ന്യൂദല്‍ഹി: കേരളത്തിന്റെ വികസനക്കുതിപ്പിന് ചൂളംവിളി ഉയര്‍ത്തിക്കൊണ്ട് കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പൊതുനിക്ഷേപ ബോര്‍ഡിന്റെ (പിഐബി) അനുമതി നേരത്തെ ലഭിച്ചിരുന്നു. പദ്ധതിമൂന്ന്വര്ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തില്‍ ചെന്നൈ മാതൃകയില്‍ 5,128 കോടി രൂപ ചെലവുള്ള പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ടവരെയുള്ള 25 കിലോമീറ്റര്‍ റൂട്ടിലാണ് അനുമതി. 23 സ്റ്റേഷനുകളുണ്ടാകും. ആലുവ വെസ്റ്റ്, തൃക്കാക്കര നോര്‍ത്ത്, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പള്ളി സൗത്ത്, എറണാകുളം, ഇളംകുളം, പൂണിത്തുറ വില്ലേജുകളിലൂടെയാണ് മെട്രോ റെയില്‍ കടന്നുപോവുക. മൊത്തം നിര്‍മ്മാണച്ചെലവിന്റെ 44 ശതമാനം ജപ്പാന് വായ്പ ലഭ്യമാവും. 2014 ല്‍ മാത്രമേ വിദേശവായ്പയുടെ ആവശ്യം വരൂ എന്നതിനാല്‍ കരാര്‍ ഒപ്പിടാന്‍ വൈകും. സ്ഥലമെടുപ്പിന് വായ്പ ഉപയോഗപ്പെടുത്തുവാനാകില്ല. എന്നാല്‍ കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ പദ്ധതിവിഹിതം കൊണ്ട് സ്ഥലമെടുപ്പ് പൂര്ത്തിയാക്കുവാനാകുമെന്നാണ് പ്രതീക്ഷ.
കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതല സര്‍ക്കാര്‍ ഡിഎംആര്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. മെട്രോ റെയില്നിര്മ്മാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോര്ട്ടിന്മേലുള്ള ഭേദഗതികള്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് ജനുവരിയില്‍ത്തന്നെ കൈമാറിയിരുന്നു. കോച്ചുകളുടെ എണ്ണം മൂന്നില്‍നിന്നും ആറാക്കുന്നതും പാതയുടെ വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ പദ്ധതിച്ചെലവ് വര്‍ധിക്കുന്നത് സംബന്ധിച്ച രൂപരേഖയാണ് കൊച്ചി മെട്രോ റെയില്‍ എംഡി ടോം ജോസ് നഗരവികസന മന്ത്രാലയത്തിന് കൈമാറിയിരുന്നത്. നേരത്തെ മൂന്ന് കോച്ചുകള്‍ വീതമുള്ള ട്രെയിനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഭാവിയില്‍ പ്രയോജനം കൂടി പരിഗണിച്ച് കോച്ചുകളുടെ എണ്ണം ആറാക്കാനും പാതയുടെ വീതി കൂട്ടാനുമുള്ള ഭേദഗതികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പദ്ധതിയുടെ വീതി കൂട്ടാനായി ഒരു സ്റ്റേഷന് 1.2 കോടി മുതല്‍ 1.5കോടി വരെ അധികച്ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
ആദ്യവര്‍ഷം പദ്ധതിയുടെ സിവില്‍ ജോലികളാണ് നടത്താനുള്ളത്. ഇതിന്റെ ഭാഗമായി റോഡ് മീഡിയനിലൂടെ കടന്നുപോകുന്ന കേബിളുകളും വൈദത്യുതിപോസ്റ്റുകളും ജലവിതരണ പൈപ്പുകള്‍ ഉള്‍പ്പെടെ ഭൂമിക്കടിയിലൂടെയുള്ള പൈപ്പുകളും മാറ്റിയിടാനുള്ള നടപടികള്‍ക്കും തുടക്കമായി. 2004 ല്‍ ശ്രമമാരംഭിച്ച പദ്ധതിക്ക് എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് അനുമതി ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: