ദൈവകണത്തെ കണ്ടെത്താന്‍ ജെയിനെവയിലെ കണികാ പരീക്ഷണശാലയായ ‘സേണ്‍’ നടത്തിയ വിജയകരമായ പരീക്ഷണത്തിന്റെ കമ്പ്യൂട്ടര്‍ ഇമേജിന് “നാം ദര്‍ശിച്ചിരുന്ന പ്രപഞ്ചത്തിന്റെ ചിത്രം എന്നേക്കുമായി മാറുകയാണ്” എന്നൊരു തലവാചകം നല്‍കിയാണ് പരീക്ഷണ ഫലങ്ങള്‍ ‘സേണ്‍’ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യൂയര്‍ ലോകത്തെ അറിയിച്ചതിന്റെ വാര്‍ത്ത ബ്രിട്ടീഷ് പത്രമായ ‘ദ ഗാര്‍ഡിയന്‍’ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. ഇവിടെ ‘നാം’ എന്നതുകൊണ്ട് ‘ഗാര്‍ഡിയന്‍’ വിവക്ഷിക്കുന്നത് ആരെയായിരിക്കും? ‘സേണി’ല്‍ പരീക്ഷണത്തിലേര്‍പ്പെട്ട മൂവായിരത്തിലേറെ വരുന്ന ശാസ്ത്രജ്ഞര്‍ തീര്‍ച്ചയായും ഇതിലുള്‍പ്പെടും. എന്നാല്‍ ഈ പരീക്ഷണശാലയ്‌ക്ക് പുറത്ത്, കണികാ ഭൗതികത്തിന്റെ ലോകത്തെ മുന്‍പേ പറന്ന പക്ഷികളായ ആധുനിക ശാസ്ത്രജ്ഞര്‍ക്ക് അത്യന്തം ആശ്ചര്യകരമായി തോന്നുമോ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഈ കണ്ടെത്തല്‍? ഇല്ല എന്ന് വിനീതവും ധീരവുമായി ഉത്തരം പറയാം.
ക്ലാസിക്കല്‍ ഭൗതികത്തിന്റെ അവസാന പടിയും കടന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ ഒരുപക്ഷെ ‘ദൈവ കണം’ അരികിലാണെന്ന് കണ്ടെത്തിയ ‘സേണി’ന്റെ പരീക്ഷണ ഫലം അത്ഭുതപ്പെടുത്തിയേക്കാം. ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച് ക്ലാസിക്കല്‍ ഭൗതികത്തെ സൗമ്യമായി വെല്ലുവിളിച്ചുവെങ്കിലും കണികാഭൗതികത്തിലെ പ്രതിഭാസങ്ങളെ ഐന്‍സ്റ്റീന് അംഗീകരിക്കാനായില്ല. വസ്തുക്കള്‍ക്ക് കണമായും തരംഗമായും ഒരേസമയം സ്ഥിതിചെയ്യാനാവുമെന്ന ‘അനിശ്ചിതത്വസിദ്ധാന്തം’ ഐന്‍സ്റ്റീനെ പരിഭ്രാന്തനാക്കി. ‘ദൈവം പകിട കളിക്കാറില്ല’ എന്ന വിഖ്യാതമായ പ്രയോഗത്തിലൂടെയാണ് ക്വാണ്ടം ബലതന്ത്ര സിദ്ധാന്തങ്ങളെ ഐന്‍സ്റ്റീന്‍ നേരിട്ടത്. എന്നാല്‍ കണികാഭൗതികത്തിന്റെ അത്യത്ഭുതകരമായ കണ്ടെത്തലുകള്‍ക്ക് മുന്നില്‍ ഐന്‍സ്റ്റീന്‍ പില്‍ക്കാലത്ത് നിശബ്ദനായി. ജീവിച്ചിരുന്നെങ്കില്‍ ദൈവകണത്തിന്റെ ‘കണ്ടെത്തല്‍’ ഐന്‍സ്റ്റീനെ ആശ്ചര്യഭരിതനാക്കുമായിരുന്നു; അദ്ദേഹം മൗനം ഭഞ്ജിക്കുമായിരുന്നു. ‘ദൈവം പകിട കളിക്കാറുണ്ട്’ എന്ന് തിരുത്തുമായിരുന്നു.
തന്റെ ബൗദ്ധിക പുത്രന്‍ (കിലേഹലര്മഹ ടീി) എന്ന് ഐന്‍സ്റ്റീന്‍ വിശേഷിപ്പിച്ച ശാസ്ത്രജ്ഞനാണ് കണികാ ഭൗതികജ്ഞനായിരുന്ന ഡേവിഡ് ബോം. ‘ദൈവകണം’ കണ്ടെത്തിയതിന്റെ പ്രഖ്യാപനം നടക്കുമ്പോള്‍ ഹിഗ്സ് ബോസോണ്‍ എന്ന ആ കണത്തിന്റെ പിതൃത്വം ഭാരതീയനായ സത്യേന്ദ്രനാഥ ബോസിനോടൊപ്പം പങ്കിടുന്ന പീറ്റര്‍ ഹിഗ്സ് സദസ്സിലുണ്ടായിരുന്നു. പ്രഖ്യാപനം കേട്ട് ഹിഗ്സിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. തന്റെ ജീവിതകാലത്തിനുള്ളില്‍ ദൈവകണത്തെ കണ്ടെത്താന്‍ കഴിഞ്ഞതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഹിഗ്സ് അഭിനന്ദിച്ചു. എന്നാല്‍ ‘സേണി’ ലെ സെമിനാറിനെത്തിയവരില്‍ ഡേവിഡ് ബോം ഉണ്ടായിരുന്നുവെന്ന് സങ്കല്‍പ്പിക്കുക. ദൈവകണത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തോട് എന്തായിരിക്കും ബോമിന്റെ പ്രതികരണം? അദ്ദേഹത്തിന്റെ ചുണ്ടിന്റെ ഒരു കോണില്‍ നേര്‍ത്ത ഒരു ചിരി പടരുമായിരുന്നു. കാരണം ‘സേണി’ലെ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്ന കണ്ടെത്തല്‍ പരീക്ഷണശാലയ്‌ക്ക് പുറത്ത് ഡേവിഡ് ബോം വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിഞ്ഞിരുന്നു.
അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്ന ഡേവിഡ് ജോസഫ് ബോം (1917-1992) പില്‍ക്കാലത്ത് ബ്രിട്ടീഷ് പൗരത്വമെടുത്തു. ഇന്ത്യന്‍ ദാര്‍ശനികനായിരുന്ന ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായുള്ള ഗാഢമായ സൗഹൃദത്തിലൂടെ ബോം വികസിപ്പിച്ചെടുത്ത ക്വാണ്ടം വ്യാഖ്യാനം അതുവരെ കണികാ ഭൗതികജ്ഞരെ കുഴക്കിയിരുന്ന പല പ്രശ്നങ്ങള്‍ക്കും ഉത്തരമായിരുന്നു. നിരീക്ഷകനില്‍നിന്ന് വേറിട്ട് ഒരു ഭൗതിക ലോകമുണ്ടെന്ന ക്ലാസിക്കല്‍ ഭൗതികത്തിന്റെ നിലപാടിനെ ബോം കടപുഴക്കി. സ്ഥലവും കാലവും കേവലവും നിശ്ചിതവുമാണെന്ന ധാരണ കാലഹരണപ്പെട്ടു. നിരീക്ഷകനും നിരീക്ഷണവസ്തുവും അഭിന്നമാണെന്നും അത് അങ്ങനെയായിരിക്കുന്നത് കണങ്ങളുടെ കണ-തരംഗ ദ്വന്ദ സ്വഭാവംകൊണ്ടാണെന്നും ബോം സ്ഥിരീകരിച്ചു. പിണ്ഡമുള്ള (ഭാരമുള്ള) കണങ്ങളുടേയും പിണ്ഡമില്ലാത്ത ഉപ കണങ്ങളുടേയും തലങ്ങള്‍ പിന്നിടുമ്പോള്‍ എത്തിച്ചേരുന്നത് ബോധതലത്തിലാണെന്ന നിഗമനമാണ് ബോം മുന്നോട്ടുവെച്ചത്. ബോധം, മനസ്സ്, ദ്രവ്യം എന്നിവയുടെ പാരസ്പര്യം തിരിച്ചറിഞ്ഞ അദ്ദേഹം ശാസ്ത്രത്തിലൂടെ തന്നെ വേദാന്തത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ശുദ്ധവും അഖണ്ഡവുമായ ഈ ബോധം ബ്രഹ്മമാണ്. ഇതില്‍ നിന്നാണ് ബ്രഹ്മാണ്ഡം ‘ഉണ്ടാവുന്നത്’. വേദാന്ത ദര്‍ശനത്തെ പിന്‍പറ്റുന്നതായിരുന്നു ബോമിന്റെ ക്വാണ്ടം വ്യാഖ്യാനങ്ങള്‍. ഊര്‍ജ്ജതന്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ബോമിന്റെ കണികാഭൗതികത്തിലെ കണ്ടെത്തലുകള്‍ക്ക് ഒപ്പമെത്താന്‍ ‘സേണി’ലെ പരീക്ഷണങ്ങള്‍ക്ക് പ്രകാശവര്‍ഷങ്ങള്‍ വേണ്ടിവരും.
ചരിത്രരചനയിലേതുപോലെ ഒരു യൂറോ കേന്ദ്രിത വീക്ഷണം പാശ്ചാത്യ ശാസ്ത്രത്തെയും അടക്കിഭരിക്കുന്നത് കാണാം. ഇതിന്റെ നീരാളിപ്പിടുത്തം ‘സേണി’ ലെ ശാസ്ത്രജ്ഞരിലുമുണ്ട്. ഇത് ബോധപൂര്‍വമോ അല്ലാതെയോ ആവാം. ശാസ്ത്രം എന്നാല്‍ പാശ്ചാത്യശാസ്ത്രമാണെന്നും പൗരസ്ത്യമായതെല്ലാം അന്ധവിശ്വാസമാണെന്നുമുള്ള അസംബന്ധ ധാരണ കണികാ ഭൗതികത്തിലൂടെ എന്നേ തകര്‍ന്നടിഞ്ഞതാണ്. ക്ലാസിക്കല്‍ ഭൗതികത്തിലൂടെ സഞ്ചരിച്ച് അതിന്റെ പരിമിതികള്‍ തിരിച്ചറിഞ്ഞാണ് ആധുനിക ശാസ്ത്രത്തിലെ പ്രതിഭാശാലികള്‍ കണികാഭൗതികത്തിലെ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുള്ളത്. ക്ലാസിക്കല്‍ ഭൗതികത്തിന്റേയും കണികാ ഭൗതികത്തിന്റേയും സമീപനങ്ങള്‍ക്ക് മൗലികമായ ഭിന്നതകളുണ്ട്. കണികാഭൗതികത്തിന്റെ തലത്തിലെ പ്രപഞ്ചയാഥാര്‍ത്ഥ്യത്തെ ക്ലാസിക്കല്‍ ഭൗതികത്തിന്റെ ചട്ടക്കൂടനുസരിച്ച് വ്യാഖ്യാനിക്കാനുള്ള ശ്രമം നടത്തിയാല്‍ അത് വിജയിക്കാന്‍ പോകുന്നില്ല. ‘സേണി’ ലെ തുടര്‍പരീക്ഷണങ്ങളെ കാത്തിരിക്കുന്നതും ഇത്തരമൊരു മഹത്തായ പരാജയമാവാനെ വഴിയുള്ളൂ.
‘ദൈവകണം’ എന്ന ഹിഗ്സ് ബോസോണിനെ കണ്ടെത്തിയെന്നല്ല, കണ്ടെത്തിയത് അതാണെന്ന് കരുതപ്പെടുന്നു എന്നാണ് ‘സേണി’ന്റെ പ്രഖ്യാപനം. സ്ഥിരീകരണത്തിന് ഇനിയും ഒട്ടേറെ പഠന നിരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് പറയുന്നു. ഈ പഠന നിരീക്ഷണങ്ങളിലൂടെ പിണ്ഡമേതുമില്ലാത്ത ഹിഗ്സ്ബോസോണ്‍ ‘ദൈവകണ’മാണെന്ന് സ്ഥിരീകരിക്കും എന്നുതന്നെയിരിക്കട്ടെ. അപ്പോഴും പ്രപഞ്ച നിഗൂഢതയുടെ വാതിലുകള്‍ ‘സേണി’ലെ ശാസ്ത്രജ്ഞര്‍ക്ക് മുന്നില്‍ അടഞ്ഞുതന്നെ കിടക്കും. പ്രപഞ്ചത്തിന്റെ ഉത്ഭവ രഹസ്യം അവര്‍ക്ക് അജ്ഞാതമായി തുടരും. ഹിഗ്സ് ബോസോണിനുമപ്പുറം പഠന നിരീക്ഷണങ്ങള്‍ക്ക് പിടികൊടുക്കാത്ത ഒരു തലമുണ്ടായിരിക്കും. അവിടെ ‘സേണി’ലെ ശാസ്ത്രജ്ഞര്‍ക്ക് പരാജയം സമ്മതിക്കേണ്ടിവരും. പ്രപഞ്ചരഹസ്യം കണ്ടുപിടിച്ചേ തീരൂ എന്നുണ്ടെങ്കില്‍ അവര്‍ക്ക് പരീക്ഷണശാല വിട്ട് പുറത്തിറങ്ങേണ്ടിവരും.
ജെയിനെവയിലെ പരീക്ഷണങ്ങളുടെ ചരിത്രപരമായ പിതൃത്വം ഇന്ത്യക്കാണെന്ന് ‘സേണ്‍’ വക്താവ് പൗലോ ജിയുബെല്ലിനോ പറയുന്നുണ്ട്. ഈ പിതൃത്വം സത്യേന്ദ്രനാഥ ബോസില്‍ ഒതുങ്ങുന്നതോ ഒതുക്കാവുന്നതോ അല്ല. ‘സേണി’ലെ പരീക്ഷണങ്ങള്‍ ഇനിയും മുന്നോട്ടുകൊണ്ടുപോയി വസ്തുബോധത്തിന്റെ പടവുകളിറങ്ങിച്ചെന്നാല്‍ എത്തിച്ചേരുക ശൂന്യതയിലായിരിക്കും. ശുദ്ധവും അഖണ്ഡവുമായ പ്രപഞ്ചബോധത്തിന്റെ ‘ആവാസ ഭൂമി’യാണിത്. ഈ പ്രപഞ്ചബോധമാണ് ആത്യന്തിക പ്രപഞ്ച സത്ത. ഈ സത്യം സാക്ഷാത്ക്കരിച്ച ഭാരതീയ ഋഷിമാര്‍ പരമാത്മാവ്, ബ്രഹ്മം എന്നൊക്കെ അതിനെ പേരിട്ട് വിളിക്കുകയായിരുന്നു. ചുരുക്കത്തില്‍ മാക്സ് പ്ലാങ്കില്‍ തുടങ്ങി ഹൈസന്‍ ബര്‍ഗ്, നീല്‍സ്ബോര്‍, ഇര്‍വിന്‍ ഷ്രോഡിഞ്ചര്‍, ഡേവിഡ് ബോം, ഫ്രിജോഫ് കാപ്ര തുടങ്ങിയ ശാസ്ത്രജ്ഞരിലൂടെ കണികാ ഭൗതികം താണ്ടിയ ദൂരം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് മനസ്സിനെ പരീക്ഷണശാലയാക്കി നടത്തിയ ആത്മാന്വേഷണത്തിലൂടെ ഭാരതീയ ഋഷിമാര്‍ അളന്നുതീര്‍ത്തിരുന്നു. ഇത് ശരിവെക്കുന്ന കണ്ടുപിടുത്തങ്ങള്‍ നൊബേല്‍ പുരസ്ക്കാരത്തിന്റെ പരമ്പര തന്നെ സ്വന്തമാക്കിയിട്ടും തിരസ്ക്കാരത്തിന്റെ വലിയൊരു മറ വലിച്ചിട്ട് പ്രപഞ്ച സത്യത്തെ വീണ്ടും കണ്ടുപിടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നവര്‍ സ്ഥാപിത താല്‍പ്പര്യമില്ലാത്ത സത്യാന്വേഷകര്‍ തന്നെയൊ?
ഗുരുത്വാകര്‍ഷണം 1679 ല്‍ ഐസക് ന്യൂട്ടണ്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. രണ്ട് നൂറ്റാണ്ടിന് ശേഷം ഐന്‍സ്റ്റീനെപ്പോലൊരാള്‍ ഇത് വീണ്ടും കണ്ടുപിടിക്കേണ്ടതുണ്ടെന്ന് പറയുന്നതുപോലെയാണ് ഭാരതീയ ദര്‍ശനങ്ങളില്‍ മൗലികവും സൂക്ഷ്മവും മനോഹരവുമായി പ്രതിപാദിച്ചിട്ടുള്ള പ്രപഞ്ചസത്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ‘സേണി’ന്റെ പുറപ്പാട്.
‘സേണി’ ലെ കണികാ പരീക്ഷണത്തെ ‘ഗാര്‍ഡിയന്‍’ വിവരിക്കുന്ന രീതിയില്‍ പാശ്ചാത്യ ശാസ്ത്ര പക്ഷപാതം പ്രകടമാണ്. ‘സേണി’ലെ പരീക്ഷണങ്ങളുടെ ചരിത്രപരമായ പിതൃത്വം ഇന്ത്യക്കാണെന്ന് അതിന്റെ വക്താവ് തന്നെ പറയുമ്പോള്‍ ഈ പിതൃത്വം കോപ്പര്‍നിക്കസിനും ഗലീലിയോക്കുമൊക്കെ ചാര്‍ത്തിക്കൊടുക്കുകയാണ് ‘ഗാര്‍ഡിയ’ന്റെ റിപ്പോര്‍ട്ട് ചെയ്യുന്നത്. “ആധുനിക ശാസ്ത്രത്തിലെ മഹത്തായ ഉള്‍ക്കാഴ്ചകളുടെ തുടക്കം കോപ്പര്‍നിക്കസില്‍നിന്നും ഗലീലിയോയില്‍നിന്നുമാണ്. സിദ്ധാന്ത തലത്തില്‍ തുടങ്ങി ഇപ്പോള്‍ ‘പ്രത്യക്ഷമായിരിക്കുന്ന’ ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തവും വാസ്തവത്തില്‍ അവര്‍ (കോപ്പര്‍നിക്കസ്-ഗലീലിയോ) സൗരയൂഥം കണ്ടെത്തിയതിന്റെ പുനഃസൃഷ്ടി മാത്രമാണ്. മറ്റ് കണികകള്‍ക്ക് പിണ്ഡം നല്‍കുന്നതായ ഒരു കണിക നിലനില്‍ക്കുന്നതായി സങ്കല്‍പ്പിച്ച പീറ്റര്‍ ഹിഗ്സിനെയും മറ്റും ഭൗതിക ശാസ്ത്രജ്ഞരേയും പോലെയായിരുന്നു കോപ്പര്‍നിക്കസും. ഭൂമി സൂര്യനെ ചുറ്റുകയാണെന്ന് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോപ്പര്‍നിക്കസ് വാദിച്ചു. അതൊരു സിദ്ധാന്തം മാത്രമായിരുന്നു. കോപ്പര്‍നിക്കസ് ടെലിസ്ക്കോപ്പ് കയ്യിലെടുത്തില്ല. എന്നാല്‍ ഗലീലിയോ അത് ചെയ്തു. ഓരോ സിദ്ധാന്തങ്ങളേയും പരീക്ഷിച്ച ആദ്യത്തെ പ്രായോഗിക ശാസ്ത്രജ്ഞനായിരുന്നു ഗലീലിയോ”. വഴിതെറ്റിക്കുന്നതാണ് ഗാര്‍ഡിയന്റെ ഈ വിവരണം. 1964 ല്‍ പീറ്റര്‍ ഹിഗ്സ് മുന്നോട്ടുവെച്ച സിദ്ധാന്തത്തിന്റെ പ്രായോഗിക സാധുത ശരിവെക്കുകയാണ് ‘സേണി’ലെ ശാസ്ത്രജ്ഞരെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ശാസ്ത്രവിരുദ്ധമെന്നപോലെ ചരിത്രവിരുദ്ധവുമാണ്.
ഭൂമി ഒരു ഗോളമാണെന്നും അത് സൂര്യനെ ചുറ്റുകയാണെന്നും കോപ്പര്‍നിക്കസിന് പത്ത് നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഭാരതീയനായ ആര്യഭട്ടനാണ് ആദ്യമായി കണ്ടെത്തിയത്. നിരവധി ഗ്രഹങ്ങളും അവയുടെ ഭ്രമണപഥങ്ങളും ഭ്രമണത്തിന്റെ കാലദൈര്‍ഘ്യവും ഗണിത ശാസ്ത്രത്തന്റെ ഭാഷയില്‍ തര്‍ക്കശുദ്ധമായി ആര്യഭട്ടന്‍ അവതരിപ്പിക്കുകയുണ്ടായി. ഭൂമി പരന്നതും ആകാശം അതിനുമേല്‍ കമഴ്‌ത്തിവെച്ചിരിക്കുകയാണെന്നുമുള്ള ബൈബിളിലെ സൃഷ്ടിസങ്കല്‍പ്പത്തെ തിരുത്തി എന്ന ബഹുമതിയാണ് കോപ്പര്‍നിക്കസിനുള്ളത്. കോപ്പര്‍നിക്കസിന്റെ ‘കണ്ടുപിടുത്തവും’ കണികാ ഭൗതികവുമായി യാതൊരുബന്ധവും ഇല്ലാതിരുന്നിട്ടും അത്തരം ഒരു ബന്ധം ആരോപിക്കപ്പെടുകയാണ്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുടെ പിതൃത്വം ഭാരതീയ ദര്‍ശനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനുള്ള തന്ത്രമാണിത്.
“കണികാ പരീക്ഷണ വിജയത്തിന്റെ രേഖാചിത്രം അറിവിന്റെ വിപ്ലവകരമായ അതിര്‍ത്തിയെ കുറിക്കുന്നു.” എന്ന് ‘ഗാര്‍ഡിയന്‍’ നടത്തുന്ന അവകാശവാദത്തില്‍ തെളിയുന്നതും ക്ലാസിക്കല്‍ ഭൗതികത്തിന്റെ ന്യൂട്ടോണിയന്‍ ധാര്‍ഷ്ട്യമാണ്. ഇതിനും ഒരു തിരുത്ത് ആവശ്യമാണ്. കണികാ പരീക്ഷണഫലം ‘സേണി’ലെ ശാസ്ത്രജ്ഞര്‍ അറിഞ്ഞതിന്റെ അതിര്‍ത്തിയായിരിക്കാം. എന്നാല്‍ അതൊരിക്കലും യഥാര്‍ത്ഥ അറിവിന്റേതായിരിക്കില്ല.
“ആധുനിക ഭൗതികത്തിന്റെ മുന്നേറ്റത്തിനിടയില്‍ ശാസ്ത്രജ്ഞന്മാര്‍ പുതിയ ചില കാര്യങ്ങള്‍ പഠിക്കുകയുണ്ടായി. ശാസ്ത്രാന്വേഷണം പഞ്ചേന്ദ്രിയങ്ങളുടെ പരിധിയില്‍ മാത്രം ഒതുങ്ങിനില്‍ക്കില്ലെന്നും അതിന് ഭൗതികാതീതമായ കാഴ്ചപ്പാടില്ലാതെ നിലനില്‍ക്കാനാവില്ലെന്നും”- ‘പ്രപഞ്ചം ആധുനിക ഭൗതികത്തിന്റെ വെളിച്ചത്തില്‍’ എന്ന പുസ്തകം ഉപസംഹരിച്ചുകൊണ്ട് മാക്സ് പ്ലാങ്ക് കുറിച്ച ഈ വരികള്‍ ‘സേണി’ലെ ശാസ്ത്രജ്ഞരെ എന്നേ വിനീതരാക്കേണ്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: