തിരുവനന്തപുരം: രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തന്റെ മത്സരത്തില്‍ പിന്തുണ തേടി പ്രണബ് മുഖര്‍ജി തിരുവനന്തപുരത്തെത്തി. രാവിലെ 11.15ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹമെത്തിയത്. വിമാനത്താവളത്തില്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി ഇ.അഹമ്മദ്, എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പ്രണബിനെ സ്വീകരിച്ചു.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടന്ന സ്വീകരണയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, വയലാര്‍ രവി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്, സിപിഎം പി.ബി.അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്, എം.എ. ബേബി തുടങ്ങിയവര്‍ സംസാരിച്ചു. പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് സിപിഎമ്മും പിന്തുണയ്ക്കുന്നുണ്ട്.
സ്വീകരണ പരിപാടിക്കുശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് പ്രണാബ് തനിക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് അറിയിച്ചു. സംസ്ഥാനങ്ങളിലെ പര്യടനം ഈ മാസം 15 ന് പൂര്‍ത്തിയാക്കും. രാഷ്ട്രീയമായി തന്നെ എതിര്‍ത്തിരുന്ന ശിവസേനയും ഫോര്‍വേഡ് ബ്ലോക്ക് തുടങ്ങിയ പാര്‍ട്ടികള്‍ തന്നെ പിന്തുണച്ച കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സി.പി.എം തനിക്ക് പിന്തുണ പ്രഖ്യാപിച്ചത് അവര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: