തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിന് സ്വഭാവദൂഷ്യമുണ്ടെന്നും അതിന് ജീവിച്ചിരിക്കുന്ന തെളിവുകള്‍ ഹാജരാക്കാമെന്നും കാണിച്ച് യുഡിഎഫ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. സ്വന്തം അച്ഛനെ അഴിമതിക്കാരനും കൈക്കൂലിക്കാരനുമായി ഗണേഷ് ചിത്രീകരിച്ചെന്നും ജോര്‍ജ് കത്തില്‍ പറയുന്ന ു. സിപിഎം കണ്ണൂര്‍ ലോബിക്കൊപ്പം ചേര്‍ന്ന് ഗണേഷ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും നെല്ലിയാമ്പതി വിഷയത്തില്‍ തന്നെ വലിച്ചിഴച്ചതില്‍ ദുരൂഹതുണ്ടെന്നും ജോര്‍ജ് കത്തില്‍ ആരോപിക്കുന്നു.
അഞ്ചുപേജുള്ള കത്തിന്റെ കോപ്പി യുഡിഎഫ് കണ്‍വീനര്‍ക്കും നല്‍കിയിട്ടുണ്ട്. കേരളാ കോണ്‍ഗ്രസ് ചെയര്മാന് കെഎം മാണിയുടെ അറിവോടെയാണ് കത്ത് നല്‍കുന്നതെന്നും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്മാന് കൂടിയായ പിസി ജോര്‍ജ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം നെല്ലിയാമ്പതി വിഷയത്തില്‍ സര്‍ക്കാരിന്റെ നയമാണ് നിയമസഭയില്‍ പറഞ്ഞതെന്ന് വനംമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തിപരമായ വിഷയങ്ങള്‍ വലിച്ചിഴയ്ക്കേണ്ട. പിസി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഗണേഷ് പറഞ്ഞു.
മാധ്യമങ്ങള്‍ക്കു മുന്പില് നല്ല കുഞ്ഞായി ചമയാനോ വാര്‍ത്ത ചോര്ത്തിക്കൊടുക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. സമര്‍ഥനായ മന്ത്രി എന്നാണ് നാലുമാസം മുന്‍പു പിസി ജോര്‍ജ് എന്നെക്കുറിച്ചു പറഞ്ഞത്. നാലുമാസം കൊണ്ട് ഇത്രയും വലിയമാറ്റം എങ്ങനെ വന്നുവെന്ന് അറിയില്ല. പി.സി.ജോര്‍ജുമായി വ്യക്തിപരമായ പിണക്കമില്ല. സഹോദരനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം പഠിക്കാനായി ഒരു സമിതിയെ നിയോഗിച്ച കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് തനിക്ക് ലഭിച്ചിട്ടില്ല. യുഡിഎഫ് ഉപസമിതി രൂപീകരിച്ച കാര്യം അറിയിച്ച് കത്ത് നല്‍കിയതായി കണ്‍വീനര്‍ പി.പി.തങ്കച്ചന് പറയുന്നുണ്ടെങ്കിലും കത്ത് ലഭിച്ചിരുന്നില്ല. ഒരു കത്ത് കിട്ടിയെങ്കില്‍ കിട്ടി എന്ന് പറയുന്നതില്‍ എന്താണ് പ്രശ്നമുള്ളത്. തനിക്ക് നുണ പറയേണ്ട കാര്യമില്ല. ഇതില്‍ നാണക്കേടിന്റെ പ്രശ്നമൊന്നുമില്ല. പറഞ്ഞത് സത്യമാണ്.
യു.ഡി.എഫ്. നയത്തിനനുസൃതമായി മാത്രമേ നെല്ലിയാമ്പതിയിലെ പ്രശ്നത്തില്‍ ഇടപെട്ടിട്ടുള്ളൂ. പാട്ടക്കരാര്‍ കലാവധി കഴിഞ്ഞ എസ്റ്റേറ്റുകള്‍ ഏറ്റെടുത്തതുകൊണ്ട് തന്റെ സ്വകാര്യസമ്പത്ത് വര്‍ധിക്കില്ല. വനംവകുപ്പിന് തന്നെയാണ് ഗുണം. ഇക്കാര്യത്തില്‍ സത്യസന്ധമായാണ് പ്രവര്‍ത്തിച്ചത്. മന്ത്രിയെന്ന നിലയില്‍ കടമ നിര്‍വഹിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷിന്റെ അനുയായികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ജോര്‍ജിന്റെ കോലം കത്തിച്ചു. ഗണേഷ് കൂലിയ്ക്കാളെയെടുത്ത് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നെന്നും ബാലകൃഷ്ണപിള്ളയെ അപമാനിച്ചപോലെ തന്നോടു നോക്കിയാല്‍ ഗണേഷിനെ താനാരാണെന്ന് അറിയിക്കുമെന്നും ജോര്‍ജ് പറഞ്ഞു.
നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയത്തില്‍ സ്വഭാവദൂഷ്യം ആരോപിച്ച് മന്ത്രി കെബി ഗണേഷ് കുമാറിനെ ഒറ്റപ്പെടുത്തുന്നതില്‍ യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. നെല്ലിയാമ്പതി വിഷയത്തില്‍ സ്വകാര്യവ്യക്തികള്‍ക്ക് വേണ്ടിയാണ് പിസി ജോര്‍ജ്ജ് നിലകൊള്ളുന്നത്. നെല്ലിയാമ്പതി വിഷയം വിവാദമാക്കിയതിന് പിന്നില്‍ പി.സി.ജോര്‍ജ്ജും ബാലകൃഷ്ണപ്പിള്ളയും ആണെന്നും വി.എസ്.കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: