തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രൂപം നല്കിയ നെല്‍വയല്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യുഡിഎഫ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്കി. കോണ്‍ഗ്രസ് എംഎല്‍എമാരായ ടി.എന്‍. പ്രതാപന്, വി.ടി.ബലറാം, ഹൈബി ഈഡന്, ഷാഫി പറമ്പില്‍, മുസ്ലീം ലീഗ് എംഎല്‍എ കെ.എം.ഷാജി എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ലാഭക്കൊതിയന്മാരായ ഭൂമാഫിയയില്‍ നിന്ന് കൃഷിഭൂമിയെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുക എന്നത് ഉദ്യോഗസ്ഥരുടെ ബാധ്യതയാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നെല്‍വയല്‍ സംരക്ഷണ നടപടികളുടെ ചുമതല തദ്ദേശസ്വയംഭരണം, കൃഷി, റവന്യൂ വകുപ്പുകള്‍ ഏറ്റെടുക്കണമെന്നും എംഎല്‍എമാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നെല്‍വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കണം.2008ലെ നെല്‍വയല്‍ നിയമം അനുസരിച്ച് തയ്യാറാക്കിയ ഡേറ്റാ ബാങ്ക് അടിയന്തരമായി പ്രസിദ്ധീകരിക്കണം.
ഭൂമാഫിയയെ നിയന്ത്രിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ഡേറ്റാബാങ്ക് പ്രസിദ്ധീകരിച്ചാല്‍ അത് സംസ്ഥാനത്തെ നെല്‍വയലുകളെയും നീര്‍ത്തടങ്ങളെയും സംബന്ധിച്ച ആധികാരിക രേഖയായി അംഗീകരിക്കണം. നെല്‍വയലുകള്‍ വാങ്ങാനുള്ള അവകാശം കര്‍ഷകരിലേക്ക് ചുരുക്കണം.എല്ലാ നെല്‍വയല്‍ ഉടമകള്‍ക്കും സബ്സിഡി നല്‍കണം, കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, നെല്‍വയല്‍ കൃഷി ആവശ്യത്തിനല്ലാതെ വാങ്ങിക്കൂട്ടി മറിച്ചുവില്‍ക്കുന്നതു നിയന്ത്രിക്കാന്‍ നിയമനിര്‍മാണം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് ജില്ലാ കളക്ടര്‍മാരുടെയും സെക്രട്ടറിമാരുടെയും വകുപ്പുമേധാവികളുടെയും യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ?
ഒരു സെന്റ് നെല്‍വയല്‍ പോലും ഇനി നഷ്ടമാകാന്‍ അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കരഭൂമിയെ അപേക്ഷിച്ച് നെല്വയലിന് വില കുറവാണെന്നത് സമ്പന്നരെ ഇത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ഇങ്ങനെ വാങ്ങുന്ന ഭൂമി കാലങ്ങളോളം തരിശിടുകയാണ്. നെല്‍വയല്‍ വാങ്ങിയാല്‍ ആറുമാസത്തിനകമോ ഒരു വര്‍ഷത്തിനകമോ കൃഷി ചെയ്യണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാകും നിയമം നിര്‍മിക്കുക, മുഖ്യമന്ത്രി പറഞ്ഞു.
നെല്‍വയലുകള്‍ നികത്തുന്നതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അംഗം സി.പി.മുഹമ്മദ് ചെയര്‍മാനായുള്ള നിയമസഭാ സമിതിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നൂറ്റാണ്ടുകളായി കൃഷിചെയ്യുന്ന ഏക്കര്‍കണക്കിന് നെല്‍വയലുകളും കുടിവെള്ള സ്രോതസ്സുകളും നശിപ്പിച്ചുകൊണ്ടും ആവാസവ്യവസ്ഥയെ തകര്‍ത്തുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങളോട് യോജിക്കാനാവില്ലെന്നാണ് നിയമസഭാ സമിതിയുടെ നിലപാട്.
നീര്‍ത്തട നിയമത്തില്‍ വെള്ളംചേര്‍ത്ത് റിയല്‍എസ്റ്റേറ്റ് ഗ്രൂപ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുമ്പോഴാണ് യുഡിഎഫിലെ തന്നെ എംഎല്‍എ മാര്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: