വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ നവംബറില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്ക മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് പാത തുറന്നുകൊടുക്കുന്നത്. പാക്കിസ്ഥാന് വിദേശകാര്യമന്ത്രി ഹിന റബ്ബാനിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചകള്‍ക്കുശേഷം യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യുഎസ് ബാധ്യസ്ഥമാണെന്ന് ഹിലരി കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ നവംബറിലാണ് യുഎസ് ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികര്‍ക്ക് ആയുധങ്ങളും സാധന സാമഗ്രികളും എത്തിക്കുന്ന പാത പാക്കിസ്ഥാന് അടച്ചത്.
ഇതാദ്യമായാണ് നവംബറിലെ സംഭവത്തിന് ഏതെങ്കിലുമൊരു യുഎസ് ഉദ്യോഗസ്ഥന് ഔദ്യോഗികമായി ക്ഷമാപണം നടത്തുന്നത്. നാറ്റോ പാത തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒബാമ ഭരണകൂടവുമായി വലിയ വാദപ്രതിവാദങ്ങള്‍ പാക്കിസ്ഥാന് നടത്തിയിരുന്നു. ഇക്കാര്യത്തില്‍ യുഎസ് ക്ഷമാപണം നടത്താതെ പാത തുറക്കില്ലെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പും നല്‍കിയിരുന്നു. അമേരിക്ക രാജ്യത്ത് നടത്തുന്ന വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാക്കിസ്ഥാനിലൂടെ ആയുധങ്ങള്‍ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ അമേരിക്ക തള്ളിക്കളയുകയാണുണ്ടായത്.
പാക് സൈന്യമാണ് ആദ്യം വെടിയുതിര്‍ത്തതെന്നും സ്വയം രക്ഷക്കായാണ് യുഎസ് സൈന്യം തിരിച്ച് ആക്രമിച്ചതെന്നും യുഎസ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. പാക് സൈന്യം എവിടെയാണ് നിലയുറപ്പിച്ചിരിക്കുന്നതെന്നത് സംബന്ധിച്ച് ഇസ്ലാമാബാദ് തന്ന വിവരങ്ങള്‍ തെറ്റായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന വര്‍ഷമാണ് ഇത്. നവംബറിലെ സംഭവത്തിന് ക്ഷമാപണം നടത്തിയത് ഇതിന്റെ പേരിലാണ്. ഭീതികൊണ്ടാണ് ഇത്തരത്തില്‍ ക്ഷമാപണം നടത്തിയതെന്നും യുഎസിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. ഭീകരവാദത്തെ ഉന്മൂലനം ചെയ്യുന്നതിന് അഫ്ഗാനിസ്ഥാനുമായി കൈകോര്‍ത്തതിനെ നേരത്തെ തന്നെ ഒബാമ ഭരണകൂടത്തെ വിമര്‍ശിച്ചിരുന്നു.
ഹിലരി ക്ലിന്റന്റെ പ്രസ്താവനയോട് ഒബാമ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകശക്തിയായ യുഎസ് തങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് വേണ്ടി അവര്‍ വഴങ്ങിയെന്നാണ് പാക് വിവരാവകാശ മന്ത്രി ഖമര്‍ സമാന് ഖൈറ പ്രതികരിച്ചത്. ഇത് ഒരു സാമ്പത്തിക പ്രശ്നമല്ല. തങ്ങളുടെ പരമാധികാരത്തിന്റെ പ്രശ്മാണ് ഇത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാനില്‍ ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കില്ലെന്ന് അമേരിക്ക ഉറപ്പ് തന്നതായും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. പാക് സര്‍ക്കാരിന്റെ താല്പ്പര്യമനുസരിച്ചാണ് പാത തുറക്കുന്നതെന്നും ഏറ്റവും അടുത്തുതന്നെ ഇത് തുറന്നു നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. അതേസമയം പാക്കിസ്ഥാനിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒക്കെത്തന്നെയും ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.
നാറ്റോ പാത തുറന്നുകൊടുക്കില്ലെന്നും അഥവാ തുറന്നുകൊടുക്കുന്ന പക്ഷം സ്വയം ആത്മാഹുതി ചെയ്ത് ഭീകരവാദത്തിനെതിരെ സന്ധിയില്ലാ സമരം ആരംഭിക്കുമെന്ന് ജമാത്ത്-ഇസ്ലാമി-പാര്‍ട്ടി പ്രതികരിച്ചു. അതേസമയം, അഫ്ഗാനിലേയ്ക്കുള്ള നാറ്റോ പാത തുറന്നുകൊടുക്കാനുള്ള പാക്കിസ്ഥാന് തീരുമാനം ഭീരുത്വമാണെന്ന് തെഹ്രിക് ഇ-താലിബാന് ആരോപിച്ചു. അഫ്ഗാനിലേക്കുള്ള പാത ആക്രമിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംഘടനാ വക്താവ് ഇഹ്സാനുള്ള ഇഹ്സാന്‍ ആണ് മുന്നറിയിപ്പ് നല്‍കിയത്. പാക് സര്‍ക്കാരിന്റെ അടിമത്വ സ്വഭാവമാണ് തീരുമാനത്തിലൂടെ വ്യക്തമായത്. സലാല ചെക് പോസ്റ്റില്‍ മരിച്ച പാക് സൈനികരോടുള്ള അനാദരവ് കൂടിയാണ് ഈ തീരുമാനം. നാറ്റോയ്ക്ക് സാധനങ്ങളുമായി പോകുന്ന ഓരോ ട്രക്കും തങ്ങള്‍ ആക്രമിക്കുമെന്നും താലിബാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: