മരട്: ഇത് മരട് കുണ്ടന്നൂര്‍ സ്വദേശിയായ കരുണാകരന്. നാട്ടുകാര്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യം ഇല്ലാത്തകരുണന്. ഒരു ചാണ് വയറിന്റെ വിശപ്പകറ്റാനായി മൂന്നുപതിറ്റാണ്ടുകള്‍ക്കു മുമ്പ് എത്തിയതാണ് പനങ്ങാട്ടെ ഈ കായലോരത്ത്. അന്നുമുതല്‍ തുടങ്ങിയ താണ് ഈ സൗഹൃദം, കരുണനും, കായലും തമ്മിലുള്ള ഇഴപിരിയാത്ത ആത്മബന്ധം. ഇന്നു വയസ് എഴുപത്തിയാറ്. മുടിയും താടിയും നരച്ച് കണ്ണുകള്‍ കുഴിഞ്ഞ് രൂപം മാറി. കായലിന്റെ സ്ഥിതിയും മറിച്ചല്ലെന്ന് കരുണന് പറയും, ചില വ്യത്യാസങ്ങള്‍ മാത്രം, കൈയ്യേറ്റവും, മലിനീകരണവുമാണ് കായലിന്റെ അന്തകരായിതീര്ന്നിരിക്കുന്നത് എന്നതുമാത്രമാണത്.
കായലിന്റെ കരപറ്റി വെള്ളത്തില്‍ ഉറപ്പിച്ചിരിക്കുന്ന മരക്കുറ്റികളില്‍ വെച്ചുകെട്ടിയ ഒരു കീശയിലാണ് കരുണന് എന്ന ഈ മത്സ്യതൊഴിലാളിയുടെ ജീവിതം. അന്നന്നേക്കുള്ള വക കായല്‍ തരും എന്ന വിശ്വാസിത്തിലാണ് നാളുകള്‍ മുന്നോട്ടുപോകുന്നത്. ഇരുമ്പുകമ്പിയില്‍ കപ്പക്കൊള്ളി കുത്തി കായലിലെ വെളിയില്‍ തറച്ച് വലവീശി പരമ്പരാഗത രീതിയിലാണ് മീന്‍ പിടുത്തം. അന്നും അന്നന്നേക്കുള്ള അന്നത്തിനുവകകണ്ടെത്തുവാന് മാത്രവും.
ആരോടും പരിഭവമില്ല എന്ന പോലെതന്നെ, ആര്‍ക്കും ശല്യവുമില്ല കരുണനെക്കൊണ്ട് എന്നാല്‍ തന്റെ കുടിലിനു തീയിട്ട്, പ്രദേശത്തുനിന്നും ആട്ടിപ്പായിക്കാന്‍ ചില സാമൂഹ്യവിരുദ്ധര്‍ തുനിഞ്ഞു എന്നത് തന്റെ ക്ഷമ പരീക്ഷിച്ച സംഭവമായി കരുണന് എന്ന ഈ മത്സ്യത്തൊഴിലാളി അല്പം അമര്‍ഷത്തോടെ പറയുന്നു.
കായലിന്റെ ഇന്നത്തെ അവസ്ഥയില്‍ ഉത്കണ്ഠാകുലനാണ് ഈ വയോധികനായ മത്സ്യതൊഴിലാളി. വിഷവായുശ്വസിച്ച് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. ഒരു കാലത്ത് ആവശ്യത്തിനു മത്സ്യം കായലിലുണ്ടായിരുന്നു. കരിമീനും, ചെമ്മീനും, കക്കയും എല്ലാം സുലഭമായിരുന്നു കായലിന്റെ മടിത്തട്ടില്‍. എന്നാല്‍ ഇന്നതെല്ലാം വെറും പഴം കഥകള്‍ മാത്രമായെന്നും കരുണന് പറഞ്ഞുവെക്കുന്നു.
അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ വാഗ്ദാനങ്ങളുടെ പെരുമഴപെയ്യിക്കുന്നു. അവര്‍ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളും നിരവധിയാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സൗജന്യങ്ങളും യഥാര്‍ത്ഥ മത്സ്യതൊഴിലാളിയായ തനിക്ക് ഇന്നുവരെ ലഭിച്ചിട്ടില്ലെന്നും കായലിനെ സാക്ഷിയാക്കി കരുണന് പറയുന്നു. ഓണം വന്നാലും ഉണ്ണിപിറന്നാലും കോരന് കഞ്ഞികുമ്പിളില് തന്നെ എന്ന പഴമൊഴി പോലെ… തന്റെ രണ്ടുനേരത്തെ ആഹാരത്തിനുള്ള വകക്ക് കായല്‍ മാത്രമണാശ്രയം എന്ന് എന്നോ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുകയാണ് വയോഥികനായ ഈ മത്സ്യതൊഴിലാളി.
എം.കെ.സുരേഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: