മരട്: ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ശനിയാഴ്ച രാത്രി പത്തിന് മരടിലായിരുന്നു സംഭവം. സംഘര്‍ഷത്തിനിടെ സ്ഥലവാസികളായ രണ്ടുപേര്‍ക്ക് കുത്തേറ്റു. മരട് ബിടിസി മാധ്യമം റോഡില്‍ പ്രവാസി തൊഴിലാളികള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ മുന്‍വശത്തെ റോഡിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അന്യസംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
പുത്തന്‍വീട്ടില്‍ ജോണ്സണ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മരടിലെ വീട്ടില്‍ അറുപതോളം അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ വാടകയ്ക്ക് താമസിച്ചിരുന്നു. ഇവരില്‍ കുറച്ചുപേര്‍ രണ്ട് വിഭാഗമായി തിരിഞ്ഞാണ് പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെ റോഡില്‍ക്കൂടി പോവുകയായിരുന്ന ബടിസി റോഡ് പുതുശ്ശേരി ജിന്‍സ് (32), ആലിങ്കല്‍ റെജി (40) എന്നിവര്‍ക്കാണ് പൊട്ടിയ മദ്യക്കുപ്പികൊണ്ടുള്ള കുത്തേറ്റത്. ഇവര്‍ ഇരുവരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഘര്‍ഷത്തിനിടയില്‍ ഒഡീഷ സ്വദേശിയായ രാജു നായക് എന്നയാള്‍ക്ക് കത്തിക്ക് കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രയില്‍ ചികിത്സയിലാണ്. ഒഡീഷ സ്വദേശിതന്നെയായ മെറിക്കോട്ട് വില്ലേജില്‍ ശങ്കര്‍ നായ്ക്കിനും തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ക്കെതിരെയും ഒഡീഷ ഗഞ്ജാ ജില്ലയില്‍ ബല്റാംപൂര് വില്ലേജ് സുശാന്ത് നായ്ക് (26), രുഗ്മാ ടൗണ്‍ സ്വദേശി ഗോപാല്‍ നായ്ക് (25) എന്നിവരെ പ്രതിചേര്‍ത്ത് പനങ്ങാട് പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കൂടാതെ സംഘര്‍ഷത്തില്‍പ്പെട്ട മറ്റ് നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നെട്ടൂര്‍ പുത്തന്‍വീട്ടില്‍ ജോണ്സണ് എന്നയാളുടെ ഉടമസ്ഥതയിലുള്ള മരട് ബിടിസി മാധ്യമം റോഡിലെ 17 മുറികളിലായി അറുപതോളം പേരെയാണ് വാടകക്ക് താമസിപ്പിച്ചിരുന്നത്. ഇവരുടെ വിലാസത്തെക്കുറിച്ചും മറ്റുമുള്ള വ്യക്തമായ ധാരണ വാടകക്ക് താമസിപ്പിച്ച ആള്‍ക്കോ, പോലീസിനോ അറിയില്ലായിരുന്നു. തികച്ചും ശോചനീയാവസ്ഥയിലാണ് തൊഴിലാളികള്‍ ഇവിടെ താമസിച്ചിരുന്നത്. രാത്രിയില്‍ മദ്യപിച്ചെത്തുന്ന ഇവരില്‍ പലരും പരസ്പരം വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതും സംഘര്‍ഷമുണ്ടാവുന്നതും പരിസരവാസികള്‍ക്ക് ശല്യമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടുതവണ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
തൊഴിലാളികളെ വാടകയ്ക്ക് താമസിപ്പിച്ചിരുന്ന കെട്ടിടം അനധികൃതമാണെന്ന് നഗരസഭാ കൗണ്‍സിലര്‍ പി.ഡി.രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: