ബെയ്‌ക്കനൂര്‍ (കസാഖിസ്ഥാന്‍): ഇന്ത്യന്‍ വംശജയായ യുഎസ് ബഹിരാകാശ ഗവേഷക സുനിത വില്യംസും സംഘവും ബഹിരാകാശത്തേക്ക് യാത്രതിരിച്ചു. കസാഖിസ്ഥാനിലെ ബെയ്‌ക്കനൂര്‍ ബഹിരാകാശകേന്ദ്രത്തില്‍നിന്ന് റഷ്യന്‍ പേടകമായ സോയൂസിലാണ് അന്താരാഷ്‌ട്ര ബഹിരാകാശകേന്ദ്രം ലക്ഷ്യമാക്കിയുള്ള യാത്ര.
സുനിതയെ കൂടാതെ റഷ്യയുടെ യൂറി മലെന്‍ചെങ്കോ, ജപ്പാന്റെ അഹികൊ ഹൊഷൈഡ് എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. ഫ്ലൈറ്റ് എഞ്ചിനീയറാണ് 46 കാരിയായ സുനിത. ഇന്നലെ ഇന്ത്യന്‍ സമയം രാവിലെ 8.10 നാണ് മൂവരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം കുതിച്ചുയര്‍ന്നത്. ബഹിരാകാശ കേന്ദ്രത്തില്‍ എത്തിയതോടെ ദൗത്യത്തിന്റെ കമാണ്ടര്‍ ചുമതല സുനിത ഏറ്റെടുത്തു. ഗുജറാത്തുകാരനാണ് സുനിതയുടെ അച്ഛന്‍. 1998 ലാണ് സുനിതയെ ബഹിരാകാശ ഗവേഷണത്തിനായി നാസ തെരഞ്ഞെടുത്തത്. 14-ാം പര്യവേഷണത്തില്‍ അംഗമായി അവരെ ആദ്യം അന്താരാഷ്‌ട്ര കേന്ദ്രത്തിലേക്ക് അയച്ചു. തുടര്‍ന്ന് 15-ാം ദൗത്യത്തിലും അംഗമായി. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച (195 ദിവസം) വനിതാ യാത്രികയെന്ന ഖ്യാതിയും അവര്‍ നേടി. ഫ്ലോറിഡ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് (1995) ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ലണ്ടന്‍ ഒളിമ്പിക്സിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക കായിക പരിപാടിയും സുനിതാ വില്യംസും സംഘവും ബഹിരാകാശത്ത് ആസൂത്രണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: