ന്യൂദല്‍ഹി: ഇന്ത്യാ – പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച ആരംഭിച്ചു.പാക് വിദേശ്യകാര്യ സെക്രട്ടറി ജലീല്‍ അബ്ബസ് ജിലാനി ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി രഞ്ജന്‍ മത്തായി എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.
പാക്കിസ്ഥാനില്‍ നിന്ന് ആസൂത്രണം ചെയ്യുന്ന ഭീകരാക്രമണത്തെക്കുറിച്ചും സുരക്ഷാകാര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും.മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഷ്കര്‍ ഭീകരന് അബു ജുണ്ടാലിന്റ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ചര്‍ച്ച. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ജുണ്ടാല്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് തള്ളിയ പാക്കിസ്ഥാന് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ജുണ്ടാലിന്റെ പാക്കിസ്ഥാനി പാസ്പ്പോര്‍ട്ടിന്റെ കോപ്പിയും പാക്കിസ്ഥാന് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഇന്ത്യ കൈമാറിയേക്കും.
സമാധാനം, സുരക്ഷ, ജമ്മുകാശ്മീര്‍ സംബന്ധിച്ച് സൗഹൃതപരമായ ആശയവിനിമയം എന്നീ മൂന്ന് കാര്യങ്ങള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക. കൂടാതെ സരബ്ജിത്ത് സിംഗിനെ അടിയന്തരമായി മോചിപ്പിക്കാനും ഇന്ത്യ ആവശ്യപ്പെടും.ജുണ്ടാലിന് പാസ്പ്പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡും നല്കിയതു സംബന്ധിച്ച് ഇന്ത്യ പാക്കിസ്ഥാനോട് വിശദീകരണം ആവശ്യപ്പെടും. പാക്കിസ്ഥാനില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ ജുണ്ടാല്‍ ഉപയോഗിച്ച പാസ്പ്പോര്‍ട്ടിന്റെ കാലാവധി 2014 വരെയാണ്. അതേസമയം കാശ്മീര്പ്രശ്നങ്ങളായിരിക്കും പാക്കിസ്ഥാന് മുന്നോട്ടുവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: