിച്ചത്.
ഇന്ത്യന്‍ അധികൃതരുടെ നിലപാട് അറിഞ്ഞതിനുശേഷം കോടതി തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അടിയാല ജയിലില്‍ നടന്ന വിചാരണയില്‍ റാവല്‍പിണ്ടി ഭീകരവിരുദ്ധ കോടതി-1 ജഡ്ജി ചൗധരി ഹബീബുര്‍ റഹ്മാന് പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യ സന്ദര്‍ശിച്ച പാക് ജുഡീഷ്യല്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ 17 ന് കോടതി തള്ളിയിരുന്നു. ജുഡീഷ്യല്‍ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ തെളിവായി പരിഗണിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
അതേസമയം, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബു ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുവാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി ഫോറന്‍സിക് വിദഗ്ദ്ധരെ എത്തിച്ച് ഓഡിയോ സ്പെക്ട്രോ മീറ്റര്‍ വഴിയുള്ള ജുണ്ടാലിന്റെ ശബ്ദ സാമ്പിള്‍ പരിശോധിക്കുവാന്‍ നടപടി തുടങ്ങി. മുംബൈ ഭീകരാക്രമണത്തിന് ഭീകരര്‍ക്ക് പാക്കിസ്ഥാനിലെ കണ്ട്രോള് റൂമിലിരുന്ന് ജുണ്ടാല്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ചോദ്യം ചെയ്യലിനൊപ്പം ശബ്ദ സാമ്പിളിന്റെ പരിശോധനയും നടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അബു ജുണ്ടാലിനെ മുംബൈ കോടതി 31 വരെ കസ്റ്റഡിയില്‍ വിട്ടിരുന്നു. സൗദി അറേബ്യയിലേക്ക് നാടുകടത്തുന്നതിനിടെ കഴിഞ്ഞ ജൂണിലാണ് ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: