ട്രിപ്പോളി: അറുപത് വര്‍ഷത്തിനുശേഷം ലിബിയയില്‍ ഇന്നലെ വോട്ടെടുപ്പ് ആരംഭിച്ചു. 200 അംഗ ദേശീയ അസംബ്ലിയിലേക്ക് 3700 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. മുഅമ്മര്‍ ഗദ്ദാഫിയുടെ 42 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് കഴിഞ്ഞവര്‍ഷത്തെ ജനകീയവിപ്ലവം അറുതി വരുത്തിയിരുന്നു. ദേശീയ അസംബ്ലി പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതോടെ ഇപ്പോഴത്തെ താല്‍ക്കാലിക സര്‍ക്കാര്‍ സ്ഥാനമൊഴിയും. പുതിയ ഭരണഘടനയുണ്ടാക്കുന്നതിനുള്ള സമിതിയെയും ദേശീയ അസംബ്ലി നിയോഗിക്കുമെന്നായിരുന്നു ധാരണ.
ജനാധിപത്യത്തിന്റെ തിരിച്ചുവരവിന്റെ ആഹ്ലാദത്തിലാണ് ലിബിയയിലെ 27 ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍. പുതിയ ഭരണഘടനയ്‌ക്ക് രൂപം നല്‍കി ആറുമാസത്തിനുള്ളില്‍ ഹിതപരിശോധനയ്‌ക്കുശേഷം പാര്‍ലമെന്ററി ജനാധിപത്യത്തിനായുള്ള പൂര്‍ണ തെരഞ്ഞെടുപ്പ് നടക്കും. ഇന്ദ്രിസ് രാജാവിന്റെ ഭരണത്തില്‍ 1952ല്‍ ആണ് ഇതിന് മുമ്പ് ലിബിയയില്‍ ബഹുകക്ഷി വോട്ടെടുപ്പ് നടന്നത്. 17 വര്‍ഷത്തിനുശേഷം ഗദ്ദാഫിയും കൂട്ടരും രാജാവിനെ അട്ടിമറിച്ച് ഭരണത്തിലെത്തുകയായിരുന്നു.
ഇതിനിടയില്‍ ലബിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ബെന്‍ഗാസിയിലെ ഒരു ബൂത്തില്‍ ആക്രമണമുണ്ടായി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ലിബിയയിലെ പല പ്രദേശങ്ങളിലും അക്രമം തുടരുകയാണ്. 19 ഓളം പോളിംഗ് സ്റ്റേഷനുകളിലെ 14ഓളം ബാലറ്റ് ബോക്സുകള്‍ അക്രമി സംഘം നശിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് മൂവായിരത്തോളം സുരക്ഷാ സേനയെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: