മാനേസര്‍: അക്രമവും തീവെയ്പ്പുമുണ്ടായ ഹരിയാനയിലെ മാരുതി സുസുക്കിയുടെ മാനേസര്‍ പ്ലാന്റ് ലോക്ക് ഔട്ട് ചെയ്തു. കമ്പനി ലോക്ക് ഔട്ട് ചെയ്യുന്നതിനെക്കാളുപരി തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതായി മാരുതി സുസുക്കി ഇന്ത്യ ചെയര്മാന് ആര്.സി. ഭാര്‍ഗ്ഗവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
തൊഴിലാളി സംഘര്‍ഷത്തില്‍ ഒരു മുതിര്‍ന്ന ജീവനക്കാരന് കൊല്ലപ്പെട്ടിരുന്നു.ഇതിനെ തുടര്‍ന്ന് കമ്പനി 3 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.ഇതുവഴി കമ്പനിക്ക് 210 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.പ്രതിദിനം 1,600 കാറുകള്‍ ഉത്പ്പാദിപ്പിച്ചിരുന്ന യൂണിറ്റില്‍ പ്രതിദിനം 70 കോടിരൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
അതേസമയം കലാപത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ തൊഴിലാളികളെ തിരിച്ചറിഞ്ഞതായും എന്നാല്‍ കൂടുതല്‍ അറസ്റ്റ് നടന്നിട്ടില്ലെന്നും ഡിസിപി മഹേസ്വര് ദയാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കലാപത്തില്‍ പങ്കെടുത്ത പകുതിയിലധികം പേരും യൂണിയന് നേതാക്കളും അംഗങ്ങളുമാണ്.കമ്പനി മാനേജ്മെന്റില്‍ നിന്നുള്ള അവഗണനയാണ് സംഭവത്തിന് കലാപത്തിന് ഇടയാക്കിയതെന്നും പോലീസ് പറയുന്നു.
ഇതിന് മുമ്പ് അറസ്റ്റിലായ 91 പേരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കമ്പനി ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എസ്.വൈ.സിദ്ദിക്കി അറിയിച്ചു.എന്നാല്‍ ആക്രമണത്തിനും ഭീഷണിക്കും മുന്നില്‍ വഴങ്ങേണ്ടെന്നാണ് മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് തങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ എംഡി ഷിന്‍സോ നകാനിഷിയും അറിയിച്ചു.
തൊഴിലാളികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ളൊരു ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഭാര്‍ഗ്ഗവ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പ്രശ്നം പരിഹരിക്കുന്നതുവരെ ഉത്പാദനം ആരംഭിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കൊല്ലപ്പെട്ട അവിനാഷിന്റെ കുടുംബത്തിനുള്ള ധനസഹായത്തെക്കുറിച്ച് തീരുമാനമായിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: