ബംഗളുരു: കര്‍ണാടക മുഖ്യമന്ത്രി ഡി.വി.സദാനന്ദ ഗൗഡ രാജിവച്ചു. മുതിര്‍ന്ന ബിജെപി നേതാവായ ജഗദീഷ് ഷെട്ടാറിനെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ച സാഹചര്യത്തിലാണ് സദാനന്ദഗൗഡയുടെ രാജി. ദല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ക്കരിക്കാണ് സദാനന്ദ ഗൗഡ രാജിക്കത്ത് നല്‍കിയത്. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയേയും അദ്ദേഹം സന്ദര്‍ശിച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം പൂര്‍ണമനസ്സോടെ അംഗീകരിക്കുകയാണെന്നും താന്‍ എന്നും പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായിരിക്കുമെന്നും രാജി സമര്‍പ്പിച്ചതിന് ശേഷം സദാനന്ദ ഗൗഡ പറഞ്ഞു. പുതിയ മുഖ്യമന്ത്രിക്ക് തന്റെ എല്ലാ സഹകരണവുമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലും ജനങ്ങള്‍ തന്റെ പാര്‍ട്ടിയെ അനുഗ്രഹിക്കുമെന്നും ഗൗഡ പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയെന്ന നിലയില്‍ സദാനന്ദ ഗൗഡ നല്ല പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി പ്രതികരിച്ചു. അഴിമതിയുള്‍പ്പടെ ഒരു പ്രശ്നത്തിലും സദാനന്ദ ഗൗഡയ്ക്കെതിരെ ഒരു പരാതിയും ഉയര്‍ന്നിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടി താത്പര്യം കണക്കിലെടുത്ത് നല്ല പ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നും ഗഡ്കരി വ്യക്തമാക്കി. അധികാരത്തിലിരുന്ന 11 മാസക്കാലയളവില്‍ അഴിമതിയുടെ കറപുരളാതെ ഭരണം നടത്താന്‍ ഗൗഡയ്ക്ക് കഴിഞ്ഞതായും ഗഡ്കരി പറഞ്ഞു. പാര്‍ട്ടിക്ക് വേണ്ടി ഗൗഡയുടെ രാജി സ്വീകരിക്കുന്നതായും മുതിര്‍ന്ന നേതാവായ ജഗദീഷ് ഷെട്ടാറിന് മുഖ്യമന്ത്രി പദം കൈമാറാനാണ് പാര്‍ട്ടി തീരുമാനമെന്നും ബിജെപി അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചു. ഉപമുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത്തരത്തില്‍ ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് ഗഡ്കരി മറുപടി നല്കി.
ശനിയാഴ്ച ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയോഗത്തിലാണ് ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ഒദ്യോഗികമായി തീരുമാനമെടുത്തത്. ലിംഗായത്ത് സമുദായാംഗവും ഗ്രാമവികസനപഞ്ചായത്തീരാജ് മന്ത്രിയുമാണ് ജഗദീഷ് ഷെട്ടാര്‍. ഷെട്ടാറിനെ ഔദ്യോഗികമായി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്ന നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിംഗും അരുണ്‍ ജെയ്റ്റ്ലിയും ഇന്ന് ബംഗളൂരിലെത്തും.
ബുധനാഴ്ച സദാനന്ദ ഗൗഡ ഗവര്‍ണര്‍ക്ക് ഒദ്യോഗികമായി രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. ഇതിന് ശേഷം പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ ജഗദീഷ് ഷെട്ടാര്‍ അവകാശമുന്നയിക്കും. 2008 ല്‍ അധികാരത്തിലെത്തിയ ബിജെപിയുടെ ആദ്യമുഖ്യമന്ത്രിയായിരുന്ന ബി.എസ്. യദ്യൂരപ്പക്ക് അനധികൃത ഖാനനവുമായി ബന്ധപ്പെട്ട ആരോപണത്തെത്തുടര്‍ന്നാണ് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ച് സദാനന്ദ ഗൗഡ മുഖ്യമന്ത്രി പദത്തിലെത്തുകയായിരുന്നു. കര്‍ണാടക രാഷ്ട്രീയത്തിലെ സൗമ്യസ്വഭാവിയായ നേതാവെന്ന വിശേഷണത്തിന് അര്‍ഹനാണ് ഡി,വി. സദാനന്ദ ഗൗഡ. പുഞ്ചിരിക്കുന്ന മുഖത്തോടെ പ്രശ്നങ്ങളെ നേരിടുന്ന നേതാവായാണ് ഗൗഡ വിലയിരുത്തപ്പെടുന്നത്. പതിനൊന്ന് മാസം മാത്രമേ മുഖ്യമന്ത്രി പദത്തില്‍ ഇരുന്നുള്ളൂവെങ്കിലും നല്ല മുഖ്യമന്ത്രിയെന്ന പ്രതിഛായ സൃഷ്ടിക്കാന്‍ ഗൗഡയ്ക്ക് കഴിഞ്ഞു.
വീരപ്പമൊയ്ലിക്ക് ശേഷം കര്‍ണാടകയിലെ തീരദേശമേഖലയില്‍ നിന്ന് മുഖ്യമന്ത്രിക്കസേരയിലെത്തിയ രണ്ടാമത്തെ നേതാവ് കൂടിയാണ് സദാനന്ദ ഗൗഡ. ദക്ഷിണ കര്‍ണാടകത്തിലെ പുത്തൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് 1994 ലും 99 ലും അദ്ദേഹം നിയമസഭയിലെത്തി. 2004 ല്‍ മംഗലാപുരം ലോക്സഭാസീറ്റില് നിന്ന് വിജയിച്ച് പാര്‍ലമെന്റംഗമായി. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ വീരപ്പമൊയ്ലിയെ തോല്‍പ്പിച്ചായിരുന്നു ഗൗഡ പാര്‍ലമെന്റിലെത്തിയത്. 2009 ല്‍ ഉഡുപ്പി- ചിക്ക്മംഗലൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും പാര്‍ലമെന്റിലെത്തി. തുടര്‍ന്ന് മുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ പാര്‍ലമെന്റംഗത്വം രാജി വയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ഗൗഡയ്ക്ക് രാജ്യസഭാംഗത്വം നല്കാന് പാര്‍ട്ടി കേന്ദ്രനേതൃത്വം ആലോചിക്കുന്നതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: