കര്‍ക്കിടകവാവ്. പിതൃക്കളുടെ മോക്ഷത്തിന് ജനങ്ങള്‍ തീര്‍ത്ഥഘട്ടങ്ങളിലും മഹാക്ഷേത്രങ്ങളിലും ബലിയര്‍പ്പിക്കുന്ന പുണ്യദിനം. മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലും തീര്‍ത്ഥഘട്ടങ്ങളിലും ലക്ഷക്കണക്കിനാളുകളാണ് ഈ ദിനത്തില്‍ പിതൃമോക്ഷത്തിനായി ബലിയര്‍പ്പിക്കുന്നത്. കേരളത്തിലെ വടക്കും തെക്കുമുള്ള രണ്ടു ക്ഷേത്രങ്ങളില്‍ ഈ ദിനത്തിലെത്തുന്നത് ആയിരങ്ങളാണ്. തിരുവനന്തപുരത്തെ തിരുവല്ലം ക്ഷേത്രത്തിലും വയനാട്ടിലെ തിരുനെല്ലി ക്ഷത്രത്തിലും. തിരുവല്ലം പരശുരാമ ക്ഷേത്രവും തിരുനെല്ലി വിഷ്ണു ക്ഷേത്രവുമാണ്. വയനാടിന്റെ പ്രകൃതിരമണീയതയിലെ പൊന്‍പൊട്ടുകൂടിയാണ് തിരുനെല്ലി ക്ഷേത്രം.
മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് പതിനെട്ട് കിലോമീറ്റര്‍ വനമേഖലയിലൂടെ സഞ്ചരിച്ചു വേണം പുരാണപ്രസിദ്ധമായ ഈ ക്ഷേത്രത്തിലെത്താന്‍. ഭാരതത്തിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളിലൊന്നാണിത്. മോക്ഷദായിനിയായ പാപനാശിനി പുഴയുടെ തീരത്താണ് തിരുനെല്ലി ക്ഷേത്രം. കര്‍ക്കിടകവാവുദിവസം ഇവിടെ അതിരാവിലെ തന്നെ ബലി കര്‍മ്മങ്ങള്‍ തുടങ്ങും. തലേദിവസം രാത്രി തന്നെ പൂജാരിമാര്‍ പൂജക്കുള്ള തയാറെടുപ്പുകളുമായി ബലികര്‍മ്മള്‍ക്കായി എത്തുന്നവരെ കാത്തിരിക്കുന്നുണ്ടാവും. പാപനാശിനിയില്‍ കുളിച്ച് പൂജാരിയുടെ മുന്നിലിരുന്ന് പിതൃക്കളെ ധ്യാനിച്ച്, വാഴയിലയില്‍ നനച്ച അരിയും എള്ളും ദര്‍ഭയും അര്‍ച്ചിച്ച് പൂജിക്കുകയാണ് ബലിയുടെ ആദ്യ കര്‍മ്മം. പിന്നെ ഇലയിലെ അരിയും മറ്റും തലയിലേറ്റി തീര്‍ത്ഥത്തിലേക്കിറങ്ങി പിന്നിലേക്കിടുകയാണ് ചെയ്യുന്നത്. വാവ് ദിവസം ഉച്ചയ്ക്ക് സദ്യയോടെയാണ് ഭക്ഷണം. രാത്രിയില്‍ പിതൃക്കള്‍ക്ക് പ്രത്യേക സദ്യയൊരുക്കുന്ന പതിവുമുണ്ട്. പിതൃക്കള്‍ ഈ സദ്യയുണ്ണാന്‍ എത്തുമെന്നാണ് വിശ്വാസം. പിന്മുറക്കാര് ഇപ്പോഴും സുഭിക്ഷമായാണോ ജീവിക്കുന്നത് എന്നറിയാനാണത്രെ പിതൃക്കള്‍ രാത്രിയില്‍ എത്തുന്നത്.
സമൂഹത്തിന്റെ ആത്മീയ പരിണാമധാരയിലെ മൂര്‍ത്തീ സ്ഥാനങ്ങളില്‍ പ്രാധാന്യത്തോടെ നിലകൊള്ളുന്ന തിരുനെല്ലി ക്ഷേത്രം ഐതീഹ്യങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും വിശിഷ്ടദേവസ്ഥാനം എന്ന നിലയിലാണ് പ്രതിപാദിക്കുന്നത്. ബ്രഹ്മദേവനാണ് തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതീഹ്യം. കുടക് മലകളോട് ചേര്‍ന്നു കിടക്കുന്ന ബ്രഹ്മഗിരിയുടെ ചേതോഹര പ്രകൃതിയില്‍ വന്നിറങ്ങിയ ബ്രഹ്മദേവന്, അവിടുത്തെ സുമോഹന പ്രകൃതിയില്‍ വിഷ്ണുസാന്നിധ്യം തിരിച്ചറിഞ്ഞു. മലയില്‍ കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്വാരപ്രദേശമായ തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ചു.ബ്രഹ്മാവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാന് ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയും ചെയ്തു.
“ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓര്‍ത്താല്‍ ഐശ്വര്യവും മോക്ഷവും ലഭിക്കുന്നതാണ്. കാശിയില്‍ പരമമായ ശാന്തി ലഭിക്കുന്നതുപോലെ ഇവിടെയും മോക്ഷം നേടാം. ഇവിടെ പിണ്ഡം വച്ചാല്‍ ഗയാശ്രാദ്ധം ഊട്ടിയ ഫലം ഉണ്ടാകും….”
ബലിസങ്കല്‍പം, ഉണ്ണിയച്ചീചരിതം എന്നീ ഗ്രന്ഥങ്ങളിലെല്ലാം തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആമലക(നെല്ലിക്ക)ക്ഷേത്രം എന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു. ഇവിടെ നെല്ലിക്ക വീണ് കല്ലായ തീര്‍ത്ഥ സ്ഥലത്ത് ഗുണ്ടിക ഗുഹയെന്നൊരു ഭാഗമുണ്ട്. പഴയകാലത്ത് കുടകന്മാരായ ഭക്തര്‍ ഇവിടെ വന്ന് ഗുണ്ടിക ദര്‍ശന പൂജകള്‍ നടത്തിയിരുന്നു. കുടകിലെ തലക്കാവേരിയിലും തിരുനെല്ലിയിലെ ഗുണ്ടികാസ്ഥാനത്തിന് സമാനമായ ഒരു തീര്‍ത്ഥസ്ഥാനമുണ്ട്.
ഗുണ്ടികാദര്‍ശനം ക്ഷേത്രത്തിനു താഴെയുള്ള ദൈവത്താര്‍ മണ്ഡപ ദര്‍ശനം എന്നി ചടങ്ങുകള്‍ക്ക് ശേഷമേ പണ്ട് മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നുള്ളു. ശൈവ-വൈഷ്ണവ സംഘര്‍ഷകാലത്ത് തിരുനെല്ലിയില്‍ നിന്ന് മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ് ത്രിശിലേരി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്നത്. ത്രിശിലേരിക്ക് തിരുമത്തൂര്‍ എന്നൊരു പഴയ പേരുണ്ട്. തിരുനെല്ലിയുടെ ശിരസ്സാണ് ത്രിശിലേരി എന്നാണ് ജ്ഞാനികളുടെ മതം.
പാപനാശിനിപ്പുഴയുടെ ഉത്ഭവം ബ്രഹ്മഗിരിയുടെ നിഗൂഢതകളിലെവിടെയോ ആണ്. ഔഷധഗുണപ്രധാനങ്ങളായ അപൂര്‍വ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ് ബ്രഹ്മഗിരി. പാപനാശിനി ഒഴുകി വരുന്നത് പിണ്ഡപ്പാറയിലേക്കാണ്. മരിച്ചവര്‍ക്കു പിണ്ഡം വയ്ക്കുന്നതിവിടെയാണ്. പാപനാശിനി, പക്ഷിപാതാളം അഥവാ ഋഷിപാതാളം, ത്രിശിലേരി, കാളിന്ദീ എന്നീ നാല് ദിവ്യസ്ഥാനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്നു.
തച്ചോളി ഒതേനന് 64 പടനയിച്ച് പൊന്നിയം പടനിലത്ത് നടത്തിയ അറുപത്തിയഞ്ചാം പടയില്‍ വിജയിയായി, മറന്നുപോയ ഉടവാള് എടുക്കാന്‍ മടങ്ങവേ ഒളിവെട്ടുകൊണ്ട് മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പാപനാശിനിയില്‍ നിമജ്ജനം ചെയ്തതിന്റെ സൂചനകള്‍ വടക്കന്‍പാട്ടില്‍ കാണാം. വൈഷ്ണവ സങ്കല്പങ്ങള് വരുന്നതിനു മുമ്പ് വയനാട്ടിലെ ആദിവാസികള്‍ ദൈവത്താര്‍ എന്നൊരു കല്പനയെ ആരാധിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന് താഴെയുള്ള ദൈവത്താര്‍ മണ്ഡപം ഇതുമായി ബന്ധപ്പെട്ട ഒരു ആരാധനാസ്ഥാനമാണ്. മറ്റൊരു പ്രധാന സ്ഥലം പഞ്ചതീര്‍ത്ഥക്കുളമാണ്. ബ്രഹ്മഗിരിയില്‍ നിന്നുറവെടുക്കുന്ന ചക്രതീര്‍ത്ഥം, പാദതീര്‍ത്ഥം, ചെറുഗദാതീര്‍ത്ഥം, ശംഖതീര്‍ത്ഥം എന്നിവ ചേര്‍ന്നതാണ് പഞ്ചതീര്‍ത്ഥം.
ആയിരക്കണക്കിന് പക്ഷികള്‍ മുനിമാരെപ്പോലെ തലകീഴായി തപസ്സുചെയ്യുന്നത് പക്ഷിപാതാളത്തില്‍ കാണാം. ജൈനബുദ്ധകാലത്തിലെ മുനിയറകള്‍പോലെ ചരിത്രപ്രാധാന്യമുള്ള മുനിയറകളാണ് പക്ഷിപാതാളത്തിലേത്. അവയ്ക്ക് തിരുനെല്ലി ക്ഷേത്രവുമാവി അഭേദ്യ ബന്ധമാണുള്ളത്. ബ്രഹ്മഗിരിയിലെ ഗരുഡന്‍പാറയുടെ കീഴിലാണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്.
ക്ഷേത്രക്കിണര്‍ ഇല്ലാത്ത ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. പാപനാശിനിയില്‍ നിന്ന് കല്ലുപാത്തിവഴിയെത്തുന്ന ജലമാണ് ക്ഷേത്രാവശ്യങ്ങള്‍ക്കുപയോഗിക്കുന്നത്. മലബാര്‍ ഭാഗത്തെ നായനാര്‍ തറവാട്ടിലെ തമ്പുരാട്ടിയുമായി ബന്ധപ്പെട്ട ഐതീഹ്യം കല്ലുപാത്തിക്ക് പറയുന്നുണ്ട്. ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുന്ദരിയായ തമ്പുരാട്ടിക്ക് ദാഹജലം കിട്ടാതെ വന്നപ്പോള്‍ പാപനാശിനിയിലെ ജലം മുളംപാത്തിവഴി തിരിച്ചുവിട്ടുനല്‍കി. പില്ക്കാലത്ത് മുളംപാത്തി കല്പ്പാത്തിക്ക് വഴിമാറിയത്രെ.
ക്ഷേത്രത്തിന്റെ ബലിക്കല്ല് ഒരുവശത്തേക്ക് ചെരിഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു കഥയുണ്ട്. ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ഒരു ആദിവാസി വൃദ്ധനെ ക്ഷേത്രത്തില്‍ കയറ്റാന്‍ പണ്ട് ക്ഷേത്ര അധികാരികള്‍ അനുവദിച്ചില്ല. ഭഗവാന്റെ വിഗ്രഹമെങ്കിലും കണ്ട് പോകാമെന്ന് ആ പാവം വൃദ്ധന് കരുതി. പുറത്ത് മാറിനിന്ന് വിഗ്രഹത്തെ നോക്കിയപ്പോള്‍ ബലികല്ല് മറഞ്ഞതിനാല്‍ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന് ബലിക്കല്ല് ഒരു വശത്തേക്കു മാറിയതായും ആദിവാസി വൃദ്ധന് ദേവബിംബം കണ്ട് ദര്‍ശന സായൂജ്യം അടയുകയും ചെയ്തുവത്രേ! ഇപ്പോഴും ഈ ക്ഷേത്രത്തിലെ ശാന്തിക്കാരന് പൂജാനന്തരം മറ്റൊരു പൂജക്കായുള്ള പൂജാദ്രവ്യങ്ങള്‍ ഒരുക്കി വെച്ചശേഷമാണ് നടയടക്കാറ്. പണ്ട് ബ്രഹ്മഗിരി മലയുടെ സൗന്ദര്യം കണ്ട് മലയിലെത്തി വിഷ്ണു സാന്നിദ്ധ്യം അറിഞ്ഞ് വിഷ്ണുശില തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ച ബ്രഹ്മദേവന് നടയടച്ച് കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ എത്തി പൂജനടത്തുമെന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.
തിരുനെല്ലി ക്ഷേത്രത്തിനടുത്ത് ശ്രീപരമേശ്വരന് ഗൃഹാവാസിയായി താമസിച്ചുവെന്ന് പറയുന്നു. ഇത് സ്വയംഭൂ ശിവനാണെന്ന് കരുതുന്നു. ബ്രഹ്മഗിരിയിലെ ‘ഭൂതത്താന്‍ കുന്ന്’ കയറി ഇറങ്ങിയാല്‍ പന്ത്രണ്ട് നാഴികയാണ് കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം. കൊട്ടിയൂര്‍ ഉല്‍സവത്തിന് മുന്‍പ് തിരുനെല്ലിയില്‍ നിന്ന് കൊട്ടിയൂരിലേക്ക്, ‘ഭൂതത്താന്മാരെ പറഞ്ഞയക്കല്‍’ എന്നൊരു ചടങ്ങ് ഇടവമാസം വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്താന്മാരെ തിരുനെല്ലിയിലേക്ക് തിരിച്ചയക്കല്‍ എന്ന ചടങ്ങ് കൊട്ടിയൂരിലും അനുഷ്ഠിച്ചുവരുന്നു.
ചേരരാജാവായിരുന്ന ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ കാലത്ത് തിരുനെല്ലി ഒരു വലിയ പട്ടണവും വിഷ്ണുക്ഷേത്രം പ്രതാപ ധാവള്യത്താല്‍ പെരുമപെറ്റതുമായിരുന്നു. വലിയ ഒരു തീര്‍ത്ഥാടക കേന്ദ്രം എന്ന നിലയില്‍തന്നെ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. പുറംകിഴാനാട് എന്ന് പണ്ട് കേള്‍വികേട്ട കോട്ടയം രാജവംശത്തിന്റെ കീഴിലായിരുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ കുറുമ്പ്രനാട് രാജാക്കന്മാര്ക്കും പുറനാട് രാജാക്കന്മാര്ക്കും കുറുപുറെ രാജാക്കന്മാര്ക്കും വാഴ്ചാ ബന്ധങ്ങള്‍ ഉണ്ടായിരുന്നു.
എ.ഡി.978 ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ സിംഹാസനാരാരോഹണാന്തരമുള്ള ചെമ്പുലിഖിതങ്ങളില്‍ തിരുനെല്ലി ക്ഷേത്ര സംബന്ധിയായ ഒരു ശാസനം കാണപ്പെട്ടിരുന്നു. ഈ ചെമ്പെഴുത്ത് ലഭിച്ചതും തിരുനെല്ലി ക്ഷേത്രത്തിനുള്ളില്‍ നിന്നാണ്. വയനാട് വേടരാജാവിന് നഷ്ടമായ ഒരു സംഭവമായി തിരുനെല്ലി ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നതായും കാണുന്നുണ്ട്.
കുംബളമായ്പ്പാടി എന്ന രാജ്യത്തെ രാജകുമാരന് വേടരാജാവിന്റെ മകളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വയനാട് വാണിരുന്ന വേടരാജാവ് ആ രാജകുമാരനെ തടവിലാക്കി. ഇതറിഞ്ഞ കുംബളമായ്പ്പാടി രാജാവ് കോട്ടയം, കുറുമ്പ്രനാട് രാജാക്കന്മാരുമായി ചെന്ന് കുമാരനെ മോചിപ്പിച്ചു. പിന്നീട് കാലാന്തരങ്ങളോളം തിരുനെല്ലി ക്ഷേത്രം വേടരാജാവിനെ വധിച്ച രാജാക്കന്മാരുടെ അധീനതയിലായിരുന്നു.
ഈ ക്ഷേത്രത്തിലെ തര്‍പ്പണ ഘട്ടത്തില്‍ ഉള്ള ചടങ്ങ് പിണ്ഡം, ബലിയിടല്‍, തര്‍പ്പണം മുതലായവയാണ്. ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ നീളുന്ന നിത്യബലിയാണ്. ദീക്ഷാപിണ്ഡം. ഇത് ഒരു വഴിപാടാണ്. തിലഹോമം, അന്നദാനം, പ്രതിമ ഒപ്പിക്കല്‍, പിതൃപൂജ, പിതൃനമസ്കാരം മുതലായ വഴിപാടും ഇവിടെ നടത്തപ്പെടുന്നു. അതോടൊപ്പം വിഷ്ണുപ്രീതികരമായതും ശിവപ്രീതികരമായതും ഗണപതി പ്രതീകരമായതുമായ പൂജകള്‍, കെട്ടുനിറ, രോഗശമനകരം, സന്താനലാഭകരം, ദീര്‍ഘായുസ്സ് എന്നിവക്കുള്ള വഴിപാടുകളും നടത്തുന്നു. ഇവിടുത്തെ മേല്‍ശാന്തി പയ്യന്നൂര്‍ കൃഷ്ണന് നമ്പൂതിരിയാണ്. തരണനല്ലൂര്‍ പത്മനാഭന് ഉണ്ണിനമ്പൂതിരിയാണ് ഇപ്പോള്‍ ക്ഷേത്രത്തിലെ തന്ത്രി.
ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലംകൂടിയാണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനാല്‍തന്നെ, ധാരാളം സഞ്ചാരികളും തിരുനെല്ലിയിലേക്കെത്തുന്നുണ്ട്.
സി.എ.സജീവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: