കോടിയേരി ബാലകൃഷ്ണന് സംസാരത്തില്‍ സരസനാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ സമര്‍ത്ഥനാണ്. അതുകൊണ്ടാണല്ലൊ മുതിര്‍ന്നതും മുന്തിയ(?)തുമായ നിരവധി നേതാക്കളുള്ള കേരളത്തില്‍ നിന്ന് സിപിഎം ഉന്നതവേദിയായ പിബിയില്‍ കോടിയേരിക്ക് ഇരിപ്പിടം കിട്ടിയത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് പൂര്‍ണ്ണ ചുമതല കോടിയേരിക്കായിരുന്നല്ലോ. “കേരളമാവോ” എന്ന് വിശേഷിപ്പാക്കാവുന്ന പിണറായി വിജയന് അറിയിച്ചതങ്ങനെയാണ്. ഒരു മാസത്തിലധികം കാലം കോടിയേരി അവിടെ തങ്ങി. പഴയൊരാഭ്യന്തരമന്ത്രി പഴക്കംചെന്ന പുള്ളികളെപ്പോലും കണ്ട് തെരഞ്ഞെടുപ്പിന്റെ പ്രധാന്യം ബോധ്യപ്പെടുത്തി. പള്ളികളിലോരോന്നിലും കയറിയിറങ്ങി സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിശ്വാസവും കൂറും വിശദീകരിച്ച് വിജയം ഉറപ്പാക്കാനാവശ്യമായതെല്ലാം ചെയ്തു. ജയിക്കുമെന്നുതന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രചരണയോഗങ്ങളിലെല്ലാം കോടിയേരി തന്റെ സഹൃദയത്വം പ്രദര്‍ശിപ്പിച്ചു. എതിര്‍ചേരിയിലാണെങ്കില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഔന്നത്യം അംഗീകരിച്ചു നല്കി. പിന്നെ പരിഹാസവും. ഇതിലൊന്നിതാ “രാജഗോപാല്‍ പതിവുപോലെ ഇവിടെയും സ്ഥാനര്‍ത്ഥിയായി നില്‍ക്കുന്നുണ്ട്. നിങ്ങളൊരു കാര്യം ഓര്‍ക്കണം. ഇലക്ട്രിക് പോസ്റ്റിന് വെള്ളമൊഴിച്ചിട്ട് പ്രയോജനമുണ്ടോ? അര്‍ത്ഥം മനസ്സിലായില്ലെ!
നിയമനിര്മ്മാണസഭകളിലൊന്നിലും കേരളത്തില്‍ നിന്നും ജയിച്ചുകയറാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണ്. അത് ബിജെപിയുടെ ശക്തിക്ഷയം കൊണ്ടല്ല. മറ്റുള്ളവരുടെ ദൗര്‍ബല്യം കൊണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്. ഒറ്റയ്ക്ക് നില്ക്കാന് ശക്തിയും പ്രസക്തിയുമില്ലാത്തവരുടെ കൂട്ടായ്മയില്ലെങ്കില്‍ ജയിച്ചുവെന്നാര്ത്തട്ടഹസിക്കുന്നരുടെ സ്ഥിതിയെന്താകുമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാമറിയാം. ജയിക്കുകയോ ഭരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും ഇലക്ട്രിക് പോസ്റ്റുപോലെ ഔന്നത്യമുള്ള പ്രകാശം ചൊരിയുന്ന ഒരുപാട് നേതാക്കള്‍ കേരളത്തില്‍ ബിജെപിക്കുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ സ്ഥിതിയോ?
ഒരുകാലത്ത് ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ നേതൃപദവി കമ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. മിക്കസംസ്ഥാനങ്ങളിലും ഭരണത്തിലെത്തുമെന്നും കേന്ദ്രഭരണം തന്നെ കയ്യാളുമെന്നും പ്രതീക്ഷിച്ചിരുന്നു. “ആഫ്റ്റര്‍ നെഹ്രു ഇഎംഎസ്” എന്ന മുദ്രാവാക്യം ഇന്ദ്രപ്രസ്ഥത്തിലടക്കം പ്രദര്‍ശിപ്പിച്ചതുമാണ്. ഇഎംഎസ്സ് നെഹ്റുവിന് ശേഷം പ്രധാനമന്ത്രിയാകുമെന്ന സ്വപ്നം പൂവണിഞ്ഞില്ല. അതേസമയം സിപിഎം മുഖ്യശത്രുവായി പ്രഖ്യാപിച്ച ബിജെപിയോ? മൊറാര്‍ജി മന്ത്രിസഭയില്‍ അടല്‍ബിഹാരി വാജ്പേയിയും ലാല്‍കൃഷ്ണ അദ്വാനിയും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത് കേട്ടുകൊണ്ട് ഒരുകാലത്ത് ലോകസഭയിലെ പ്രതിപക്ഷനേതാവായിരുന്ന എ.കെ.ഗോപാലന് കണ്ണടച്ചു. അടല്‍ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുകൊണ്ടുള്ള വാര്‍ത്ത കേട്ടുകൊണ്ട് ഇഎംഎസ് നമ്പൂതിപ്പാടും പരലോകം പ്രാപിച്ചു. പാര്‍ട്ടിയാകട്ടെ ഉപ്പുവച്ച നിലംപോലെ ദ്രവിച്ചു ദ്രവിച്ചു തീരുന്നു. ത്രിപുര എന്ന കേരളത്തിലെ ഒരുതാലൂക്കിന്റെ വലുപ്പം മാത്രമുള്ള സംസ്ഥാനത്ത് മാത്രമാണ് ഭരണത്തില്‍. ജയിക്കുമെന്നും ഭരിക്കുമെന്നും അഹങ്കരിച്ചിരുന്ന മഹാഭൂരിപക്ഷം പ്രദേശങ്ങളിലും ഇലക്ട്രിക് പോസ്റ്റ് പോയിട്ട് ഒരു കുടക്കമ്പിയുടെ ബലമുള്ള നേതാക്കളെ അരിച്ചുപെറുക്കിയാല്‍ പോലും കാണാനാകില്ല. പാര്‍ട്ടിയാകട്ടെ “പൊടിപോലുമില്ല കണ്ടുപിടിക്കാന്‍” എന്ന പരസ്യവാക്യംപോലെയായി. എന്നിട്ടും കോടിയേരിയെ പോലുള്ള കേരള ‘സിങ്ക’ങ്ങളുടെ വാചകമടിക്കൊരു കുറവുമില്ല. സിപിഎം ‘ഒളിപ്പിച്ചാല്‍ പട്ടാളവും കണ്ടെത്തില്ല’. എങ്ങനെയുണ്ട്? അവരങ്ങനെയാണ്. ഒളിക്കും. ഒളിപ്പിക്കും. ഒരു പടികൂടി കടന്ന് ഒളിക്യാമറയും പ്രയോഗിക്കും. ഒളിക്യാമറയില്‍ എല്ലാം പതിഞ്ഞെങ്കിലും ഒളിക്യാമറ കണ്ടുപിടിക്കാന്‍ കഴിയാത്തതുകൊണ്ടാണല്ലൊ സിപിഎമ്മിന്റെ ‘കോട്ടമുറിക്കല്‍’ ഭംഗിയായി പര്യവസാനിച്ചത്.
കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിയാന്‍ സമര്‍ത്ഥരാണ്. മുതിര്‍ന്ന നേതാക്കന്മാര്ക്കെല്ലാം ഒളിക്കഥകള്‍ ഒരുപാട് നിരത്താനുണ്ട്. അത് അന്ത കാലത്ത്. സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ജനിച്ച കോടിയേരിയെപ്പോലുള്ള സഖാക്കള്‍ക്ക് അത്തരം കഥകളൊന്നും നിരത്താനില്ല. ഒളിവില്‍ പോയതിന്റെ അനുഭവവുമില്ല. കയ്യൂരും കരിവെള്ളൂരും കാവുമ്പായിയും മോറാഴയും ഒഞ്ചിയവും പുന്നപ്ര വലയാറുമെല്ലാം കേട്ടറിഞ്ഞ പാരമ്പര്യംമാത്രം. പണ്ടത്തെ ഒളിവിലെ കഥയും ഇന്നത്തെ ഒളിവിലെ ജീവിതവും തമ്മില്‍ എന്തുബന്ധം. എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ഇ.കെ.നായനാരും ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്ക് ഒളിവിലെ ജീവിതം തന്നെ ജനകീയ സമരമായിരുന്നു. ഭിന്നാഭിപ്രായം ഉള്ളവരും ഉണ്ടാകാം. ഇന്ന് ഒളിക്കാന്‍ പോയ നേതാക്കളെ ഒറ്റികൊടുക്കുന്നതും സഖാക്കളാണെന്ന് കോടിയേരിക്കറിയാത്തതാണോ? ഇ.കെ.നായനാര്‍ കയ്യൂര്‍കേസില്‍ ഒളിവില്ക്കഴിഞ്ഞപ്പോള് ഉണ്ടായ അനുഭവം അദ്ദേഹം തന്നെ എഴതിയിട്ടുണ്ട്. “………
കയ്യൂര്‍ കേസിലെ ഒരു പ്രതി എന്ന നിലയില്‍ ഒളിവില്‍ കഴിയുന്ന കാലം. പകല്‍ ഏതെങ്കിലും സങ്കേതത്തില്‍ ഒളിച്ചിരിക്കും. രാത്രി പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ക്ലാസെടുക്കും. അതുകഴിഞ്ഞാല്‍ നാട്ടിന്‍പുറത്തെ വിജനമായ റോഡുകളിലൂടെ അടുത്ത ക്യാമ്പിലേക്കുള്ള യാത്ര. കിട്ടുന്നതെന്തോ അതു തിന്നും. ഒട്ടുമിക്കപ്പോഴും പട്ടിണിയായിരിക്കും. ഒരിക്കല്‍ തലശ്ശേരിയില്‍ നിന്നും നൂര്നാഴിക നടന്ന് കാസര്‍കോട് എത്തി. വഴിക്കുവച്ച് ഹൈഡ്രോസില്‍ പിടിപെട്ടു. അസഹനീയമായ വേദന. നടക്കാന്‍ പ്രയാസം. എന്നെ പിടിക്കാന്‍ പോലീസ് എല്ലായിടത്തും വല വീശിയിട്ടുണ്ട്. ഒരു നേരിയ അശ്രദ്ധ മതി അവരുടെ കെണിയില്‍ വീഴാന്‍. പിടിക്കപ്പെട്ടാല്‍……? മരണശിക്ഷ വിധിക്കപ്പെട്ട ഒരാള്‍ക്ക് എന്ത് ലഭിക്കുമെന്ന് ഓര്‍ത്തുനോക്കൂ” ഇന്ന് ഒളിവില്‍ കഴിയുന്ന സഖാക്കള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ അടിച്ചുവന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമത്തില്‍ ഒരു മാസത്തോളം താമസിച്ച കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ കുടിച്ചു തീര്‍ത്ത കുപ്പികള്‍ എണ്ണി തീര്‍ന്നിട്ടില്ല. കാരായി ഇരട്ടകളും കുഞ്ഞനന്തനുമൊക്കെ ചെയ്തുകൂട്ടിയതിന്റെ കഥകളും പുറത്തുവരാനിരിക്കുന്നു.
പി.കൃഷ്ണപിള്ളയാണ് കേരളത്തിലെ മാര്‍ക്സ്. അദ്ദേഹത്തിന് ഒളിജീവിതത്തിലാണ് അന്ത്യമുണ്ടായത്. പാമ്പുകടിയേറ്റ് മരിച്ചു എന്നാണ് പരക്കെ പ്രചരണം. കൃഷ്ണപിള്ള ദിനം ആചരിക്കുന്നതും അതിന്റെ പേരിലാണ്. വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതാരോ ഭക്ഷണത്തില്‍ ചേര്‍ത്ത് കൊടുത്തതാണെന്ന് കൃഷ്ണപിള്ളയുടെതന്നെ അടുത്ത ബന്ധുക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനും അവരുടേതായ ന്യായവുമുണ്ട്. വിഷയം അതല്ല. കൃഷ്ണപിള്ള ഒളിവില്‍പോയത് ഇന്ന് സഖാക്കള്‍ ഒളിവില്‍ താമസിക്കുന്നതുപോലുള്ള വിഷയവുമായി ബന്ധപ്പെട്ടല്ല. അന്ന് സഖാക്കള്‍ ഒളിച്ചാല്‍ ഏറ്റെടുക്കാന്‍ സഖാക്കള്‍ ഉണ്ടായിരുന്നു. കൃഷ്ണപിള്ള മാത്രമല്ല, വി.എസ്.അച്യുതാനന്ദനും ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒളിവിലെ ജീവിതത്തിനിടയില്‍ പിടിക്കപ്പെട്ടപ്പോഴുണ്ടായ അനുഭവം വിവരിച്ചിട്ടുണ്ട്. പൂഞ്ഞാറില്‍ നിന്നും അറസ്റ്റുചെയ്യപ്പെട്ട വി.എസിനെ പാലാ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം പ്രയോഗിച്ച മുറകള്‍ കേട്ടറിഞ്ഞവരും വായിച്ചറിഞ്ഞവരും മൂക്കിന് വിരല്‍വയ്ക്കും.
“…….എന്റെ രണ്ടുകാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ അവര്‍ പുറത്തെടുത്തു. തുടര്‍ന്ന് ലോക്കപ്പ് അഴികള്‍ക്ക് വിലങ്ങനെ രണ്ടുകാലിലും ലാത്തി വച്ചുകെട്ടി. കാല് അകത്തേക്കു വലിച്ചാല്‍ പോരാതിരിക്കാന്‍. എന്നിട്ട് ലോക്കപ്പ് പൂട്ടി. കുറച്ചുപോലീസുകാര്‍ ലോക്കപ്പിനകത്തു നിന്നു. കുറച്ചുപോലീസുകാര്‍ ലോക്കപ്പിന് പുറത്തും. ഞാനാകട്ടെ അകത്തും പുറത്തുമല്ല എന്ന അവസ്ഥയിലായിരുന്നു. കാലുകളും പാദങ്ങളും ലോക്കപ്പ് അഴികള്‍ക്ക് പുറത്തും ബാക്കി ശരീരഭാഗങ്ങള്‍ ലോക്കപ്പിനകത്തും. ലാത്തി വിലങ്ങനെ കെട്ടിയതിനാല്‍ എത്ര മര്‍ദ്ദിച്ചാലും കാല് അകത്തേക്ക് വലിക്കാനാകില്ല. അകത്തേക്ക് വലിക്കുമ്പോള്‍ കുറുകെ കെട്ടിയ ലാത്തി ലോക്ക് അഴികളില്‍ തടഞ്ഞ് തടസ്സപ്പെടുത്തും. ഈ അവസ്ഥയിലെത്തിച്ച ശേഷം വീണ്ടും ഇഎംഎസും കെ.വി.പത്രോസും എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിക്കും. അറിയില്ലെന്ന് ഞാനും. ഇതോടെ പുതിയ രീതിയിലുള്ള മര്‍ദ്ദനം തുടങ്ങും. അകത്തു നില്ക്കുന്ന പോലീസുകാര്‍ തോക്കിന്റെ പാത്തികൊണ്ട് എന്നെ ഇടിച്ചു. ഉരലിലിട്ട് നെല്ല് ഇടിക്കുംപോലെ. പുറത്തുള്ള പോലീസുകാര്‍ രണ്ടുകാല്പ്പാദങ്ങള്ക്കകത്തും ചൂരല്‍ മാറിമാറി തല്ലി.
മര്‍ദ്ദനത്തിന്റെ പാരമ്യതയില്‍ ബോധം നശിക്കുന്ന അവസ്ഥയിലെത്തി. ഉള്ളംകാലില്‍ അടിക്കുന്ന ഓരോ അടിയും തലയില്‍ മുഴങ്ങുന്ന അവസ്ഥ. വേദന ഉള്ളംകാലിന് നഷ്ടപ്പെട്ടു. ഉള്ളംകാലിലെ ഓരോ അടിയും തലച്ചോറില്‍ ഏല്ക്കുന്ന അനുഭവം. ഇതിനിടെ ഒരു പോലീസുകാരന് ബയണറ്റ് തോക്കില്‍ ഫിറ്റുചെയ്തു. ചോദ്യങ്ങളും മര്‍ദ്ദനവും തുടരുന്നതിനിടെ ബയണറ്റ് പിടിച്ച തോക്ക് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. കാല്പാദം തുളഞ്ഞ് ബയണറ്റ് അപ്പുറം കയറി….” പുന്നപ്ര വയലാറില്‍ ഒരു പോലീസ് ഓഫീസര്‍ മരണപ്പെട്ട ലഹളയുടെ പേരിലായിരുന്നു ഇത്. ഇന്ന് നടുറോഡില്‍ ഒരു മനുഷ്യനെ വെട്ടി വെട്ടി കീറിയെറിഞ്ഞതിന്റെ പേരില്‍ പിടിക്കപ്പെട്ടവര്‍ക്ക് ഇമ്മാതിരി മര്‍ദ്ദനങ്ങളൊന്നും ഏല്‍ക്കേണ്ടി വരുന്നില്ല. ഒളിവില്‍ കഴിഞ്ഞ് വെളിയില്‍ വന്ന് കോടതിയിലോ പോലീസിലോ കീഴടങ്ങുന്നു. പോലീസണ്ന് മുഖം ചുളിച്ചാല്‍ മൂന്നാംമുറയെന്ന് മുറവിളി കൂട്ടുന്നു. അന്നത്തെ സഖാക്കളും ഇന്നത്തെ സഖാക്കളും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഇത്തരം സഖാക്കളെ ഒളിപ്പിച്ച് നിര്‍ത്തിയിട്ടാണോ വര്‍ഗാധിപത്യം സൃഷ്ടിക്കുന്നത്. കഷ്ടം തന്നെ.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: