സിപിഎം രാഷ്ട്രീയം ചവിട്ടിമെതിച്ച മനുഷ്യജീവിതങ്ങളുടെ ദുരന്തകഥകള്‍ കേട്ട് വിറങ്ങലിച്ച നാടാണിപ്പോള്‍ കേരളം. ആവര്‍ത്തിച്ചുള്ള നുണകളും ഭീഷണിയുടെ ഘോഷയാത്രകളും കൊണ്ട് നേരിടാനാവാത്തവിധം ആ പാര്‍ട്ടി ഇപ്പോള്‍ കൊലപാതകങ്ങളുടെ പേരില്‍ പ്രതിക്കൂട്ടിലാണുള്ളത്. ടി.പി. ചന്ദ്രശേഖരന് വധം സിപിഎമ്മിനെ ആകെ പടിച്ചുകുലുക്കിയിരിക്കുകയാണ്. ഒരു വരി നിഷേധക്കുറിപ്പും നിയമവാഴ്ചയിലൂടെയുള്ള നീതിക്കായി കാത്തിരിക്കുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നെങ്കില്‍ തീരേണ്ട പ്രശ്നമാണ് നേതാക്കളുടെ പിടിപ്പുകേടും അഹന്തയിലൂന്നിയ സമീപനവുംകൊണ്ട് പാര്‍ട്ടിയെ നാണക്കേടിലും ആശയക്കുഴപ്പത്തിലുമാക്കിയിട്ടുള്ളത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ ആദ്യമായിട്ടാണ് നിഷ്ഠൂരമായ ഒരു രാഷ്ട്രീയ കൊലപാതകം പൊതുസമൂഹം നേരിട്ടേറ്റെടുത്ത് അവരുടെ പ്രശ്നമാക്കിയിട്ടുള്ളത്. എന്തുകൊണ്ട് ചന്ദ്രശേഖരന്‍വധം പൊതു സമൂഹത്തിന്റെ പ്രശ്നമായി മാറിയെന്നും അതിനു പിന്നിലെ രാസപരിണാമങ്ങളെന്തൊക്കെയെന്നും രാഷ്ട്രീയരംഗം സൂക്ഷ്മമായി പഠനവിധേയമാക്കേണ്ടതുണ്ട്.
ചന്ദ്രശേഖരന് വധത്തെ തുടര്‍ന്ന് സമനിലതെറ്റിയ സിപിഎം ഇതിന്റെ പേരിലുണ്ടായ വാര്ത്താവിസ്ഫോടനത്തില് ആകെ അസ്വസ്ഥരാണ്. സിപിഎം മാനിയാക്കുകളെപ്പോലെ അഴിഞ്ഞാടുന്നത് കാണുമ്പോള്‍ മാധ്യമങ്ങളാണോ ചന്ദ്രശേഖരന് വധം നടത്തിയതെന്ന് ആര്‍ക്കും തോന്നിപ്പോകും. കേരളം കണ്ട ദാരുണമായ ഈ കൊലപാതകം ജനങ്ങളെ അസ്വസ്ഥരാക്കിയപ്പോള് ആ കുറ്റത്തിന്റെ വിത്തുംപേരും തേടിയുള്ള കേരളീയരുടെ പ്രയാണത്തില്‍ മാധ്യമങ്ങള്‍ക്ക് മാറിനില്‍ക്കാനാവില്ലല്ലോ. വായനക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് ചന്ദ്രശേഖരന് വധത്തോട് ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്കുകവഴി എന്തു പാതകമാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് സിപിഎം ഇനിയും തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. ടി.പി. ചന്ദ്രശേഖരന് വധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.എമ്മും ഇത് കരിങ്കല്‍ ക്വാറിയുടെ പ്രശ്നമാണെന്ന് പ്രസ്താവിച്ച രാഷ്ട്രീയ നേതാക്കന്മാരുമൊക്കെ സത്യമാണീശ്വരന്‍ എന്ന് വിശ്വസിക്കുന്ന നാടിന്റെ നെഞ്ചിലാണ് തങ്ങളുടെ കത്തി കുത്തിയിറക്കിയിട്ടുള്ളത്.
കേരളത്തിലെ പോലീസിന്റെ ചരിത്രത്തില്‍ ഏറ്റവും നന്നായി കഴിവും നിഷ്പക്ഷതയും സത്യസന്ധതയും കൈമുതലാക്കി അന്വേഷണം നടത്തി കുറ്റവാളികളെ ചികഞ്ഞെടുത്ത കേസായി ചന്ദ്രശേഖരന് വധക്കേസ് മാറിക്കഴിഞ്ഞു. ഓരോ കാല്‍വെയ്പിലും അടിതെറ്റിയ സി.പി.എം. സ്വന്തം ജാള്യത മറച്ചുവെക്കാന്‍ ഒഞ്ചിയം കേസിന്റെ പേരില്‍ മാധ്യമങ്ങളെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യവും മനുഷ്യാവകാശങ്ങളും തകര്‍ക്കപ്പെടുക എന്നതാണ് സി.പി.എം. ബുദ്ധിശൂന്യതകൊണ്ട് ഇവിടെ സംഭവിക്കാന്‍ പോകുന്നത്.
മാധ്യമങ്ങള്‍ക്കുനേരെ ചെളിവാരിയെറിയുക എന്നുള്ളത് കേരളത്തിലെ സി.പി.എം. കുറച്ചുകാലമായി തുടര്‍ന്നുവരുന്ന രീതിയാണ്. ഇതുവഴി തങ്ങളുടെ കരങ്ങളില്‍ പേറേണ്ടിവന്ന ചെളിയേപ്പറ്റി സി.പി.എമ്മിന് യാതൊരു വേവലാതിയുമില്ല. ഇപ്പോള്‍ ചന്ദ്രശേഖരന് വധത്തെ തുടര്‍ന്ന് അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്നപോലെ മാധ്യമങ്ങളെ വേട്ടയാടാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത് ആപത്കരവും ജനാധിപത്യവിരുദ്ധവുമാണ്. കേരളത്തിലെ മുഖ്യധാരാപത്രങ്ങള്‍ സി.പി.എമ്മിനെ എതിര്‍ക്കുന്നതില്‍ എക്കാലത്തും മുന്‍പന്തിയിലായിരുന്നു എന്ന സത്യം വിസ്മരിക്കുന്നില്ല. എന്നാല്‍ ജനശക്തി സമാഹരിച്ച് അത്തരം കുതന്ത്രങ്ങളെ ചെറുത്തു തോല്‍പ്പിച്ച ചരിത്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളത്. എന്നാലിപ്പോള്‍ ജനങ്ങളെ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനാവാത്തതിനാലാകാം നിയമയുദ്ധത്തിന്റെ കാഹളമൂതി മാധ്യമങ്ങളെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കാന്‍ സി.പി.എം. ശ്രമിക്കുന്നത്.
ക്രിമിനല്‍ കേസിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ പാടില്ലെന്ന വാദവുമായി കേരള ഹൈക്കോടതിയെ സി.പി.എം. ഔദ്യോഗികമായി സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി ഈയാവശ്യവും ഒപ്പം മാധ്യമങ്ങളെ കോടതിയലക്ഷ്യ കുറ്റത്തിന് ശിക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും ഹൈക്കോടതിയില്‍ വ്യവഹാരം ബോധിപ്പിച്ചിരിക്കയാണ്. പിന്നീട് സി.പി.എമ്മുകാരായ പ്രതികളുടെ ബന്ധുക്കളും റിട്ട് ഹര്‍ജി വഴി കേസന്വേഷണ വാര്‍ത്തകള്‍ക്ക് കൂച്ചുവിലങ്ങിടാനായി ഹൈക്കോടതിയിലെത്തിയിരിക്കുകയാണ്. ഒരംഗീകൃത രാഷ്ട്രീയ പാര്‍ട്ടി ഇപ്രകാരമൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ല.
ടി.പി. ചന്ദ്രശേഖരന് കേസില്‍ സി.പി.എം. ഇരന്നുവാങ്ങിയ വിവാദങ്ങളാണിപ്പോള്‍ അവരെ കുഴക്കുന്നത്. കേസന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്കുപോകാന്‍ അനുവദിക്കുന്നതിനുപകരം പാര്‍ട്ടി കേഡറിനെ ഉപയോഗിച്ച് നിയമത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാനാണവര് ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ നിഷ്ഠൂരമായ എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നു. പക്ഷേ, അവയൊക്കെ പാര്‍ട്ടി ചട്ടക്കൂടിനപ്പുറം പൊതു സമൂഹത്തിന്റെ മനസ്സിനെ ഇത്രത്തോളം മഥിക്കുന്ന ദുരന്തങ്ങളായി മാറുകയുണ്ടായില്ല. ചന്ദ്രശേഖരന് വധം കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്നമായി അവര്‍ ഏറ്റെടുത്ത പ്രഥമകേസാണെന്ന് തോന്നുന്നു. അതിനെ ആ തലത്തില്‍ കാണാനും ആത്മപരിശോധനയ്ക്കും സ്വയം വിമര്‍ശനത്തിനും വിധേയമാക്കാനുമാണ് സി.പി.എം. ശ്രമിക്കേണ്ടത്. ശര്ക്കരക്കുടരാഷ്ട്രീയം കൈയാളുന്ന ഇന്നത്തെ സി.പി.എം. നേതൃത്വശൈലി മാറ്റുന്നില്ലെങ്കില്‍ നേതാക്കന്മാരാല് ചതിക്കപ്പെട്ട് തകര്‍ന്ന പാര്‍ട്ടിയായി ചരിത്രം ആ പാര്‍ട്ടിയെപ്പറ്റി രേഖപ്പെടുത്തിയേക്കാം.
കോടതി പരിഗണിക്കുന്ന കേസില്‍ വാര്‍ത്ത നല്കാന് പാടില്ലെന്ന സി.പി.എം. നിലപാട് പ്രാബല്യത്തില്‍ വന്നാല്‍ ഉണ്ടായേക്കാവുന്ന അപകടം ഗുരുതരമാണ്. രാജ്യം കണ്ട വന്‍ കൊള്ളകളായ ടു ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം എന്നിവ കേസന്വേഷണമധ്യേ മാധ്യമങ്ങളും പൊതുസമൂഹവും ധാരാളം ചര്‍ച്ച ചെയ്യുകയുണ്ടായി. അതുവഴി സര്‍ക്കാറിന് ജനരോഷം നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സി.പി.എം സമീപനം അംഗീകരിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമായിരുന്നോ? സി.പി.എം. അധികാരത്തിലിരിക്കെ നടന്ന ആലപ്പുഴയിലെ മുത്തൂറ്റ് കൊലപാതകക്കേസ്സില്‍ പ്രതി നല്‍കിയെന്ന് പറയപ്പെടുന്ന കുറ്റസമ്മതമൊഴിയും ‘എസ്’ കത്തിയുടെ കണ്ടെടുക്കലും സി.പി.എം. സംസ്ഥാന സെക്രട്ടറി പത്രസമ്മേളനം വഴി പൊതു സമൂഹത്തെ അറിയിക്കുകയും ആര്.എസ്.എസിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവമല്ലേ? ഇപ്പോള്‍ സി.പി.എം. നല്കിയ ഹര്‍ജിയിലെ വാദം മാനദണ്ഡമാക്കിയാല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?
സി.പി.എം. ഹൈക്കോടതിയില്‍ ഫയലാക്കിയ ഹര്‍ജിയിലും രേഖകളിലും ഒന്നു കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും ദേശാഭിമാനിയുള്‍പ്പെടെയുള്ള പത്രങ്ങള്‍ സാധാരണ പത്രപ്രവര്‍ത്തനത്തില്‍ നിത്യേന ചെയ്യുന്ന ജോലിയുടെ ഭാഗമായി കൊടുക്കുന്ന വാര്‍ത്തയില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പെരുപ്പിച്ച് കോടതി വാര്‍ത്ത നല്‍കിയതായി ആര്‍ക്കും കാണാന്‍ സാധിക്കില്ല. സി.പി.എം. ഇപ്പോള്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നതുപോലെ എഫ്.ഐ.ആര്. രേഖപ്പെടുത്തി അന്വേഷണം തുടങ്ങിയ കേസുകളെ സംബന്ധിച്ച് ഒരു വാര്‍ത്തയും നല്കാന് പാടില്ലെന്നും അത് കോടതിയുടെ പരിഗണനയിലുള്ളതാണെന്നുമുള്ള വാദം അംഗീകരിക്കപ്പെട്ടാല്‍ പത്രങ്ങള്‍ക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെടും. അങ്ങനെ വന്നാല്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതുപോലെയും ഇന്ത്യയില്‍ അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതുപോലെയും മാധ്യമങ്ങള്‍ ഔദ്യോഗികജിഹ്വകളായി മാറേണ്ടിവരും. സി.പി.എമ്മിന്റെ വാദം അംഗീകരിക്കപ്പെട്ടാല്‍ 2 ജി സ്പെക്ട്രം അഴിമതി, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം എന്നീ സംഭവങ്ങളെല്ലാം അന്വേഷണത്തിലിരിക്കുന്നതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ കേസുകള്‍ എന്ന നിലയില്‍ അവയെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കാനോ അതു സംബന്ധിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാനോ ചര്‍ച്ചകളും പ്രചാരണങ്ങളും സംഘടിപ്പിക്കാനോ കഴിയില്ല. അതെല്ലാം നിയമവിരുദ്ധമായിത്തീരും. കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ നിരപരാധികളായാണ് പരഗണിക്കപ്പെടേണ്ടതെന്ന അടിസ്ഥാന സങ്കല്പം നമ്മുടെ ക്രിമിനല്‍ നിയമത്തിന്റെ അടിത്തറയാണ്. എന്നാല്‍ അവരുടെ ശിക്ഷാവിധിക്കുമുമ്പായി അതേപ്പറ്റി വാര്‍ത്തകള്‍ കൊടുക്കുകയോ കുറ്റാരോപണത്തിന്റെ സ്വഭാവമോ വിശദാംശങ്ങളോ ജനങ്ങളിലേക്ക് എത്തിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന വിചിത്രമായ വാദഗതിയാണ് ടി.പി. രാമകൃഷ്ണന്റെ ഹരജിവഴി സി.പി.എം. ഉയര്‍ത്തിയിട്ടുള്ളത്.
കേരളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ ചന്ദ്രശേഖരന് വധത്തിലുള്‍പ്പെട്ട പ്രതികള്‍ പോലീസിനു നല്കിയ മൊഴി പരസ്യപ്പെടുത്തുകവഴി ഗുരുതരമായ കുറ്റം ചെയ്തിരിക്കുന്നു എന്നതാണ് സി.പി.എമ്മിന്റെ പ്രധാന ആക്ഷേപം. അശോകന്റെ കുറ്റസമ്മതമൊഴി വാര്‍ത്തയാക്കിയതാണ് രേഖാമൂലം അവര്‍ കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അതെ ദിവസം കൊല്ലത്തെ ഉണ്ണിത്താന് കേസില്‍ സി.ബി.ഐ മുമ്പാകെ നല്കിയ സാക്ഷിമൊഴി ദേശാഭിമാനി വാര്‍ത്തയായി നല്‍കിയിരുന്നു. എങ്കില്‍ അവരെയും കോടതിയലക്ഷ്യത്തിനു ശിക്ഷിക്കേണ്ടതല്ലേ? ചന്ദ്രശേഖരന്‍വധം സി.പി.എമ്മിനെ എത്രമേല്‍ അമ്പരപ്പിക്കുകയും പിടിച്ചുകുലുക്കുകയും അടിത്തറയിളക്കുകയും ചെയ്തിരിക്കുന്നുവെന്നതിന്റെ തെളിവുകൂടിയാണിത്. കേരളത്തില്‍ ജനസ്വാധീനം കൊണ്ട് ഒന്നാം സ്ഥാനത്ത് നില്ക്കുന്നതും എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്നതുമായ കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയാണ് സി.പി.എം. മാധ്യമ വിമര്‍ശനത്തിലോ സമീപനത്തിലോ അവര്‍ക്കെതിരെ അതിരുവിട്ട എന്തെങ്കിലുമുണ്ടായെങ്കില് അത് ജനങ്ങളെ ബോധ്യപ്പെടുത്തി തങ്ങളുടെ നിലപാട് സാധൂകരിക്കാനല്ലേ സി.പി.എം. ശ്രമിക്കേണ്ടത്? അതിന് സാധിക്കാത്തവണ്ണം ആത്മവിശ്വാസം ചോര്ന്നതുകൊണ്ടാണോ ജനങ്ങളെ സമീപിക്കാതെ കോടതിവഴി മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചത്. കോടതിയലക്ഷ്യ നിയമം വേണ്ടെന്ന് വാദിക്കുന്ന സി.പി.എം. ഇപ്പോള്‍ പ്രസ്തുത നിയമത്തിന്റെ അപ്പോസ്തലന്മാരായി മാറിയിരിക്കുന്നു. പരമാധികാരമുള്ള ജനങ്ങളാണ് അന്തിമ വാക്കെന്ന് വാവിട്ടു പറഞ്ഞവര്‍ ഇപ്പോള്‍ കോടതിയില്‍ നിന്ന് അന്തിമവിധി വാങ്ങി മുഖം രക്ഷിക്കാന്‍ കോടതി പടിക്കല്‍ കാവല്‍കിടക്കുന്നു. അല്ലയോ സി.പി.എമ്മേ നിങ്ങള്‍ക്കു പറ്റിയ പേര് അവസരവാദം എന്നതല്ലേ?
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: