വാഷിംഗ്ടണ്‍: പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ഹക്കാനി ശൃംഖലയെ വിദേശ ഭീകരവാദ സംഘങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യുഎസ് ഹൗസ്. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിന് കടുത്ത വെല്ലുവിളിയാണ് ഈ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. സെപ്തംബറില്‍ കാബുളിലെ യുഎസ് എംബസി ആക്രമണം, യുഎസ് സൈനികര്‍ക്ക് നേരെയുള്ള ചാവേര്‍ ആക്രമണങ്ങള്‍ എന്നിവയില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. അതിനാല്‍ ഈ ഗ്രൂപ്പിനെ നിരോധിക്കണമെന്നാണ് ആവശ്യം. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇവരെ വിദേശ ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ധന ഇടപാടുകള്‍ തടയാനും സാധിക്കും. ഇവര്‍ക്ക് ധനസഹായം നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും ഇതുവഴി സാധിക്കുമെന്നും യുഎസ് ഹൗസ് വ്യക്തമാക്കി.
ഔദ്യോഗികമായി ഹഖാനി ശൃംഖലയെ വിദേശ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ ഒബാമ ഭരണകൂടം ചില നീക്കങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചില നിയമങ്ങള്‍ നിര്‍മിച്ചിരുന്നു. പക്ഷെ ഇത് ഇതുവരെ നടപ്പിലായിട്ടില്ല.
കഴിഞ്ഞയാഴ്ച ഈ നീക്കങ്ങളെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തള്ളിയിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലും വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുമാണ് ഹഖാനി ശൃംഖല കൂടുതലായും പ്രവര്‍ത്തിക്കുന്നത്. അഫ്ഗാന്റെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണിയാണ് ഹഖാനി ശൃംഖല. പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തിക്കൊണ്ട് അമേരിക്കക്കെതിരെയും അഫ്ഗാന് കൂട്ടുകക്ഷി സൈന്യത്തിനെതിരെയും ആക്രമണങ്ങള്‍ നടത്തുന്നതും ഹഖാനി ശൃംഖലയാണെന്ന് യുഎസ് വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് മാപ്പു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഏഴ് മാസമായി അടച്ചിട്ടിരുന്ന നാറ്റോ പാത പാക്കിസ്ഥാന് തുറന്നുതരുകയും ചെയ്തിരുന്നു. ഇതിലൂടെ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുവാന്‍ സാധിക്കുമായിരുന്നു. ഹക്കാനി ശൃംഖലപോലുള്ള ഭീകരവാദ സംഘടനകളെ ഉന്മൂലനം ചെയ്യുന്നതിന് ഇസ്ലാമാബാദ് ശ്രമിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ പാക് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും യുഎസ് വൃത്തങ്ങള്‍ പറഞ്ഞു.
അവസാനമായി അഫ്ഗാനിലെ യുഎസ് എംബസിക്കുനേരെ ഹഖാനി ശൃംഖല നടത്തിയ ആക്രമണത്തില്‍ 77 അമേരിക്കന്‍ സൈനികര്‍ക്കാണ് പരിക്കേറ്റതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: