തൃശൂര്‍ : സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രകവര്‍ച്ചകള്‍ തടയുന്നതിന് ക്ഷേത്ര ജീവനക്കാര്‍ക്ക് വിവേചനം കൂടാതെ തൊഴിലും ജീവനും സംരക്ഷണം ഉറപ്പുവരുത്തുവാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഎംഎസ് അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ. സി.കെ.സജിനാരായണന്‍ പറഞ്ഞു. തൃശൂരില്‍ കേരള ക്ഷേത്ര കാര്‍മിക് സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ക്ഷേത്രങ്ങളിലെ വരുമാനങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് മാറ്റുമ്പോഴും ക്ഷേത്രങ്ങള്‍ക്കോ ജീവനക്കാര്‍ക്കോ വേണ്ടിയോ യാതൊന്നും നല്‍കാതിരിക്കുന്നത് സര്‍ക്കാരിന് ഭൂഷണമല്ല.
ചില മതന്യൂനപക്ഷ സ്ഥാപനങ്ങളില്‍ മത അധ്യാപകര്‍ക്കും മറ്റും ഖജനാവില്‍ നിന്നും പെന്ഷന് നല്‍കുമ്പോഴാണ് ക്ഷേത്രജീവനക്കാരെ അവഗണിക്കുന്നത്. ഇതിനെതിരെ ക്ഷേത്രജീവനക്കാര്‍ സംഘടിത ശക്തിയായി പോരാടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ക്ഷേത്ര കാര്‍മിക് സംഘ് ഉപാദ്ധ്യക്ഷന്‍ ബി.ശശിധരന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വേണാട് വാസുദേവന്‍, ക്ഷേത്രകാര്മിക് സംഘ് ജനറല്‍ സെക്രട്ടറി കെ.മോഹന്‍ദാസ്, എം.കെ.ഉണ്ണികൃഷ്ണന്, സേതു തിരുവെങ്കിടം, സി.കണ്ണന്, തൃശൂര്‍ രാമചന്ദ്രന്, ജിഎന്‍ വേണുനാഥ്, ഭാസ്കരന് തന്ത്രി, കൊല്ലം സേതുശാന്തി, സി.വേലായുധന്, കെ.എസ്. ഉണ്ണികൃഷ്ണന്, ചന്ദ്രപ്പന്, അനീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: