തൃപ്പൂണിത്തുറ: മെട്രോറെയിലിനുവേണ്ടി വൈറ്റില -പേട്ട റോഡ് 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിലെ തര്‍ക്കങ്ങളും വിവാദങ്ങളും ഒഴിവാക്കി ഏറെ അനുയോജ്യമായ സ്ഥലത്ത് ടെര്‍മിനല്‍ സ്റ്റേഷന് പണിയാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ പദ്ധതി തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തേക്ക് നീട്ടാതെ അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ രാഷ്ട്രീയ- ഭൂമാഫിയകളുടെ ഇടപെടലെന്ന് സൂചന.
വൈറ്റില- പേട്ട ഭാഗത്ത് റോഡ് വീതികൂട്ടുന്നതിന് 26 മീറ്റര്‍ സ്ഥലം മാത്രമേ ഏറ്റെടുക്കൂവെന്ന് പ്രദേശവാസികളുടെ സമരസമിതിക്ക് ആദ്യം നല്‍കിയിരുന്ന ഉറപ്പ് പാലിക്കാതെ 30 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാനെത്തിയതും ഇതിന്റെ ഭാഗമായാണെന്ന് അരോപണമുണ്ട്.
മെട്രോറെയിലിനു വേണ്ടിയുള്ള അദ്യ അലൈന്മെന്റ് നിര്ണയസര്വ്വെയില് ആലുവയില്‍ നിന്ന് പേട്ട വഴി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന് വരെയുള്ള സ്ഥലമാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ രാഷ്ട്രീയ- ഭൂമാഫിയകള്‍ ചേര്‍ന്നുള്ള കൂട്ടുകെട്ട് ഈ അലൈന്മെന്റ് തള്ളിക്കളയുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് കരുതപ്പെടുന്നത്.
തൃപ്പൂണിത്തുറ റെയില്വേസ്റ്റേഷന് സമീപം ഒഴിഞ്ഞുകിടക്കുന്ന ഏക്കറുകണക്കിന് സ്ഥലം ഉപയോഗപ്പെടുത്തുകയും മെട്രോറെയിലിന്റെ ആദ്യഘട്ടം അവിടെവരെ എത്തിച്ച് നിര്‍ത്താന്‍ കഴിയുമായിരുന്ന സാധ്യതകളുമാണ് അധികൃതര്‍ പരിശോധിക്കാതിരുന്നത്. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമായിരുന്നു. പേട്ടയില്‍ നിന്ന് ഏകദേശം 1.5 കിലോമീറ്റര്‍ ദൂരമാണ് റെയില്‍വെ സ്റ്റേഷന് സമീപത്തേക്കുള്ളത്.
റെയില്വേസ്റ്റേഷന് സമീപം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ പക്കല്‍ 14 ഏക്കര്‍ സ്ഥലമാണുള്ളത്. 4 ഏക്കറാണ് ഉപയോഗിക്കുന്നത്. ഏക്കറുകണക്കിന് തരിശ് ഭൂമിയും ഇവിടെയുണ്ട്. ഇത് പരിഗണിക്കപ്പെട്ടിട്ടില്ല.
വൈറ്റില- പേട്ട റോഡ് പ്രശ്നം പരിഹരിക്കാന്‍ ഇന്ന് അടിയന്തരയോഗം ചേരുകയാണ്. മെട്രോ, തൃപ്പൂണിത്തുറക്ക് നീട്ടണമെന്നാവശ്യപ്പെട്ട് നഗരസഭയും റസി.അസോസിയേഷനുകളും ഇതരസംഘടനകളും നല്കിയ നിവേദനവും നിലവിലുണ്ട്. ശരിയായ തീരുമാനം ഉണ്ടാകുമൊ എന്നതാണ് പ്രശ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: