ന്യൂദല്‍ഹി: ഇന്ത്യയില്‍ ലഷ്ക്കര്‍-ഇ-തൊയ്ബ നടത്തിയ ഭീകരാക്രമണങ്ങളില്‍ പാക് നയതന്ത്ര വിദഗ്ദ്ധര്‍ സഹായിച്ചിട്ടുണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ അബു ജുണ്ടാലാണ് സുപ്രധാന വിവരം വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ നിരന്തരമായി പാക്കിസ്ഥാനിലെ ഉന്നത റാങ്കിലുള്ള നയതന്ത്ര ഉദ്യോഗസ്ഥര്‍ സഹായിക്കുന്നുണ്ടെന്നാണ് ജുണ്ടാലിന്റെ വെളിപ്പെടുത്തല്‍. ലഷ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പാക്കിസ്ഥാന് ഹൈക്കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥരും ഐഎസ്ഐയിലേയും ഉദ്യോഗസ്ഥരും സഹായിക്കുന്നുണ്ടെന്നും ജുണ്ടാല്‍ പറഞ്ഞു.
നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ 2005 ല്‍ പാക് ഹൈക്കമ്മീഷനിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടുപോയിരുന്നുവെന്നും പിന്നീട് 2007 ല്‍ ബംഗ്ലാദേശിലേക്കും കൊണ്ടുപോയതായും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
2007 ല്‍ പാക്കിസ്ഥാനിലെത്തിയ തന്നെ ചില ഐഎസ്ഐ ഉദ്യോഗസ്ഥരാണ് കറാച്ചി വിമാനത്താവളത്തില്‍ വന്ന് സ്വീകരിച്ചതെന്നും ജുണ്ടാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ ലഷ്ക്കര്‍ ഉള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പാക് സര്‍ക്കാരിന്റെ സഹായമുണ്ടെന്ന ഇന്ത്യയുടെ വാദം ശരിവെക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഭീകരവാദ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും വേണ്ടി ഒന്‍പത് ഇ മെയിലുകളും നാല് സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസം ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. മുംബൈ ഭീകരാക്രമണത്തിന് വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും ജുണ്ടാല്‍ പറഞ്ഞു. അന്വേഷണ ഏജന്‍സിയുടെ തെരച്ചിലില്‍ പിടികൂടാതിരിക്കുവാനാണ് ഇങ്ങനെ ചെയ്തതെന്നും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാഖിര്‍ റഹ്മാന് ലഖ്വിയുമായി കൂടുതല്‍ കാലം പ്രവര്‍ത്തിച്ചിരുന്നതായും ജുണ്ടാല്‍ മൊഴി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ പങ്കാളിയായിരുന്നുവെന്നും കറാച്ചിയിലെ കണ്ട്രോള് റൂമിലിരുന്ന് പത്ത് ഭീകരര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് താന്‍ ആയിരുന്നുവെന്നും ജുണ്ടാല്‍ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.
2008 ലെ ആക്രമണത്തിനുശേഷം പാക്കിസ്ഥാനിലും സൗദി അറേബ്യയിലും താമസിച്ചിരുന്ന ജുണ്ടാല്‍ ഇടക്ക് ബംഗ്ലാദേശിലും താമസിച്ചിട്ടുണ്ട്. 2004 ല്‍ നേപ്പാളില്‍ വെച്ചാണ് ജുണ്ടാല്‍ ഭീകരവാദത്തിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്. മുഹമ്മദ് അസ്ലം എന്ന അസ്ലം കാശ്മീരിയാണ് ജുണ്ടാലിന് ആയുധ പരിശീലനമുള്പ്പെടെയുള്ളവ നല്‍കിയത്.
സൗദി അറേബ്യയില്‍നിന്ന് ഇന്ത്യയിലേക്കുവരുന്ന വഴിയാണ് ഇക്കഴിഞ്ഞ ജൂണ്‍ 21 ന് ജുണ്ടാലിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരനായ ജുണ്ടാല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. മുംബൈ ഭീകരാക്രമണത്തിന് പാക് സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് നേരത്തെ തന്നെ ജുണ്ടാല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ആരോപണം പാക് സര്‍ക്കാര്‍ തള്ളിക്കളയുകയും സംയുക്ത അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പാക്കിസ്ഥാനിലെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ ഭീകരാക്രമണങ്ങള്‍ക്ക് സഹായം നല്കിയിട്ടുണ്ടെന്നുള്ള വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: