ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിയുടെ ജാമ്യാപേക്ഷ ആന്ധ്ര ഹൈക്കോടതി തള്ളി. ജസ്റ്റീസ് സമുദ്രലാ ഗോവിന്ദരാജുലുവാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
കഴിഞ്ഞ മാസം 27 ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാനായി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ജഗന് മോഹനെ സി.ബി.ഐ പീഡിപ്പിച്ച് തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന് ജഗന് വേണ്ടി ഹാജരായ അഭിഭാഷകന് രാം ജഠ്മലാനി കോടതിയില്‍ വാദിച്ചു.
എന്നാല്‍ ജഗന് ജാമ്യം നല്കിയാല് തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു. 43,000 കോടി രൂപയുടെ സാമ്പത്തിക തിരിമറികളാണ് ജഗന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നതെന്നും ജഗന്റെ കമ്പനികളിലെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചുകൊണ്ടിരിക്കുകയുമാണെന്ന് സി.ബി.ഐ വാദിച്ചു.
എന്നാല്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ജഗന്റെ വാദം. കേസില്‍ മെയ് 27 ന് സി.ബി.ഐ അറസ്റ്റ് ചെയ്ത ജഗന് ഇപ്പോള്‍ ചഞ്ചല്ഗുഢ ജയിലില്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: