കൊച്ചി: ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ മുഴുവന്‍ ഗോഡൗണുകളുടേയും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ.വി.തോമസ് പറഞ്ഞു. ഇതിന് പ്രത്യേക സംവിധാനം ഏര്‍പെടുത്താനാണ് ആലോചിക്കുന്നത്. എഫ്സിഐ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യമെടുക്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ ഗുണ നിലവാരം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ ആരംഭിച്ച ഓണം-റംസാന് മെട്രോ പീപ്പിള്‍സ് ബസാര്‍ 2012-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എഫ്സിഐ ഗോഡൗണുകള്ക്കെതിരെയുള്ള പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണും. തെറ്റുകളുണ്ടെങ്കില്‍ കര്‍ക്കശമായ നടപടി സ്വീകരിക്കും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും അക്രഡിറ്റേഷനുള്ള പത്രപ്രവര്‍ത്തകര്‍ക്കും എഫ്സിഐ ഗോഡൗണുകള്‍ പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരുടെ അനുവാദത്തോടെ അനുമതി നല്‍കും. ഗോഡൗണുകളുടെ പാളിച്ചകളും തെറ്റുകളും ചൂണ്ടിക്കാണിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായുള്ളതാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് ഓണത്തിനാവശ്യമായ അരി അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ അരി നല്‍കുന്നത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേരും. കേരളത്തിലെ ഭക്ഷ്യ വിതരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര ഭക്ഷ്യ വകുപ്പിലെ ഉദ്യോഗസ്ഥരും എഫ്സിഐ, നാഷണല്‍ കോപറേറ്റീവ് കണ്‍സ്യൂമേര്‍സ് ഫെഡറേഷന് ഓഫ് ഇന്ത്യാ ലിമിറ്റഡ് (എന്‍സിസിഎഫ്) എന്നീ സ്ഥാപനങ്ങളിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡറേഷന്‍ എന്നിവയ്ക്ക് നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ നല്കുന്ന കാര്യം പരിഗണനയിലാണ്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ഉറപ്പാക്കും. ഓണം പ്രമാണിച്ച് കേരളത്തിന് 59,000 ടണ്‍ അരിയും 29,000 ടണ്‍ ഗോതമ്പും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഗോതമ്പ് ഓണത്തിനു നല്‍കുന്നത്. ഇതിനു പുറമെ ബി.പി.എല്‍ ഉപഭോക്താക്കള്‍ക്കായി 84,978 ടണ്‍ അരിയും 34,190 ടണ്‍ ഗോതമ്പും പ്രത്യകമായി അനുവദിച്ചിട്ടുണ്ട്. ഉത്സവ സമയത്ത് വിപണിയില്‍ അരി വില ഉയരുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന് വളരെ മുന്‍പ് തന്നെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേന്ദ്രം കേരളത്തിന് നല്കുന്ന അരി 3,45,513 ടണ്‍ ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കെ.വി.തോമസ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം തന്നെ സഞ്ചരിക്കുന്ന ഓണച്ചന്ത ആരംഭിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 10 സഞ്ചരിക്കുന്ന ഓണച്ചന്തകളാണ് ആരംഭിക്കുക. അടുത്ത വര്‍ഷത്തോടെ കൂടുതല്‍ സഞ്ചരുക്കുന്ന ഓണച്ചന്തകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എംഎല്‍എമാരായ ഹൈബി ഈഡന്, ഡൊമിനിക്ക് പ്രസന്റേഷന്, ബെന്നി ബെഹ്നാന്, ലൂഡി ലൂയിസ്, മേയര്‍ ടോണി ചമ്മണി, ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: